രാജ്യത്ത് വാഹനങ്ങൾ ഉപയോഗിക്കുന്നവർക്ക് നിലവിലുള്ള ട്രാഫിക് പിഴതുകകൾ കൂടുതൽ എളുപ്പത്തിൽ അടച്ച് തീർക്കാൻ സഹായിക്കുന്നതിനായി ഖത്തർ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ആരംഭിച്ചിട്ടുള്ള പ്രത്യേക പദ്ധതിയ്ക്ക് 2021 ഡിസംബർ 18-ന് തുടക്കമായി. ഖത്തർ നാഷണൽ ഡേയുമായി ബന്ധപ്പെട്ട് ആരംഭിച്ചിട്ടുള്ള ‘ട്രാഫിക് വയലേഷൻസ് സെറ്റിൽമെന്റ് ഇനിഷ്യയേറ്റീവ്’ എന്ന ഈ പദ്ധതി 2021 ഡിസംബർ 18 മുതൽ 2022 മാർച്ച് 17 വരെ വാഹന ഉടമകൾക്ക് പ്രയോജനപ്പെടുത്താവുന്നതാണ്.
ഈ പദ്ധതിയുടെ കീഴിൽ പിഴതുകകൾ ഒടുക്കുന്നവർക്ക് എല്ലാ തരം ട്രാഫിക് നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന പിഴ തുകകളിൽ അമ്പത് ശതമാനം കിഴിവ് ലഭിക്കുന്നതാണ്. ട്രാഫിക് നിയമലംഘനങ്ങൾ നടത്തിയിട്ടുള്ളവർക്ക് നിലവിലുള്ള പിഴ തുകകൾ പുതിയ വർഷത്തിലേക്ക് കുന്നുകൂടുന്നതിന് ഇടയാക്കുന്നത് ഒഴിവാക്കുന്നതിന് ഈ പദ്ധതി സഹായകമാണ്.
ട്രാഫിക് ഉദ്യോഗസ്ഥർ, റഡാർ, ട്രാഫിക് പെട്രോൾ എന്നിവയുമായി ബന്ധപ്പെട്ട് രേഖപ്പെടുത്തിയിട്ടുള്ള എല്ലാ ട്രാഫിക് ലംഘനങ്ങൾക്കും, വാഹനങ്ങൾ പിടിച്ചെടുക്കുന്ന രീതിയിലുള്ള ലംഘനങ്ങൾക്ക് ഉൾപ്പടെ, ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നതാണ്. ഈ പദ്ധതി ഉപയോഗിച്ച് പിഴ തുക അടയ്ക്കുന്നതിനായി Metrash2 ആപ്പ് ഉപയോഗിക്കാവുന്നതാണ്.
2022 മുതൽ ട്രാഫിക് പിഴകളുമായി ബന്ധപ്പെട്ട നടപടികൾ കൂടുതൽ കർശനമാക്കുന്നതിനാൽ ഈ പദ്ധതിയുടെ പ്രയോജനം പരമാവധി ഉപയോഗപ്പെടുത്താൻ അധികൃതർ ജനങ്ങളോട് നേരത്തെ ആഹ്വാനം ചെയ്തിരുന്നു. അടുത്തവർഷം മുതൽ ട്രാഫിക് പിഴതുകകൾ അടയ്ക്കുന്നതിൽ വീഴ്ച്ച വരുത്തുന്നവർക്കെതിരെ പബ്ലിക് പ്രോസിക്യൂഷൻ തലത്തിലുള്ള നടപടികൾ ഉൾപ്പടെ ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
Cover Photo: Qatar National Day 2021. Source: QNA.