ദുബായ്: പ്രധാന റോഡുകളിലെ ട്രക്ക് ഗതാഗതത്തിനുള്ള വിലക്ക് ജൂലൈ 4 മുതൽ സാധാരണ നിലയിൽ

UAE

പ്രധാന പാതകളിലെ ട്രക്ക് ഗതാഗതത്തിനുള്ള നിയന്ത്രണങ്ങൾ ജൂലൈ 4, ശനിയാഴ്ച്ച മുതൽ സാധാരണ നിലയിലേക്ക് മടങ്ങുമെന്ന് റോഡ്സ് ട്രാൻസ്‌പോർട് അതോറിറ്റിയും (RTA) ദുബായ് പോലീസും അറിയിച്ചു. 2.5 ടൺ ഭാരമുള്ള ട്രക്കുകൾ സംബന്ധിച്ചാണ് ഈ തീരുമാനം. കൊറോണ വൈറസ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ, അവശ്യ വസ്തുക്കളുടെ ചരക്ക് നീക്കം സുഗമമാക്കുന്നതിനായി, മാർച്ച് മുതൽ ട്രക്കുകൾക്കുള്ള നിയന്ത്രണങ്ങൾ താത്‌കാലികമായി ഒഴിവാക്കിയിരുന്നു. ഇതാണ് ഇപ്പോൾ ജൂലൈ 4 മുതൽ തിരികെ ഏർപ്പെടുത്തുന്നത്.

രാവിലെ 6 മുതൽ രാത്രി 10 വരെ ഇത്തരം വാഹനങ്ങൾക്ക് അൽ ഇത്തിഹാദ്, ഷെയ്ഖ് സായിദ് റോഡുകളിൽ പ്രവേശനം അനുവദിക്കില്ല. ഇവയെ ബന്ധിപ്പിക്കുന്ന ഷെയ്ഖ് റാഷിദ് സ്ട്രീറ്റ്, ഡൗൺടൗൺ ദെയ്‌റ, റോഡുകളിലും ഈ നിയന്ത്രണങ്ങൾ ബാധകമാണ്. ദുബായിലെ മറ്റു റോഡുകളിൽ, രാവിലെ 6.30 മുതൽ രാവിലെ 8.30 വരെ, ഉച്ചയ്ക്ക് 1 മണി മുതൽ വൈകീട്ട് 3 വരെ, വൈകീട്ട് 5.30 മുതൽ രാത്രി 8 മണി വരെ എന്നിങ്ങനെയുള്ള, വാഹനത്തിരക്ക് കൂടുതലുള്ള സമയങ്ങളിൽ ഇത്തരം വാഹനങ്ങൾക്ക് വിലക്കുകൾ ഏർപ്പെടുത്തും. ബിസിനസ് ബേ ക്രോസിങ്, അൽ മക്തൂം ബ്രിഡ്ജ്, ഫ്ലോട്ടിങ് ബ്രിഡ്ജ്, എയർപോർട്ട് ടണൽ, ഷിന്ദഗ ടണൽ എന്നിവിടങ്ങളിൽ ഇത്തരം വാഹനങ്ങൾക്ക് മുഴുവൻ സമയവും നിയന്ത്രണങ്ങൾ ഏർപെടുത്തിയിട്ടുണ്ട്.

വാഹന നിയന്ത്രണങ്ങൾ സംബന്ധിച്ച അറിയിപ്പുകൾ പാലിക്കാനും, എല്ലാ ട്രാഫിക്ക് നിയമങ്ങളും കർശനമായി അനുസരിക്കാനും, ഹൈവേകളിൽ ട്രക്കുകൾക്ക് പ്രത്യേകമായുള്ള ലൈനുകൾ ഉപയോഗിക്കാനും RTA, ദുബായ് പോലീസ് എന്നിവർ ട്രക്ക് ഡ്രൈവർമാരോട് ആഹ്വാനം ചെയ്തിട്ടുണ്ട്.