എമിറേറ്റ്സ് ചാന്ദ്രപര്യവേഷണ ദൗത്യത്തിന്റെ ഭാഗമായുള്ള റാഷിദ് റോവർ 2022 നവംബർ 28-ന് വിക്ഷേപിക്കുമെന്ന് മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റർ (MBRSC) അറിയിച്ചു. 2022 നവംബർ 17-നാണ് MBRSC ഇക്കാര്യം അറിയിച്ചത്.
എല്ലാ സാഹചര്യങ്ങളും അനുകൂലമാകുകയാണെങ്കിൽ, നവംബർ 28-ന് യു എ ഇ സമയം ഉച്ചയ്ക്ക് 12.46-ന് റാഷിദ് റോവർ വിക്ഷേപിക്കുമെന്നാണ് MBRSC അറിയിച്ചിരിക്കുന്നത്. കാലാവസ്ഥാ, സാങ്കേതിക സാഹചര്യങ്ങൾ എന്നിവ അനുസരിച്ച് വിക്ഷേപണ തീയതിയിലും, സമയത്തിലും മാറ്റം വരാമെന്നും MBRSC കൂട്ടിച്ചേർത്തു.
നവംബർ 28-ന് വിക്ഷേപിക്കുന്ന റാഷിദ് റോവർ 2023 ഏപ്രിലിൽ ചന്ദ്രോപരിതലത്തിലെത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ചന്ദ്രോപരിതലത്തിൽ 47.5°N, 44.4°E എന്ന സ്ഥാനത്ത് സ്ഥിതിചെയ്യുന്ന അറ്റ്ലസ് ക്രേറ്ററിലാണ് റാഷിദ് റോവർ ഇറങ്ങുന്നതെന്നും MBRSC സ്ഥിരീകരിച്ചിട്ടുണ്ട്. റാഷിദ് റോവർ ചന്ദ്രോപരിതലത്തിൽ ഇറങ്ങുന്ന പ്രൈമറി ലാൻഡിംഗ് സൈറ്റ് ലാക്കസ് സോമ്‌നിയോറം (Lacus Somniorum) എന്ന ഇടമായിരിക്കുമെന്നാണ് MBRSC നേരത്തെ അറിയിച്ചിരുന്നത്.
ജാപ്പനീസ് കമ്പനിയായ ഐസ്പേസ് നിർമ്മിച്ചിട്ടുള്ള Hakuto-R M1 എന്ന ലൂണാർ ലാൻഡറിലാണ് റാഷിദ് റോവർ ചന്ദ്രോപരിതലത്തിൽ ഇറങ്ങുന്നത്. ഫ്ലോറിഡയിലെ കേപ്പ് കാനവേറൽ സ്പേസ് സ്റ്റേഷനിൽ നിന്ന് ഒരു സ്പേസ്എക്സ് ഫാൽക്കൺ 9 റോക്കറ്റ് ഉപയോഗിച്ചാണ് റാഷിദ് റോവർ വിക്ഷേപിക്കുന്നത്.
ചന്ദ്രോപരിതലത്തിലെ മണ്ണിന്റെ ഘടന സംബന്ധിച്ച സമഗ്രമായ പഠനം ലക്ഷ്യമിട്ട് യു എ ഇ അറബ് ലോകത്തെ ആദ്യ ചാന്ദ്രപര്യവേഷണത്തിനൊരുങ്ങുന്നതായി 2020 നവംബറിൽ MBRSC അറിയിച്ചിരുന്നു. ഈ പര്യവേഷണത്തിന്റെ ഭാഗമായാണ് പൂർണ്ണമായും MBRSC-യിൽ നിർമ്മിച്ചിട്ടുള്ള റാഷിദ് റോവർ എന്ന ചെറു ചന്ദ്രയാത്ര പേടകം ചന്ദ്രോപരിതല പഠനങ്ങൾക്കായി വിക്ഷേപിക്കപ്പെടുന്നത്.
റാഷിദ് റോവറിന്റെ അവസാന ഘട്ട പരീക്ഷണം പൂർത്തിയായതായി 2022 ഒക്ടോബർ 12-ന് MBRSC അറിയിച്ചിരുന്നു.