ബറാഖ ആണവോർജ്ജനിലയത്തിലെ യൂണിറ്റ് 4-നെ യു എ ഇയിലെ വൈദ്യുതി വിതരണശൃംഖലയുമായി ബന്ധിപ്പിക്കുന്ന നടപടി വിജയകരമായി പൂർത്തിയാക്കിയതായി എമിറേറ്റ്സ് ന്യൂക്ലിയർ എനർജി കോർപറേഷൻ (ENEC) പ്രഖ്യാപിച്ചു. 2024 മാർച്ച് 23-നാണ് അബുദാബി മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.
ബറാഖ ആണവോർജ്ജനിലയത്തിന്റെ പരിപാലനവും, അനുബന്ധ പ്രവർത്തനങ്ങളും നിർവഹിക്കുന്ന നവാഹ് എനർജി കമ്പനിയുടെ മേൽനോട്ടത്തിലാണ് യൂണിറ്റ് 4-നെ യു എ ഇ പവർ ഗ്രിഡിലേക്ക് സുരക്ഷിതമായും വിജയകരമായും ബന്ധിപ്പിച്ചത്. ബറാഖ ആണവോർജ്ജനിലയത്തിലെ നാലാമത്തെ റിയാക്ടറിൽ നിന്നും ഉത്പാദിപ്പിക്കുന്ന കാർബൺ രഹിത വൈദ്യതി നിലവിൽ രാജ്യത്തെ വൈദ്യുതി വിതരണശൃംഖലയിലേക്ക് നൽകിത്തുടങ്ങിയതായും ENEC കൂട്ടിച്ചേർത്തു.
യൂണിറ്റ് 4-നെ രാജ്യത്തെ വൈദ്യുതി വിതരണ ശൃംഖലയോട് സംയോജിപ്പിച്ചതോടെ ദേശീയ ഗ്രിഡിലേക്ക് 1,400 മെഗാവാട്ട് ശുദ്ധമായ വൈദ്യുതി ശേഷി കൂടി ചേർക്കാനുള്ള തയ്യാറെടുപ്പുകൾ ഈ യൂണിറ്റിൽ ആരംഭിച്ചിട്ടുണ്ട്. യൂണിറ്റ് നാലിന്റെ നിർമ്മാണം പൂർത്തിയായതായി 2024 മാർച്ച് 1-ന് അധികൃതർ അറിയിച്ചിരുന്നു.
ബറാഖ ആണവോർജ്ജനിലയത്തിലെ യൂണിറ്റ് 1-നെ രാജ്യത്തെ വൈദ്യുതി വിതരണശൃംഖലയുമായി ബന്ധിപ്പിക്കുന്ന നടപടികൾ 2020 ഓഗസ്റ്റ് 19-ന് വിജയകരമായി പൂർത്തിയാക്കിയിരുന്നു. യൂണിറ്റ് 2-നെ 2021 സെപ്റ്റംബർ 14-നും, യൂണിറ്റ് 3-നെ 2022 ഒക്ടോബർ 8-നും രാജ്യത്തെ വൈദ്യുതി വിതരണശൃംഖലയുമായി ബന്ധിപ്പിച്ചിരുന്നു.
സമാധാന ആവശ്യങ്ങൾക്കായി ആണവോർജ്ജം ഉത്പാദിപ്പിക്കുന്ന അറബ് ലോകത്തെ ആദ്യത്തെ രാജ്യമാണ് യു എ ഇ. നവാഹ് എനർജി കമ്പനിയുടെ (Nawah) കീഴിൽ പ്രവർത്തിക്കുന്ന ബറാഖ ആണവോർജ്ജനിലയം, അബുദാബിയിലെ അൽ ദഫ്റ മേഖലയിലാണ് സ്ഥിതി ചെയ്യുന്നത്. യു എ ഇയിലെയും അറബ് ലോകത്തിലെയും ആദ്യത്തെ മൾട്ടി-യൂണിറ്റ് ഓപ്പറേറ്റിംഗ് ആണവ നിലയമായ ബറാഖയിൽ ആകെ നാല് യൂണിറ്റുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
Cover Image: Abu Dhabi Media Office.