സുസ്ഥിര വികസനം, പൊതുവായുള്ള താത്പര്യങ്ങൾ എന്നിവയിലൂന്നിയുള്ള ഉഭയകക്ഷി ബന്ധത്തിന്റെ മാതൃകയാണ് ഇന്ത്യയും യു എ ഇയും തമ്മിലുള്ള സമഗ്ര പങ്കാളിത്തമെന്ന് യു എ ഇ വിദേശ വാണിജ്യ സഹമന്ത്രി ഡോ. താനി ബിൻ അഹ്മദ് അൽ സെയൂദി അഭിപ്രായപ്പെട്ടു. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
അദ്ദേഹം ഇന്ത്യയും യു എ ഇയും തമ്മിലുള്ള സമഗ്ര പങ്കാളിത്തത്തെ പ്രശംസിച്ചു. ഇന്ത്യ – യു എ ഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (CEPA) ഉൾപ്പടെ വിവിധ മേഖലകളിൽ വ്യാപിച്ച് കിടക്കുന്ന ഈ സമഗ്ര പങ്കാളിത്തം ഇരുരാജ്യങ്ങളിലെയും നേതൃത്വങ്ങളുടെ അളവില്ലാത്ത പിന്തുണയിലാണ് സാധ്യമാകുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ യു എ ഇ സന്ദർശനത്തിന്റെ വേളയിൽ എമിറേറ്റ്സ് ന്യൂസ് ഏജൻസിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. യു എ ഇയും ഇന്ത്യയും തമ്മിൽ 2022 ഫെബ്രുവരി 18-ന് ഒപ്പ് വെച്ച CEPA-യുടെ രണ്ടാം വാർഷികവേളയിൽ നടക്കുന്ന ഇന്ത്യൻ പ്രധാനമന്ത്രിയുടെ യു എ ഇ സന്ദർശനം ഏറെ പ്രാധാന്യമുള്ളതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
CEPA നിലവിൽ വന്ന ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള വാണിജ്യ, നിക്ഷേപ നിരക്കുകളിൽ വലിയ വളർച്ചയുണ്ടായതായും, ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം, പങ്കാളിത്തം എന്നിവ പുതിയ തലങ്ങളിലേക്ക് കൊണ്ട് പോകുന്നതിൽ ഈ കരാർ വലിയ പങ്ക് വഹിച്ചതായും അദ്ദേഹം വ്യക്തമാക്കി. 2022-ലെ കണക്കുകൾ പ്രകാരം ആഗോളതലത്തിൽ തന്നെ യു എ ഇയുടെ ഏറ്റവും വലിയ രണ്ടാമത്തെ വ്യാപാര പങ്കാളിയാണ് ഇന്ത്യയെന്ന് അദ്ദേഹം അറിയിച്ചു.
ഇരുരാജ്യങ്ങളും തമ്മിലുള്ള എണ്ണ-ഇതര വ്യാപാരം 51.4 ബില്യൺ യു എസ് ഡോളർ രേഖപ്പെടുത്തിയതായും, ഇത് 2021-മായി താരതമ്യം ചെയ്യുമ്പോൾ 15 ശതമാനത്തിന്റെ വളർച്ചയാണെന്നും അദ്ദേഹം വ്യക്തമാക്കി. 2019-മായി താരതമ്യം ചെയ്യുമ്പോൾ 24 ശതമാനം വളർച്ചയാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
WAM