എബോള വൈറസ് ഭീതിയുടെ പശ്ചാത്തലത്തിൽ മൂന്ന് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നെത്തുന്ന യാത്രികർക്ക് യു എ ഇയിലേക്ക് പ്രവേശിക്കുന്നതിന് താത്കാലിക വിലക്കേർപ്പെടുത്തി. നാഷണൽ എമെർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റെർസ് മാനേജ്‌മന്റ് അതോറിറ്റി (NCEMA), ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസണ്ഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ICP) എന്നിവർ ചേർന്ന് സംയുക്തമായാണ് ഈ നടപടി കൈക്കൊണ്ടിരിക്കുന്നത്.
The National Emergency Crisis and Disasters Management Authority #NCEMA and the Federal Authority for Identity, Citizenship, Customs & Port Security @UAEICP announce additional precautionary measures for arrivals from a number of countries, as part of strengthening preparedness… pic.twitter.com/s2QmgjjGZD
— NCEMA UAE (@NCEMAUAE) June 5, 2026
ഇബോള വൈറസ് ബാധയ്‌ക്കെതിരായി രാജ്യത്ത് തയ്യാറെടുപ്പ് ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് മൂന്ന് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള യാത്രികർക്ക് ബാധിക്കുന്ന മുൻകരുതൽ നടപടികൾ യു എ ഇ പ്രഖ്യാപിച്ചത്. ഏതാനം രാജ്യങ്ങളിൽ എബോള പൊട്ടിപ്പുറപ്പെടുന്നത് വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ നടപടി.
ഉഗാണ്ട, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ദക്ഷിണ സുഡാൻ എന്നിവിടങ്ങളിൽ നിന്നുള്ള യാത്രികർക്കാണ് ഈ നിയന്ത്രണങ്ങൾ ബാധകമാക്കിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് യു എ ഇ താഴെ പറയുന്ന നിയന്ത്രണങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്:
- ഈ മൂന്ന് രാജ്യങ്ങളിലെ പൗരന്മാർക്കുള്ള എല്ലാ പുതിയ വിസകളും, സന്ദർശന വിസകൾ ഉൾപ്പെടെ, താൽക്കാലികമായി നിർത്തിവയ്ക്കുന്നതാണ്.
- യു എ ഇയിൽ എത്തുന്നതിനുമുമ്പ് മറ്റ് സ്ഥലങ്ങളിലൂടെ സഞ്ചരിക്കുന്നവർ ഉൾപ്പെടെ, ഈ മൂന്ന് രാജ്യങ്ങളിൽ നിന്ന് വരുന്ന യാത്രക്കാർക്ക് യു എ ഇയിലേക്കുള്ള പ്രവേശനം നിയന്ത്രിക്കുന്നതാണ്.
- യു എ ഇയിൽ എത്തുന്നതിനുമുമ്പ് തുടർച്ചയായി 21 ദിവസത്തിൽ കൂടുതൽ ഈ മൂന്ന് രാജ്യങ്ങൾക്ക് പുറത്ത് ചെലവഴിച്ച യാത്രക്കാരെ ഈ നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇവർക്ക് പ്രവേശനത്തിന് അനുമതി നൽകുന്നതാണെന്ന് അധികൃതർ അറിയിച്ചു.
ഈ നിയന്ത്രണം 2026 ജൂൺ 6, ശനിയാഴ്ച ഉച്ചയ്ക്ക് 1 മണി മുതൽ പ്രാബല്യത്തിൽ വരുന്നതാണ്. ഈ രാജ്യങ്ങൾക്കും യു എ ഇയ്ക്കും ഇടയിലുള്ള ചരക്ക് ഗതാഗതത്തെയും, ട്രാൻസിറ്റ് വിമാനങ്ങളെയും ഈ നിയന്ത്രണം ബാധിക്കുന്നതല്ല.

