യു എ ഇ അമ്പതാം വാർഷികാഘോഷം: പ്രത്യേക 50 ദിർഹം ബാങ്ക് നോട്ട് പുറത്തിറക്കി

featured GCC News

യു എ ഇയുടെ അമ്പതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി പുതിയ 50 ദിർഹത്തിന്റെ ബാങ്ക് നോട്ട് പുറത്തിറക്കി. ഡിസംബർ 7, ചൊവ്വാഴ്ച്ച യു എ ഇ ഭരണാധികാരികളുടെയും, കിരീടാവകാശികളുടെയും സാന്നിധ്യത്തിൽ നടന്ന പ്രത്യേക ചടങ്ങിലാണ് ഈ പുതിയ ബാങ്ക് നോട്ട് പ്രകാശനം ചെയ്തത്.

വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം; അബുദാബി കിരീടാവകാശിയും യു എ ഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, സുപ്രീം കൗൺസിൽ അംഗവും ഫുജൈറ ഭരണാധികാരിയുമായ H.H. ഷെയ്ഖ് ഹമദ് ബിൻ മുഹമ്മദ് അൽ ഷർഖി, സുപ്രീം കൗൺസിൽ അംഗവും ഉമ്മുൽ ഖൈവൈൻ ഭരണാധികാരിയുമായ H.H. ഷെയ്ഖ് സൗദ് ബിൻ റാഷിദ് അൽ മുഅല്ല, സുപ്രീം കൗൺസിൽ അംഗവും റാസൽഖൈമ ഭരണാധികാരിയുമായ H.H. ഷെയ്ഖ് സൗദ് ബിൻ സഖർ അൽ ഖാസിമി, ഷാർജ കിരീടാവകാശിയും, ഉപ ഭരണാധികാരിയുമായ H.H. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമി, അജ്മാൻ കിരീടാവകാശി H.H. ഷെയ്ഖ് അമ്മാർ ബിൻ ഹുമൈദ് അൽ നുഐമി തുടങ്ങിയവർ ഈ ചടങ്ങിൽ പങ്കെടുത്തു.

Source: Dubai Media Office.

അമ്പത് ദിർഹം കറൻസി നോട്ടിന്റെ മൂന്നാം പതിപ്പാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്. പോളിമർ മെറ്റീരിയൽ ഉപയോഗിച്ച് നിർമ്മിച്ചിട്ടുള്ള ഈ ബാങ്ക് നോട്ട് യു എ ഇയിൽ വിതരണം ചെയ്യുന്ന ഇത്തരത്തിലെ ആദ്യത്തെ ബാങ്ക് നോട്ടാണ്.

സ്ഥാപക പിതാവായ പരേതനായ ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ, എമിറേറ്റ്‌സിന്റെ ആദ്യ തലമുറ ഭരണാധികാരികൾ എന്നിവരോടും, രാജ്യത്തെ ഒന്നിപ്പിക്കുന്നതിൽ ഇവരുടെ സമർപ്പണത്തിന്റെയും ചരിത്രപരമായ പങ്കിനോടുമുള്ള ബഹുമാനാർത്ഥമാണ് ഈ പുതിയ പതിപ്പ് ബാങ്ക് നോട്ട് പുറത്തിറക്കിയിരിക്കുന്നതെന്ന് സെൻട്രൽ ബാങ്ക് ഓഫ് യു എ ഇ ഡയറക്ടർ ബോർഡ് ചെയർമാനും, ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കാര്യ മന്ത്രിയുമായ H.H. ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ ഈ ചടങ്ങിൽ പങ്കെടുത്ത് കൊണ്ട് അഭിപ്രയാപ്പെട്ടു.

Source: Dubai Media Office.

“രാജ്യം പ്രവേശിക്കാനിരിക്കുന്ന പുതിയ ഘട്ടവും അതിന്റെ വളർച്ചയുടെ പാത തുടരാനുള്ള പുതുക്കിയ പ്രതിജ്ഞയും ഈ ബാങ്ക് നോട്ടിന്റെ പുതിയ പതിപ്പിൽ ഞങ്ങൾ കാണുന്നു. രാജ്യത്തിന്റെ അൻപതാം വാർഷികം ആഘോഷിക്കുന്നതിനായി ഒരു പുതിയ ബാങ്ക് നോട്ട് പുറത്തിറക്കിക്കൊണ്ട് ഞങ്ങളുടെ സ്ഥാപക പിതാക്കന്മാരോട് ഞങ്ങളുടെ അഭിനന്ദനവും നന്ദിയും പ്രകടിപ്പിക്കാൻ ഈ അവസരം ഞങ്ങൾ ഉപയോഗിക്കുന്നു.”, അദ്ദേഹം കൂട്ടിച്ചേർത്തു.

