രാജ്യത്ത് COVID-19 വ്യാപന സാഹചര്യത്തിൽ ഏർപ്പെടുത്തിയിരുന്ന തെർമൽ സ്ക്രീനിങ്ങ് നടപടികൾ നിലവിൽ ഏതാനം ചില ഇടങ്ങളിൽ മാത്രം നിർബന്ധമാക്കുന്ന രീതിയിലേക്ക് ചുരുക്കാൻ തീരുമാനിച്ചതായി ഖത്തർ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇത്തരം തെർമൽ സ്ക്രീനിങ്ങ് നടപടികൾ രാജ്യത്തെ മെട്രോ സ്റ്റേഷനുകൾ, എയർപോർട്ട്, കര, കടൽ അതിർത്തികവാടങ്ങൾ തുടങ്ങിയ പൊതു ഇടങ്ങളിൽ മാത്രമാക്കി ചുരുക്കിയതായും, മറ്റു പൊതുഇടങ്ങളിൽ ഇത്തരം പരിശോധന നിർബന്ധമല്ലെന്നും മന്ത്രാലയം അറിയിച്ചു.
ഒക്ടോബർ 12-ന് വൈകീട്ടാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ COVID-19 നിയന്ത്രണങ്ങൾ പടിപടിയായി ഒഴിവാക്കുന്നതിന്റെ നാലാം ഘട്ടത്തിന്റെ ഭാഗമായാണ് ഇത്തരം ഒരു തീരുമാനം.
കഴിഞ്ഞ ഏതാനം ആഴ്ച്ചകളായി ഖത്തറിൽ രേഖപ്പെടുത്തുന്ന പ്രതിദിന COVID-19 രോഗബാധിതരുടെ എണ്ണത്തിലെ കുറവും ഇത്തരം ഒരു തീരുമാനത്തിന് കാരണമായതായി മന്ത്രാലയം വെളിപ്പെടുത്തി. എന്നാൽ പൊതു ഇടങ്ങളിലേക്ക് പ്രവേശിക്കുന്നതിന് ‘Ehteraz’ ആപ്പിലെ ഗ്രീൻ സ്റ്റാറ്റസ് നിർബന്ധമാക്കിയിട്ടുള്ള തീരുമാനം തുടരുന്നതായും മന്ത്രാലയം ഇതോടൊപ്പം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.