വ്യക്തികളുടെ സ്വകാര്യ വിവരങ്ങളുടെ ചോർച്ച തടയുന്നതിനായി ജാഗ്രത പുലർത്താൻ യുഎഇ സൈബർസെക്യൂരിറ്റി കൗൺസിൽ ആഹ്വാനം ചെയ്തു. 2026 ജനുവരി 21-നാണ് യുഎഇ സൈബർസെക്യൂരിറ്റി കൗൺസിൽ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
بصمتك الرقمية تتوسع مع كل مرة تقوم فيها بتحميل تطبيق، أو تسجيل دخولك في خدمة، أو مشاركة معلوماتك عبر الإنترنت. ويمكن أن تؤدي التطبيقات غير المستخدمة والحسابات غير النشطة إلى زيادة خطر التعرض للاحتيال الرقمي.
— Cyber Security Council (@cscgovae) January 21, 2026
10 دقائق من ضبط البصمة الرقمية تعزّز أمانك الرقمي على المدى الطويل. pic.twitter.com/LUNFh8CyEU
തട്ടിപ്പുകൾ, സ്വകാര്യ വിവരങ്ങളുടെ ചോർച്ച എന്നിവ തടയുന്നതിനായി വ്യക്തികൾ തങ്ങളുടെ ഡിജിറ്റൽ കാൽപ്പാടുകൾ പരിമിതപ്പെടുത്തണമെന്ന് യുഎഇ സൈബർസെക്യൂരിറ്റി കൗൺസിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഡിജിറ്റൽ അപകടസാധ്യതകൾ കുറയ്ക്കുന്നതിനും ഡാറ്റ സംരക്ഷിക്കുന്നതിനുമുള്ള പ്രധാന മാർഗ്ഗങ്ങളിലൊന്നാണ് ഡിജിറ്റൽ കാൽപ്പാടുകൾ കുറയ്ക്കുന്നതെന്ന് കൗൺസിൽ കൂട്ടിച്ചേർത്തു.
ഓരോ പുതിയ ആപ്പുകൾ ഡൌൺലോഡ് ചെയ്യുന്ന അവസരത്തിലും, ഓരോ ഡിജിറ്റൽ സേവനങ്ങളിലേക്ക് ലോഗിൻ ചെയ്യുന്ന അവസരത്തിലും, ഓൺലൈൻ പ്രതലങ്ങളിൽ വിവരങ്ങൾ പങ്ക് വെക്കുന്ന ഓരോ അവസരത്തിലും വ്യക്തിഗത ഡിജിറ്റൽ കാൽപ്പാടുകൾ വർദ്ധിച്ചുകൊണ്ടിരിക്കുമെന്ന് കൗൺസിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇത് വ്യക്തിവിവരങ്ങൾ ചോരുന്നതിനും, തട്ടിപ്പുകൾക്ക് ഇരയാക്കപ്പെടുന്നതിനുമുള്ള സാധ്യത വർദ്ധിപ്പിക്കുന്നതായി യുഎഇ സൈബർസെക്യൂരിറ്റി കൗൺസിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഉപയോഗിക്കാത്ത ആപ്പുകൾ, നിഷ്‌ക്രിയമായ ഓൺലൈൻ അക്കൗണ്ടുകൾ എന്നിവ ഡിജിറ്റൽ തട്ടിപ്പ്, ഫിഷിംഗ് ആക്രമണങ്ങൾ, ഐഡന്റിറ്റി മോഷണം, ഡാറ്റാ ലംഘനങ്ങൾ എന്നിവയ്ക്കുള്ള സാധ്യത ഗണ്യമായി വർദ്ധിപ്പിക്കുമെന്ന് കൗൺസിൽ വ്യക്തമാക്കിയിട്ടുണ്ട്. ഡിജിറ്റൽ കാൽപ്പാടുകൾ കുറയ്ക്കുന്നതിനായി ചെലവിടുന്ന ഓരോ ചെറിയ സമയവും ദീർഘകാല സൈബർ സുരക്ഷ ഗണ്യമായി വർദ്ധിപ്പിക്കാനും ഡിജിറ്റൽ തട്ടിപ്പുകളുമായി ബന്ധപ്പെട്ട അപകടസാധ്യതകൾ 30 ശതമാനം വരെ കുറയ്ക്കാനും സഹായിക്കുമെന്ന് കൗൺസിൽ കൂട്ടിച്ചേർത്തു.
അനാവശ്യമായ വിവരങ്ങൾ ഓൺലൈനിൽ പങ്ക് വെക്കുന്നത് ഒഴിവാക്കുന്നതിലൂടെയും, സൈബർ കുറ്റവാളികൾക്ക് ദുരുപയോഗം ചെയ്യാൻ സാഹചര്യമൊരുക്കുന്ന ഡിജിറ്റൽ പ്രവേശന കവാടങ്ങളുടെ എണ്ണം പരിമിതപ്പെടുത്തുന്നതിലൂടെയും ഡിജിറ്റൽ സുരക്ഷ കൂടുതൽ ഫലപ്രദമാക്കാവുന്നതാണ്.
വ്യക്തികളെ തങ്ങളുടെ ഡാറ്റ സംരക്ഷിക്കുന്നതിനും, ഡിജിറ്റൽ അപകടസാധ്യതകൾ കുറയ്ക്കുന്നതിനും സഹായിക്കുന്നതിനായി യുഎഇ സൈബർസെക്യൂരിറ്റി കൗൺസിൽ താഴെ പറയുന്ന മാർഗ്ഗനിർദ്ദേശങ്ങൾ പങ്ക് വെച്ചിട്ടുണ്ട്:
- അനാവശ്യമായ ആപ്ലിക്കേഷനുകൾ, ആപ്പുകൾ എന്നിവ ഡിലീറ്റ് ചെയ്യുക.
- പഴയതും, ഉപയോഗിക്കാത്തതുമായ എല്ലാ ഓൺലൈൻ അക്കൗണ്ടുകളും ഒഴിവാക്കുക.
- വിവിധ ഡിജിറ്റൽ സംവിധാനങ്ങളിലെ സ്വകാര്യതാ ക്രമീകരണങ്ങൾ അവലോകനം ചെയ്യുക.
- ഓൺലൈൻ പ്രതലങ്ങളിൽ വിവരങ്ങൾ പങ്ക് വെക്കുന്നതിന് മുൻപായി ശ്രദ്ധാപൂർവ്വം ചിന്തിക്കേണ്ടതാണ്.
- ആപ്പുകൾ, ആപ്ലിക്കേഷനുകൾ എന്നിവയ്ക്ക് നൽകുന്ന അനുമതികൾ പരിശോധിച്ച് ഉറപ്പ് വരുത്തേണ്ടതും, തീർത്തും ആവശ്യമായ അനുമതികൾ മാത്രമാണ് ഇവയ്ക്ക് നൽകുന്നതെന്ന് ഉറപ്പാക്കേണ്ടതുമാണ്.
Cover Image: Pixabay.