3rd Edition of 50AED currency note. Front Side. Source: Dubai Media Office.

ഈ പുതിയ അമ്പത് ദിർഹം നോട്ടിന്റെ മുൻഭാഗത്ത് വലതുവശത്തായി അന്തരിച്ച ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ ഛായാചിത്രവും, മധ്യഭാഗത്ത് യൂണിയൻ രേഖയിൽ ഒപ്പ് വെച്ച ശേഷമുള്ള സ്ഥാപക പിതാക്കന്മാരുടെ സ്മാരക ചിത്രവും, ഇടതുവശത്ത് എമിറേറ്റ്സിലെ രക്തസാക്ഷികളുടെ സ്മാരകമായ വഹാത് അൽ കരാമയുടെ ചിത്രവും ഉൾപ്പെടുത്തിയിട്ടുണ്ട്.

3rd Edition of 50AED currency note. Source: Dubai Media Office.

നോട്ടിന്റെ മറുവശത്ത് അന്തരിച്ച ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ യൂണിയൻ കരാറിൽ ഒപ്പുവെക്കുന്ന ചിത്രവും, യൂണിയൻ സ്ഥാപിക്കുന്നതിനും ആദ്യമായി യുഎഇ പതാക ഉയർത്തുന്നതിനും സാക്ഷ്യം വഹിച്ച എത്തിഹാദ് മ്യൂസിയത്തിന്റെ ചിത്രവും ഉൾപ്പെടുത്തിയിരിക്കുന്നു.

സുസ്ഥിരതാ നയത്തിന്റെ ഭാഗമായി സെൻട്രൽ ബാങ്ക് ഓഫ് യു എ ഇ ഈ ബാങ്ക് നോട്ട് പോളിമർ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. പരമ്പരാഗത കോട്ടൺ പേപ്പർ നോട്ടുകളേക്കാൾ കൂടുതൽ ഈട് നിൽക്കുന്നതും, സുസ്ഥിരവുമാണ് പോളിമർ ബാങ്ക് നോട്ടുകൾ. ഇവ പ്രചാരത്തിൽ പരമ്പരാഗത നോട്ടുകളേക്കാൾ രണ്ടോ അതിലധികമോ മടങ്ങ് നീണ്ടുനിൽക്കുന്നതാണ്. പോളിമർ പൂർണ്ണമായും റീസൈക്കിൾ ചെയ്യാൻ കഴിയുന്നതിനാൽ, ഇവ പരിസ്ഥിക്ക് ഇണങ്ങുന്നതുമാണ്.

വ്യത്യസ്തമായ വയലറ്റ് ഷേഡുകൾ, ഫ്ലൂറസെന്റ് നീല നിറത്തിൽ മധ്യഭാഗത്ത് അടയാളപ്പെടുത്തിയിട്ടുള്ള യു എ ഇ നാഷൻ ബ്രാൻഡ്, നൂതന ഇന്റാഗ്ലിയോ പ്രിന്റിംഗ് ടെക്നിക്കുകൾ ഉപയോഗിച്ച് സൃഷ്ടിച്ച ഡ്രോയിംഗുകൾ, ലിഖിതങ്ങൾ എന്നിവ ഉൾപ്പെടുത്തിയാണ് ഈ പുതിയ ബാങ്ക് നോട്ട് രൂപകൽപ്പന ചെയ്തിരിക്കുന്നത്. കാഴ്ചാ വൈകല്യമുള്ള ഉപഭോക്താക്കൾക്കായി ബാങ്ക് നോട്ടിന്റെ മൂല്യം തിരിച്ചറിയാൻ സഹായിക്കുന്ന ബ്രെയിൽ ചിഹ്നങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു.

ഉപഭോക്താക്കളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിനും കള്ളപ്പണത്തെ ചെറുക്കുന്നതിനുമായി വിപുലമായ സുരക്ഷാ ഫീച്ചറുകളും പുതിയ 50 ദിർഹം ബാങ്ക് നോട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ പുതിയ നോട്ട് വരും ദിവസങ്ങളിൽ സെൻട്രൽ ബാങ്ക് ശാഖകളിലും എടിഎമ്മുകളിലും ലഭ്യമാക്കുന്നതാണ്. നിലവിലെ 50 ദിർഹം ബാങ്ക് നോട്ട്, നിയമപ്രകാരം മൂല്യം ഉറപ്പുനൽകുന്ന ഒരു ബാങ്ക് നോട്ടായി പ്രചാരത്തിൽ തുടരുമെന്നും സെൻട്രൽ ബാങ്ക് ഓഫ് യു എ ഇ അറിയിച്ചിട്ടുണ്ട്.

WAM