തൊഴിൽ മേഖലയിലും, വിനോദസഞ്ചാരമേഖലയിലും ആഗോളതലത്തിലെ ഏറ്റവും മികച്ച ഇടങ്ങളിലൊന്നായി രാജ്യത്തെ മാറ്റുന്നത് ലക്ഷ്യമിട്ടുള്ള രണ്ട് പുതിയ തരം വിസകൾക്ക് യു എ ഇ ക്യാബിനറ്റ് അംഗീകാരം നൽകി. യു എ ഇ പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നേതൃത്വത്തിൽ മാർച്ച് 21, ഞായറാഴ്ച്ച ചേർന്ന ക്യാബിനറ്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്.
ഈ യോഗത്തിൽ താഴെ പറയുന്ന രണ്ട് പുതിയ തരം വിസകൾക്ക് ക്യാബിനറ്റ് അംഗീകാരം നൽകി.
റിമോട്ട് വർക്ക് വിസ
ഏതാനം വിഭാഗം ജീവനക്കാർക്ക് വിദൂര സമ്പ്രദായത്തിൽ യു എ ഇയിൽ ഇരുന്ന് കൊണ്ട് വിദേശ രാജ്യങ്ങളിലെ തൊഴിൽ ചെയ്യുന്നതിന് ഈ വിസ സഹായകമാകുന്നതാണ്. ഇത്തരത്തിൽ വിദൂര രീതിയിൽ തൊഴിലെടുക്കുന്ന സ്ഥാപനം യു എ ഇ അടിസ്ഥാനമാക്കിയുള്ളതാവണമെന്ന് നിർബന്ധമില്ല. എല്ലാ രാജ്യങ്ങളിൽ നിന്നുള്ളവർക്കും ഈ വിസ ലഭ്യമാണ്.
ഇത്തരം വിസകൾക്ക് യോഗ്യതയുള്ള ജീവനക്കാർക്ക് ആഗോളതലത്തിൽ എവിടെയുള്ള സ്ഥാപനങ്ങൾക്ക് വേണ്ടിയും യു എ ഇയിൽ താമസിച്ച് കൊണ്ട്, ഈ വിസ അനുശാസിക്കുന്ന നിയമങ്ങൾ പാലിച്ച് കൊണ്ട്, വിദൂര രീതിയിൽ തൊഴിലെടുക്കാവുന്നതാണ്. നിലവിൽ ഈ വിസ മാനദണ്ഡങ്ങൾക്കനുസരിച്ച് യോഗ്യതയുള്ള ജീവനക്കാർക്ക് ഒരു വർഷത്തെ കാലാവധിയുള്ള റിമോട്ട് വർക്ക് വിസകളാണ് അനുവദിക്കുന്നത്.
ലോകത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നുമുള്ള മികച്ച തൊഴിൽ നിപുണതയുള്ളവരെയും, വൈദഗ്ധ്യമുള്ളവരെയും യു എ യിലേക്ക് ആകർഷിക്കുന്നത് ലക്ഷ്യമിട്ടാണ് ഇത്തരം ഒരു വിസ നൽകാനുള്ള തീരുമാനം. ഇത്തരം വിസയ്ക്ക് യോഗ്യതയുള്ളവർക്ക് സ്വന്തം സ്പോൺസർഷിപ്പിൽ ഒരു വർഷത്തേക്ക് യു എ ഇയിൽ താമസിച്ച് കൊണ്ട് വിദൂര രീതിയിൽ മറ്റുരാജ്യങ്ങളിലെ തങ്ങളുടെ തൊഴിലുകൾ ചെയ്യാവുന്നതാണ്.
മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസ
ലോകത്തെ എല്ലാ രാജ്യങ്ങളിൽ നിന്നുള്ളവർക്കും ഈ വിസയ്ക്ക് അപേക്ഷിക്കാവുന്നതാണ്. ടൂറിസം മേഖലയെ പരിപോഷിപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ള ഇത്തരം വിസകൾക്ക് യോഗ്യതയുള്ളവർക്ക് അഞ്ച് വർഷത്തെ കാലാവധിയുള്ള ടൂറിസ്റ്റ് വിസകളാണ് അനുവദിക്കുന്നത്.
ഇത്തരം വിസകൾ ലഭിക്കുന്നവർക്ക് അഞ്ച് വർഷത്തെ കാലയളവിൽ സ്വന്തം സ്പോൺസർഷിപ്പിൽ ഒന്നിലധികം തവണ യു എ ഇ സന്ദർശിക്കാവുന്നതാണ്. ഈ വിസകളിലെത്തുന്നവർക്ക് ഓരോ തവണയും 90 ദിവസം വരെ യു എ ഇയിൽ തുടരാവുന്നതാണ്. ആവശ്യമെങ്കിൽ ഈ സന്ദർശനകാലാവധി 90 ദിവസത്തേക്ക് കൂടി നീട്ടുന്നതിനുള്ള സൗകര്യവും ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അഞ്ച് വർഷത്തെ കാലയളവിൽ എത്ര തവണ വേണമെങ്കിലും ഈ വിസ ഉപയോഗിച്ച് യു എ ഇയിലേക്ക് യാത്ര ചെയ്യാവുന്നതാണ്.