യു എ ഇ: എല്ലാ സേവനങ്ങൾക്കും ‘യു എ ഇ പാസ്’ നടപ്പിലാക്കാൻ ധനമന്ത്രാലയം

featured GCC News

ധനകാര്യ സംവിധാനങ്ങളിലുടനീളമുള്ള എല്ലാ സേവനങ്ങൾക്കും ‘യു എ ഇ പാസ്’ ഡിജിറ്റൽ ഐഡന്റിറ്റി നടപ്പിലാക്കുന്നതായി യു എ ഇ ധനകാര്യ മന്ത്രാലയം പ്രഖ്യാപിച്ചു. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ജനങ്ങളുടെ ഡിജിറ്റൽ ജീവിത നിലവാരം മെച്ചപ്പെടുത്താനും, പേപ്പർ ഇടപാടുകൾ ഇല്ലാതാക്കാനും ലക്ഷ്യമിടുന്നതാണ് ഈ തീരുമാനം. യു എ ഇയിലെ പൗരന്മാർക്കും, പ്രവാസികൾക്കും, സന്ദർശകർക്കും വേണ്ടിയുള്ള ആദ്യത്തെ ദേശീയ ഡിജിറ്റൽ ഐഡന്റിറ്റി സൊല്യൂഷനാണ് ‘യു എ ഇ പാസ്’. പ്രാദേശിക, ഫെഡറൽ ഗവൺമെന്റുകളുടെ സേവനങ്ങളോടും മറ്റ് സേവന ദാതാക്കളോടും സ്വയം തിരിച്ചറിയാൻ ഉപയോക്താക്കളെ ഈ ഡിജിറ്റൽ ഐഡന്റിറ്റി സംവിധാനം പ്രാപ്തരാക്കുന്നു.

തങ്ങളുടെ സേവനങ്ങൾ ലഭ്യമാക്കിയിരിക്കുന്ന ഔദ്യോഗിക ഓൺലൈൻ സംവിധാനത്തിൽ നിലവിലുള്ള ലോഗിൻ സംവിധാനം ഒഴിവാക്കുന്നതായും, ഇതിനായി 2023 ഓഗസ്റ്റ് മുതൽ ‘യു എ ഇ പാസ്’ ലോഗിൻ സംവിധാനം നടപ്പിലാക്കുന്നതായും ധനമന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഡിജിറ്റൽ സേവനങ്ങൾ ലഭിക്കുന്നതിനായി ‘യു എ ഇ പാസ്’ ഡിജിറൽ ഐഡന്റിറ്റിയിൽ രജിസ്റ്റർ ചെയ്യാൻ മന്ത്രാലയം ഉപഭോക്താക്കളോട് ആഹ്വാനം ചെയ്തിട്ടുണ്ട്.

ഇടപാടുകളുടെ സുരക്ഷ, രഹസ്യസ്വഭാവം, കൃത്യത എന്നിവയിൽ ഉയർന്ന മാനദണ്ഡങ്ങൾ പാലിക്കുന്നതിനാണ് ഇത്തരം ഒരു സംവിധാനം നടപ്പിലാക്കിയത്. ഉപയോക്തൃനാമങ്ങളും, പാസ്‌വേഡുകളും ഇല്ലാതെ സേവനങ്ങൾ ആക്‌സസ് ചെയ്യാനും, ഡോക്യുമെന്റുകളിൽ ഡിജിറ്റലായി ഒപ്പിടാനും, സേവന കേന്ദ്രങ്ങൾ സന്ദർശിക്കാതെ ഡാറ്റ കൃത്യത പരിശോധിക്കാനും ഉപയോക്താക്കളെ ഈ സംവിധാനം അനുവദിക്കുന്നതാണ്.

യു എ ഇയിലുടനീളമുള്ള സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങൾക്കും സ്വകാര്യ കമ്പനികൾക്കും തങ്ങളുടെ വിവിധ വെബ്‌സൈറ്റുകളിലും ആപ്ലിക്കേഷനുകളിലും സുരക്ഷിതമായ ലോഗിൻ സംവിധാനം നൽകുന്നതിന് ‘യു എ ഇ പാസ്’ വഴിയൊരുക്കുന്നു.

WAM