യു എ ഇ: സ്വകാര്യ വിവരങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പങ്ക് വെക്കുന്നതിനെതിരെ മുന്നറിയിപ്പ്

featured GCC News

സ്വകാര്യ വിവരങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പങ്ക് വെക്കുന്നതിന്റെ അപകടങ്ങളെക്കുറിച്ച് യു എ ഇ സൈബർ സെക്യൂരിറ്റി കൗൺസിൽ മുന്നറിയിപ്പ് നൽകി. 2026 ഏപ്രിൽ 1-നാണ് യു എ ഇ സൈബർ സെക്യൂരിറ്റി കൗൺസിൽ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

സൈബറിടങ്ങളിൽ പതിപ്പിക്കുന്ന തങ്ങളുടെ ഡിജിറ്റൽ കാൽപ്പാടുകളെക്കുറിച്ച് വ്യക്തികൾ ബോധവാന്മാരായിരിക്കണമെന്നും, കൂടുതൽ ജാഗ്രത പാലിക്കണമെന്നും യു എ ഇ സൈബർ സെക്യൂരിറ്റി കൗൺസിൽ വ്യക്തമാക്കിയിട്ടുണ്ട്.

സാമൂഹിക മാധ്യമങ്ങളിൽ പൊതുജനങ്ങൾ ഒരിക്കലും വെളിപ്പെടുത്താൻ പാടില്ലാത്ത നാല് നിർണായക വിഭാഗത്തിലുള്ള വിവരങ്ങൾ കൗൺസിൽ ഈ അറിയിപ്പിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്:

  • തങ്ങളുടെ പൂർണ്ണ മേൽവിലാസം.
  • വ്യക്തിഗത മൊബൈൽ നമ്പറുകൾ.
  • സ്വകാര്യ കുടുംബ ഫോട്ടോകൾ.
  • തങ്ങൾ പോകാനിരിക്കുന്ന യാത്രകളുടെ പ്ലാനുകൾ.

ഇത്തരം വിവരങ്ങൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ അശ്രദ്ധമായി പങ്ക് വെക്കുന്നത് സൈബർ കുറ്റവാളികൾ അവ ദുരുപയോഗം ചെയ്യുന്നതിന് ഇടയാക്കുന്നതാണ്.

സങ്കീർണ്ണമായ സോഷ്യൽ എഞ്ചിനീയറിംഗ് തന്ത്രങ്ങളുടെ വർദ്ധനവിന്റെ പശ്ചാത്തലത്തിലാണ് കൗൺസിൽ ഇത്തരം ഒരു മാർഗ്ഗനിർദ്ദേശം നൽകിയത്. വ്യക്തികൾ തങ്ങളുടെ സാമൂഹിക മാധ്യമ പ്രൊഫൈലുകൾ സ്വകാര്യമാണെന്ന് വിശ്വസിക്കുന്നുണ്ടെങ്കിലും, ഡിജിറ്റൽ സ്ഥിരതയുടെയും ഡാറ്റ ചോർത്തലിന്റെയും യാഥാർത്ഥ്യം വ്യക്തിഗത വിവരങ്ങൾ ദുരുപയോഗം ചെയ്യപ്പെടുന്നതിന്റെ തോത് പലരും മനസ്സിലാക്കുന്നതിനേക്കാൾ വർദ്ധിപ്പിക്കുന്നതായി കൗൺസിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഓൺലൈൻ സുരക്ഷ ആരംഭിക്കുന്നത് ചെറിയ ദൈനംദിന തിരഞ്ഞെടുപ്പുകളിൽ നിന്നാണെന്ന് സൈബർ സെക്യൂരിറ്റി കൗൺസിൽ അഭിപ്രായപ്പെട്ടു. വ്യക്തിഗത ഫോൺ നമ്പറുകൾ അലക്ഷ്യമായി പങ്കിടുന്നത് പലപ്പോഴും കൃത്യമായ ലക്ഷ്യത്തോടെയുള്ള ഫിഷിംഗ് തട്ടിപ്പുകൾക്കും അനാവശ്യ സമ്പർക്കങ്ങൾക്കും ഇടയാക്കുന്നതായും, യാത്രാ വിവരങ്ങൾ പങ്ക് വെക്കുന്നത് വീടുകളിൽ ആരും ഇല്ലാത്ത അവസരങ്ങളെക്കുറിച്ച് പൊതുജനങ്ങൾക്കിടയിൽ പ്രക്ഷേപണം ചെയ്യുന്നതിന് തുല്യമാണെന്നും കൗൺസിൽ ഊന്നിപ്പറഞ്ഞു.