യു എ ഇ: ഓഗസ്റ്റ് 30 മുതൽ പുതിയ ടൂറിസ്റ്റ് വിസകൾ അനുവദിക്കുന്നത് പുനരാരംഭിക്കാൻ തീരുമാനം

featured GCC News

COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവർക്ക് ടൂറിസ്റ്റ് വിസകൾ അനുവദിക്കുന്ന നടപടികൾ 2021 ഓഗസ്റ്റ് 30 മുതൽ പുനരാരംഭിക്കുമെന്ന് യു എ ഇ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് അതോറിറ്റി (NCEMA) വ്യക്തമാക്കി. COVID-19 വാക്സിന്റെ മുഴുവൻ ഡോസ് കുത്തിവെപ്പുകളും സ്വീകരിച്ചിട്ടുള്ളവർക്ക്, യു എ ഇയിലേക്ക് യാത്രാ വിലക്കുകൾ നിലനിന്നിരുന്ന രാജ്യങ്ങളിൽ നിന്നുൾപ്പെടെ, ഇത്തരത്തിൽ പുതിയ ടൂറിസ്റ്റ് വിസകൾ അനുവദിക്കുന്നതാണ്.

ഓഗസ്റ്റ് 28-ന് രാത്രിയാണ് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് (ICA), NCEMA എന്നിവർ സംയുക്തമായി ഇക്കാര്യം പ്രഖ്യാപിച്ചത്. ലോകാരോഗ്യ സംഘടന അംഗീകരിച്ചിട്ടുള്ള COVID-19 വാക്സിൻ കുത്തിവെപ്പുകൾ സ്വീകരിച്ചിട്ടുള്ളവർക്കാണ് ഇത്തരം വിസകൾ അനുവദിക്കുന്നത്.

ഇത്തരം വിസകൾ ഉപയോഗിച്ച് കൊണ്ട് യു എ ഇയിലേക്ക് യാത്ര ചെയ്യുന്നവർക്ക് യാത്ര പുറപ്പെടുന്ന വിമാനത്താവളത്തിൽ ഒരു റാപിഡ് PCR ടെസ്റ്റ് നിർബന്ധമാണ്. ഇത്തരം സന്ദർശകർക്ക് തങ്ങളുടെ വാക്‌സിനേഷൻ സർട്ടിഫിക്കറ്റുകൾ ICA-യുടെ ഓൺലൈൻ സംവിധാനത്തിലൂടെയോ, ‘Al Hosn’ ആപ്പിലൂടെയോ രജിസ്റ്റർ ചെയ്യാവുന്നതാണ്.