ഒമാനിലെ സൊഹാർ പോർട്ടിനെ യു എ ഇ ദേശീയ റെയിൽ ശൃംഖലയുമായി ബന്ധിപ്പിക്കാനുള്ള കരാറിൽ ഒമാൻ റെയിൽ, ഇത്തിഹാദ് റെയിൽ എന്നിവർ ഒപ്പ് വെച്ചു. 2022 സെപ്റ്റംബർ 28-നാണ് അബുദാബി മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.
ഇതിനായി ഒമാൻ-ഇത്തിഹാദ് റെയിൽ കമ്പനി എന്ന തുല്യപങ്കാളിത്തമുള്ള ഒരു കമ്പനി രൂപീകരിക്കാൻ കരാറിൽ ധാരണയായിട്ടുണ്ട്. ഈ കമ്പനിയുടെ കീഴിലായിരിക്കും 3 ബില്യൺ ഡോളർ ചെലവ് പ്രതീക്ഷിക്കുന്ന ഈ പുതിയ റെയിൽ പാത നിർമ്മിക്കുന്നത്.
യു എ ഇ പ്രസിഡന്റിന്റെ ഒമാൻ സന്ദർശനത്തിന്റെ ഭാഗമായാണ് ഈ കരാറിൽ ഒപ്പ് വെച്ചിരിക്കുന്നത്. അസ്യാദ് ഗ്രൂപ്പ് (ഒമാൻ റെയിൽ ഇതിന്റെ ഭാഗമാണ്) സി ഇ ഓ എൻജിനീയർ അബ്ദുൾറഹ്മാൻ സലിം അൽ ഹാഥ്മി, ഇത്തിഹാദ് റെയിൽ സി ഇ ഓ എഞ്ചിനീയർ ഷാദി മലാക് എന്നിവരാണ് കരാറിൽ ഒപ്പ് വെച്ചത്.
സൊഹാർ പോർട്ടിനെ യു എ ഇ ദേശീയ റെയിൽ ശൃംഖലയുമായി ബന്ധിപ്പിക്കുന്ന 303 കിലോമീറ്റർ നീളമുള്ള ഈ റെയിൽ പാത ഇരുരാജ്യങ്ങൾക്കിടയിലുമുള്ള വാണിജ്യബന്ധങ്ങളെ ശക്തിപ്പെടുത്തുന്നതിനൊപ്പം ടൂറിസം, ചരക്കുഗതാഗതം മുതലായവയെ സുഗമമാക്കുന്നു. ഒമാനിലെയും, യു എ ഇയിലെയും വാണിജ്യ മേഖലകളെ പരസ്പരം ബന്ധിപ്പിക്കുന്നതിന് ഈ റെയിൽ പാത ലക്ഷ്യമിടുന്നു. തുടർച്ചയായുള്ള വിദേശനിക്ഷേപം, തൊഴിലവസരങ്ങൾ എന്നിവയും ഈ പദ്ധതിയുടെ ഭാഗമായി ലഭിക്കുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.