ഇന്ത്യൻ പ്രധാനമന്ത്രി യു എ ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി; കൂടുതൽ മേഖലകളിൽ സഹകരണം ശക്തമാക്കാൻ ധാരണ

featured GCC News

ഔദ്യോഗിക സന്ദർശനത്തിനായി യു എ എയിലെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുമായി യു എ ഇ പ്രസിഡൻ്റ് H.E. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ കൂടിക്കാഴ്ച നടത്തി.

2024 ഫെബ്രുവരി 13-നാണ് വേൾഡ് ഗവണ്മെന്റ് സമ്മിറ്റ് 2024-ൽ പങ്കെടുക്കുന്നതിനായി ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അബുദാബിയിലെത്തിയത്. ശ്രീ. നരേന്ദ്ര മോദിയെ യു എ ഇ പ്രസിഡണ്ട് വിമാനത്താവളത്തിലെത്തി സ്വാഗതം ചെയ്തിരുന്നു.

ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാന മേഖലകളിലും, സാമ്പത്തിക മേഖലകളിലുമുള്ള ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ വിവിധ വശങ്ങൾ ഇരുവരും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു. സാമ്പത്തികം, നിക്ഷേപം, വികസനം, ഭക്ഷ്യസുരക്ഷ, പുനരുപയോഗിക്കാവുന്ന ഊർജ്ജം മുതലായ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണത്തെക്കുറിച്ച് ഇരുവരും വിശകലനം ചെയ്തു.

ഈ കൂടിക്കാഴ്ചയുടെ ഭാഗമായി, കൂടുതൽ മേഖലകളിൽ സഹകരണം ശക്തമാക്കുന്നതിനുള്ള കരാറുകളിൽ ഇരു രാജ്യങ്ങളും തമ്മിൽ ഒപ്പ് വെച്ചിട്ടുണ്ട്. നിക്ഷേപം, വ്യാപാരം, ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ പദ്ധതികൾ, ഇലക്ട്രിക്കൽ കണക്ടിവിറ്റി, മാരിടൈം ട്രാൻസ്‌പോർട്, തുറുമുഖ വികസനം, റെയിൽവേ തുടങ്ങിയ വിവിധ മേഖലകളിൽ കൂടുതൽ സഹകരണം ഉറപ്പാക്കുന്നതിനുള്ള കരാറുകളിലാണ് ഇരു രാജ്യങ്ങളും ഏർപ്പെട്ടിരിക്കുന്നത്.

ഇതിന് പുറമെ രാജ്യങ്ങൾക്കിടയിൽ തൽക്ഷണമുള്ള പണമിടപാടുകൾ സാധ്യമാക്കുന്നതിനായി പേയ്മെന്റ് സംവിധാനങ്ങളെ കോർത്തിണക്കുന്നതിനുള്ള ക്രോസ്-ബോർഡർ റെമിറ്റൻസ് നെറ്റ്‌വർക്ക് കണക്ടിവിറ്റി, ഇന്ത്യ, മിഡിൽ ഈസ്റ്റ്, യൂറോപ്പ് സാമ്പത്തിക ഇടനാഴി യാഥാർഥ്യമാക്കുന്നതിനുള്ള ചട്ടക്കൂട് സംബന്ധിച്ച ധാരണ തുടങ്ങിയവയും ഈ കൂടിക്കാഴ്ചയുടെ ഭാഗമായി ഉടലെടുത്തിട്ടുണ്ട്.

Source: WAM.

ഇതുമായി ബന്ധപ്പെട്ട ധാരണാപത്രങ്ങളും, കരാറുകളിലും യു എ യെ പ്രതിനിധീകരിച്ച് അന്താരാഷ്ട്ര സഹകരണ വകുപ്പ് മന്ത്രി റീം ബിൻത് ഇബ്രാഹിം അൽ ഹാഷിമി, ഇന്ത്യയെ പ്രതിനിധീകരിച്ച് ഫോറിൻ സെക്രട്ടറി H.E. വിനയ് മോഹൻ ക്വത്ര എന്നിവരാണ് ഒപ്പ് വെച്ചത്.

യു എ ഇ വൈസ് പ്രസിഡന്റ് H.H. ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ, അബുദാബി ഡെപ്യൂട്ടി ഭരണാധികാരിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ H.H. ഷെയ്ഖ് തഹ്നൗൻ ബിൻ സായിദ് അൽ നഹ്യാൻ, ഡെപ്യൂട്ടി പ്രധാനമന്ത്രിയും, ആഭ്യന്തര മന്ത്രിയുമായ H.H. ലെഫ്റ്റനന്റ് ജനറൽ ഷെയ്ഖ് സൈഫ് ബിൻ സായിദ് അൽ നഹ്യാൻ, ഇന്ത്യയിലെ യു എ ഇ അംബാസഡർ ഡോ. അബ്ദുൽ നാസർ അൽ ശാലി, മറ്റു മറ്റു മന്ത്രിമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ ഈ കൂടിക്കാഴ്ചയിൽ പങ്കെടുത്തു. ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. സുബ്രമണ്യം ജയശങ്കർ, ഇന്ത്യൻ സംഘത്തിലെ മറ്റു ഉയർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവരും ഈ കൂടിക്കാഴ്ചയിൽ പങ്കെടുത്തിരുന്നു.