WHO അംഗീകൃത വാക്സിനുകൾ ഉപയോഗിച്ച് വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയിട്ടുള്ള, സാധുതയുള്ള റെസിഡൻസി വിസകളിലുള്ളവർക്ക് 2021 സെപ്റ്റംബർ 12 മുതൽ ഇന്ത്യ ഉൾപ്പടെ 15 രാജ്യങ്ങളിൽ നിന്ന് തിരികെ പ്രവേശിക്കാൻ അനുമതി നൽകുമെന്ന് നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് മാനേജ്‌മന്റ് അതോറിറ്റി (NCEMA) അറിയിച്ചു. സെപ്റ്റംബർ 10-നാണ് NCEMA ഇക്കാര്യം അറിയിച്ചത്.
ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പുമായി (ICA) ചേർന്ന് സംയുക്തമായാണ് NCEMA ഇക്കാര്യം അറിയിച്ചത്. ഈ തീരുമാന പ്രകാരം, ലോകാരോഗ്യ സംഘടന (WHO) അംഗീകരിച്ചിട്ടുള്ള COVID-19 വാക്സിനുകൾ ഉപയോഗിച്ച് വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവർക്ക് യു എ ഇയിലേക്ക് പ്രവേശിക്കാവുന്നതാണ്.
സാധുതയുള്ള റെസിഡൻസി വിസകളിലുള്ളവർക്ക് – ആറ് മാസത്തിലധികം യു എ ഇയ്ക്ക് പുറത്ത് താമസിച്ചവർ ഉൾപ്പടെ – തിരികെ എത്തുന്നതിനുള്ള അനുമതി ഈ അറിയിപ്പിലൂടെ NCEMA നൽകിയിട്ടുണ്ട്.
ഈ തീരുമാനം താഴെ പറയുന്ന രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ബാധകമാണ്:
- India
- Pakistan
- Bangladesh
- Nepal
- Sri Lanka
- Vietnam
- Namibia
- Zambia
- Democratic Republic of Congo
- Uganda
- Sierra Leone
- Liberia
- South Africa
- Nigeria
- Afghanistan
താഴെ പറയുന്ന മാനദണ്ഡങ്ങൾ പ്രകാരമാണ് ഈ രാജ്യങ്ങളിൽ നിന്ന് ഇവർക്ക് പ്രവേശനം അനുവദിക്കുന്നത്:
- ഇത്തരം യാത്രികർ ICA-യുടെ വെബ്സൈറ്റിലൂടെ പ്രവേശനത്തിന് അനുമതി ലഭിക്കുന്നതിന് അപേക്ഷിക്കേണ്ടതാണ്.
- ഇതോടൊപ്പം വാക്സിനേഷൻ സംബന്ധമായ അപേക്ഷ, ഔദ്യോഗിക അംഗീകാരമുള്ള COVID-19 വാക്സിനേഷൻ സർട്ടിഫിക്കറ്റ് എന്നിവ കൂടി ICA-യുടെ വെബ്സൈറ്റിലൂടെ നൽകേണ്ടതാണ്.
- യാത്ര പുറപ്പെടുന്നതിന് മുൻപ്, 48 മണിക്കൂറിനിടയിൽ ലഭിച്ച PCR നെഗറ്റീവ് റിസൾട്ട് നിർബന്ധമാണ്. ഇത്തരം റിസൾട്ടുകളുടെ സാധുത തെളിയിക്കുന്നതിനായി QR കോഡ് നിർബന്ധമാണ്.
- യാത്ര പുറപ്പെടുന്നതിന് മുൻപ്, വിമാനത്താവളത്തിൽ നിന്ന് ഒരു റാപിഡ് PCR ടെസ്റ്റ് നടത്തേണ്ടതാണ്.
- യു എ ഇയിലെത്തിയ ശേഷം നാല്, എട്ട് ദിനങ്ങളിൽ PCR ടെസ്റ്റ് നടത്തേണ്ടതാണ്.
- 16 വയസിന് താഴെ പ്രായമുള്ളവർക്ക് ഈ നടപടികളിൽ ഇളവ് നൽകിയിട്ടുണ്ട്.
WHO അംഗീകൃത വാക്സിനെടുത്ത റെസിഡൻസി വിസക്കാർക്ക്, ഇവർ മേൽപ്പറഞ്ഞ രാജ്യങ്ങളിൽ ആറ് മാസത്തിലധികമായി (അതാത് രാജ്യങ്ങൾക്ക് യു എ ഇ യാത്ര വിലക്ക് ഏർപ്പെടുത്തിയ തീയതി മുതൽ 6 മാസം) തുടരുന്ന സാഹചര്യത്തിൽ, അവർക്ക് പുതിയ എൻട്രി പെർമിറ്റുകളിൽ തിരികെ മടങ്ങാമെന്നും, യു എ ഇയിലെത്തിയ ശേഷം വിസ സ്റ്റാറ്റസ് മാറ്റാമെന്നും ഈ അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.