യു എ ഇ ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ അധ്യക്ഷതയിൽ നടന്ന യു എ ഇ ക്യാബിനറ്റ് യോഗത്തിൽ ‘പ്ലാൻറ് ദി എമിറേറ്റ്സ്’ ദേശീയ പരിപാടിയ്ക്ക് തുടക്കമിട്ടു. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
യു എ ഇയിലെ കാർഷിക മേഖലയെ പുനരുജ്ജീവിപ്പിക്കാനും ഉത്തേജിപ്പിക്കാനും ലക്ഷ്യമിട്ടുള്ളതാണ് ‘പ്ലാൻറ് ദി എമിറേറ്റ്സ്’ എന്ന ദേശീയ പരിപാടി. രാജ്യത്തെ കാർഷിക മേഖലയെ വികസിപ്പിക്കുന്നതിനും, സുസ്ഥിരതയിലൂന്നിയുള്ള ദേശീയ ഭക്ഷ്യസുരക്ഷാ രീതികൾ ശക്തിപ്പെടുത്തുന്നതിനുമുള്ള നയങ്ങൾ ഈ പരിപാടി മുന്നോട്ട് വെക്കുന്നു.
അന്തരിച്ച രാഷ്ട്ര പിതാവ് ശൈഖ് സായിദിൻ്റെ പൈതൃകം മുന്നോട്ട് കൊണ്ടുപോകുന്ന രീതിയിലാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. യു എ ഇയുടെ ഭൂമിയെ ഹരിതാഭമാക്കുന്നതിനും കൃഷി ചെയ്യുന്നതിനും പരിപോഷിപ്പിക്കുന്നതിനുമുള്ള അദ്ദേഹത്തിൻ്റെ കാഴ്ചപ്പാട് ഈ പദ്ധതി നിറവേറ്റുന്നു.
ഓരോ വിദ്യാലയങ്ങളിലും, ഭവനങ്ങളിലും, ഭാവി തലമുറയുടെ ഹൃദയങ്ങളിലും കാർഷിക സംസ്‌കാരം വളർത്താനാണ് ഈ പരിപാടി ലക്ഷ്യമിടുന്നത്.
ഈ സംരംഭത്തിൻ്റെ ഭാഗമായി ദേശീയ കാർഷിക കേന്ദ്രം സ്ഥാപിക്കുന്നതിന് മന്ത്രിസഭ അംഗീകാരം നൽകി. ഇതിന്റെ ഭാഗമായി സംരംഭങ്ങൾക്ക് സാങ്കേതികമായ പിന്തുണ നൽകുകയും പങ്കാളിത്തം വളർത്തുകയും സംരംഭങ്ങൾ ആരംഭിക്കുകയും പ്രാദേശിക കാർഷിക ഉൽപ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതാണ്.
പ്രധാന കാർഷിക ഉൽപന്നങ്ങൾ വീട്ടിൽ കൃഷി ചെയ്തും, രാജ്യത്ത് ഹരിത ഇടങ്ങൾ വിപുലീകരിച്ചും, പരിസ്ഥിതി സംരക്ഷണ ശ്രമങ്ങളെ പിന്തുണച്ചും, യു എ ഇ കാർഷിക ഉൽപന്നങ്ങളെ ഗുണമേന്മയുടെയും, ഉയർന്ന പോഷകമൂല്യങ്ങളുടെയും പര്യായമാക്കുന്നതിന് ഈ പദ്ധതി ലക്ഷ്യമിടുന്നു.
വിളകളും കാർഷിക ഉൽപന്നങ്ങളും ഒരു ഏകീകൃത ഐഡൻ്റിറ്റിയിൽ പ്രദർശിപ്പിക്കുന്നതിനും വിപണനം ചെയ്യുന്നതിനുമായി ദേശീയ കാമ്പെയ്‌നുകൾ, ഇവൻ്റുകൾ, പ്രദർശനങ്ങൾ, സീസണൽ മാർക്കറ്റുകൾ എന്നിവ ആരംഭിക്കുന്നതാണ്. ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിനും വിതരണ ശൃംഖല മെച്ചപ്പെടുത്തുന്നതിനും കാർഷിക ഉൽപാദനച്ചെലവ് കുറയ്ക്കുന്നതിനും ലക്ഷ്യമിട്ടുള്ള തന്ത്രപരമായ സംരംഭങ്ങളും പരിപാടികളും വികസിപ്പിക്കുന്നതിനും നടപ്പിലാക്കുന്നതിനും ആവശ്യമായ നടപടികൾ ദേശീയ കാർഷിക കേന്ദ്രം കൈക്കൊള്ളുന്നതാണ്.
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ (2025-2030), രാജ്യത്തെ ഉൽപ്പാദനക്ഷമമായ ഫാമുകളുടെ എണ്ണം 20% വർധിപ്പിക്കാനും ജൈവ ഫാമുകളുടെ എണ്ണം 25% വർധിപ്പിക്കാനും 30% കാലാവസ്ഥാ സ്മാർട്ട് പരിഹാരങ്ങൾ സ്വീകരിക്കാനും കേന്ദ്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ്. കാർഷിക മാലിന്യങ്ങൾ 50% കുറയ്ക്കുക, യുഎഇയിലുടനീളമുള്ള റെസ്റ്റോറൻ്റുകളിലും ഹോട്ടലുകളിലും പ്രാദേശിക കാർഷിക ഉൽപന്നങ്ങളുടെ ഉപയോഗം 25% വർദ്ധിപ്പിക്കുക, ഈ മേഖലയിലെ തൊഴിലാളികളുടെ എണ്ണം 15% വർദ്ധിപ്പിക്കുക എന്ന ലക്ഷ്യങ്ങളും ഈ പദ്ധതി മുന്നോട്ട് വെക്കുന്നു.
WAM