രാജ്യത്തിന്റെ വിവിധ മേഖലകളിൽ 2024 ഫെബ്രുവരി 28 മുതൽ മാർച്ച് 1 വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി യു എ ഇ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2024 ഫെബ്രുവരി 26-ന് രാത്രിയാണ് യു എ ഇ ദേശീയ കാലാവസ്ഥാ കേന്ദ്രം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ഈ അറിയിപ്പ് പ്രകാരം യു എ ഇയിൽ വിവിധ മേഖലകളിൽ ഫെബ്രുവരി 28, 29 തീയതികളിൽ പരക്കെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. വടക്കൻ, കിഴക്കൻ, തെക്കൻ മേഖലകളിൽ ഈ കാലയളവിൽ മഴ ശക്തമാകുന്നതിനും സാധ്യതയുണ്ട്.
ഫെബ്രുവരി 29-ന് വൈകീട്ട് മുതൽ അന്തരീക്ഷ താപനില താഴാനിടയുണ്ടെന്നും, മഴമേഘങ്ങളുടെ തീവ്രത രാത്രിയോടെ പടിപടിയായി കുറയുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. മാർച്ച് 1-ന് പകൽ സമയങ്ങളിൽ കിഴക്കൻ പ്രദേശങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്.
ഫെബ്രുവരി 29-ന് കാറ്റ് ശക്തമാകാനിടയുണ്ടെന്നും, അന്തരീക്ഷത്തിൽ പൊടി ഉയരുന്നതിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.
WAM