രാജ്യത്ത് അസ്ഥിര കാലാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിൽ ബന്ധപ്പെട്ട വകുപ്പുകൾ നൽകുന്ന മാർഗ്ഗനിർദേശങ്ങൾ കൃത്യമായി പാലിക്കാൻ യു എ ഇ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മന്റ് അതോറിറ്റി (NCEMA) പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. 2024 മെയ് 1-നാണ് NCEMA ഇത് സംബന്ധിച്ച നിർദ്ദേശം നൽകിയത്.
പൊതുസമൂഹത്തിലെ ജീവനും, സ്വത്തിനും പരമാവധി സുരക്ഷ ഉറപ്പ് വരുത്തുന്നതിന് ഇത് വളരെ പ്രധാനമാണെന്ന് NCEMA ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
വെള്ളത്തിന്റെ കുത്തൊഴുക്ക്, വെള്ളക്കെട്ട് മുതലായവ ഉണ്ടാകാനിടയുള്ള പ്രദേശങ്ങൾ, അണക്കെട്ടുകൾ തുടങ്ങിയ മേഖലകളിലേക്കുളള റോഡുകൾ ഈ സാഹചര്യത്തിൽ അടച്ചിടാൻ NCEMA നിർദ്ദേശിച്ചിട്ടുണ്ട്. വെള്ളപൊക്കം, മറ്റു അപകട സാധ്യതകൾ എന്നിവ നിലനിൽക്കുന്ന പ്രദേശങ്ങളിലേക്ക് പ്രവേശിക്കരുതെന്ന് പൊതുജനങ്ങളോട് NCEMA ആവശ്യപ്പെട്ടിട്ടുണ്ട്.
ഇത്തരം പ്രദേശങ്ങളിലെ സുരക്ഷാ ജീവനക്കാർ നൽകുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ്. അസ്ഥിര കാലാവസ്ഥ നിലനിൽക്കുന്ന നിലവിലെ സാഹചര്യത്തിൽ പർവ്വതപ്രദേശങ്ങൾ, മരുഭൂപ്രദേശങ്ങൾ, കടൽ, തീരദേശമേഖലകൾ എന്നിവ സന്ദർശിക്കുന്നത് കഴിയുന്നതും ഒഴിവാക്കേണ്ടതാണ്.
യു എ ഇ അധികൃതർ നൽകുന്ന ഔദ്യോഗിക അറിയിപ്പുകൾ, സുരക്ഷാ നിർദ്ദേശങ്ങൾ എന്നിവ കൃത്യമായി പിന്തുടരാനും NCEMA പൊതുജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.