ദുബായ്: അൽ ഖുദ്ര റോഡിൽ താത്കാലിക ഗതാഗത നിയന്ത്രണം

featured GCC News

അൽ ഖുദ്ര റോഡിൽ 2025 ജൂൺ 22, ഞായറാഴ്ച മുതൽ താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു. 2025 ജൂൺ 21-നാണ് RTA ഇക്കാര്യം അറിയിച്ചത്.

അൽ ഖുദ്ര റോഡിൽ അറേബ്യൻ റാഞ്ചസ് ഇന്റർസെക്ഷനിലാണ് ഈ ഗതാഗത നിയന്ത്രണം. 2025 ജൂൺ 22 മുതൽ അഞ്ച് മാസത്തെ കാലയളവിലേക്കാണ് ഈ പ്രദേശത്ത് ട്രാഫിക് വഴിതിരിച്ച് വിടുന്നതിന് തീരുമാനിച്ചിരിക്കുന്നത്.

മേഖലയിലെ ഒരു പാലത്തിന്റെ നിർമ്മാണപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടാണിത്. അൽ ഖുദ്ര റോഡിലെ ഇന്റർസെക്ഷനുകളിലെ ട്രാഫിക് സുഗമമാക്കുന്നത് ലക്ഷ്യമിട്ടാണ് ഈ നിർമ്മാണപ്രവർത്തനങ്ങൾ.

ഇതുമായി ബന്ധപ്പെട്ട് മേഖലയിൽ താഴെ പറയുന്ന രീതിയിലാണ് ഗതാഗത നിയന്ത്രണം നടപ്പിലാക്കുന്നത്:

  • അൽ ഖുദ്ര റോഡിന്റെയും അറേബ്യൻ റാഞ്ചസ്, ദുബായ് സ്റ്റുഡിയോ സിറ്റി എന്നിവയുടെയും ഇന്റർസെക്ഷനിലുള്ള ട്രാഫിക് സിഗ്‌നൽ ഒഴിവാക്കും.
  • ഇന്റർസെക്ഷന് പുറത്തുള്ള ഗതാഗതം ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ്, ഷെയ്ഖ് സായിദ് ബിൻ ഹംദാൻ അൽ നഹ്യാൻ സ്ട്രീറ്റ് എന്നിവയിൽ ഇരുവശത്തേക്കും പോകുന്ന രീതിയിൽ വഴിതിരിച്ച് വിടുന്നതാണ്.
  • രണ്ട് സിഗ്നൽ-ഫ്രീ യു-ടേൺ ഏർപ്പെടുത്തും.