രാജ്യത്ത് 2026 ജനുവരി 1 മുതൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന കൂടുതൽ പ്ലാസ്റ്റിക് ഉപകരണങ്ങൾക്ക് വിലക്കേർപ്പെടുത്തുമെന്ന് യു എ ഇ അധികൃതർ അറിയിച്ചു.
أعلنت #وزارة_التغير_المناخي_والبيئة عن بدء تفعيل المرحلة الثانية من تطبيق القرار الوزاري رقم (380) لسنة 2022، والذي يقضي بحظر استيراد أو إنتاج أو تداول مجموعة جديدة من "المنتجات البلاستيكية الاستهلاكية والأكياس ذات الاستخدام الواحد"، وذلك اعتباراً من الأول من يناير 2026.
— وزارة التغير المناخي والبيئة (@MoCCaEUAE) December 16, 2025
يأتي هذا… pic.twitter.com/2xgLQx452E
2025 ഡിസംബർ 17-നാണ് യു എ ഇ മിനിസ്ട്രി ഓഫ് ക്ലൈമറ്റ് ചേഞ്ച് ആൻഡ് എൻവിറോണ്മെന്റ് (MOCCAE) ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ഈ അറിയിപ്പ് പ്രകാരം 2026 ജനുവരി 1 മുതൽ യു എ ഇയിൽ ‘2022/ 380’ എന്ന മന്ത്രിതല തീരുമാനത്തിന്റെ രണ്ടാം ഘട്ടം നടപ്പിലാക്കുന്നത് ആരംഭിക്കുമെന്ന് MOCCAE വ്യക്തമാക്കിയിട്ടുണ്ട്. ഇത് പ്രകാരം യു എ ഇയിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന കൂടുതൽ പ്ലാസ്റ്റിക് ഉപകരണങ്ങളുടെ ഇറക്കുമതി, നിർമ്മാണം, വ്യാപാരം എന്നിവ നിരോധിക്കപ്പെടുന്നതാണ്.
മലിനീകരണം നിയന്ത്രിക്കുന്നതിലൂടെ പരിസ്ഥിതി സംരക്ഷണം ശക്തമാക്കുന്നത് ലക്ഷ്യമിട്ടാണ് ഈ തീരുമാനം. എല്ലാ വ്യാപാരികളും, വിതരണക്കാരും, സ്ഥാപനങ്ങളും ഈ തീരുമാനം കർശനമായി പാലിക്കണമെന്ന് MOCCAE ആഹ്വാനം ചെയ്തിട്ടുണ്ട്.
2026 ജനുവരി 1 മുതൽ യു എ ഇയിൽ നിരോധിച്ചിട്ടുള്ള പ്ലാസ്റ്റിക് ഉപകരണങ്ങൾ:
- പ്ലാസ്റ്റിക് കപ്പുകൾ.
- ഇത്തരം കപ്പുകൾക്കുള്ള പ്ലാസ്റ്റിക് അടപ്പുകൾ.
- പ്ലാസ്റ്റിക്കിൽ നിർമ്മിച്ചിട്ടുള്ള കത്തി, മുള്ള്, സ്പൂണ്, ചോപ്സ്റ്റിക് മുതലായ ഉപകരണങ്ങൾ.
- പ്ലാസ്റ്റിക് പ്ലേറ്റുകൾ, പ്ലാസ്റ്റിക് സ്ട്രോ. പാനീയങ്ങൾ ഇളക്കുന്നതിനുള്ള സ്റ്റിക്കുകൾ.
- സ്റ്റൈറോഫോം ഉപയോഗിച്ച് നിർമ്മിച്ചിട്ടുള്ള ഭക്ഷണം നിറയ്ക്കുന്നതിനുള്ള പാത്രങ്ങൾ, പെട്ടികൾ.
ഇതിന് പുറമെ അമ്പത് മൈക്രോണിൽ താഴെ കനമുള്ള ഒറ്റത്തവണ ഉപയോഗിക്കാവുന്ന എല്ലാത്തരത്തിലുള്ള ബാഗുകൾക്കും (പേപ്പർ കൊണ്ട് നിർമ്മിച്ചത് ഉൾപ്പടെ) 2026 ജനുവരി 1 മുതൽ യു എ ഇയിൽ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.

