രാജ്യത്തിന്റെ വിവിധ മേഖലകളിൽ 2024 മാർച്ച് 22, വെള്ളിയാഴ്ച മുതൽ മഴയ്ക്കും, ശക്തമായ കാറ്റിനും സാധ്യതയുള്ളതായി യു എ ഇ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2024 മാർച്ച് 19-ന് രാത്രിയാണ് എമിറേറ്റ്സ് ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഈ അറിയിപ്പ് പ്രകാരം യു എ ഇയിൽ വിവിധ മേഖലകളിൽ മാർച്ച് 22 മുതൽ മാർച്ച് 26 വരെ ഒറ്റപ്പെട്ട മഴയ്ക്കും, ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മാർച്ച് 24, ഞായറാഴ്ചയോടെ ഈ ന്യൂനമർദ്ദത്തിന്റെ പ്രഭാവം കൂടുതൽ പ്രബലമാകാനിടയുണ്ട്.
ഇതോടെ മഴ ശക്തിപ്രാപിക്കുന്നതിനും, ഇടി, മിന്നൽ എന്നിവയ്ക്കും സാധ്യതയുണ്ട്. ഇത് അന്തരീക്ഷ താപനില താഴുന്നതിന് കാരണമാകാമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. മാർച്ച് 26, ചൊവ്വാഴ്ച വൈകീട്ടോടെ മഴയുടെ ശക്തി കുറയുന്നതാണ്.
ഈ കാലയളവിൽ അനുഭവപ്പെടാനിടയുള്ള ശക്തമായ കാറ്റ് മൂലം അന്തരീക്ഷത്തിൽ പൊടി ഉയരുന്നതിനും, റോഡുകളിലെ കാഴ്ച മറയുന്നതിനും സാധ്യതയുള്ളതായി അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അറേബ്യൻ ഗൾഫ്, ഒമാൻ കടൽ എന്നിവിടങ്ങളിൽ ഈ കാലയളവിൽ ശക്തമായ തിരമാലകൾക്ക് സാധ്യതയുണ്ട്.
WAM