ഒമാൻ: മുംബൈയിൽ നിന്ന് മസ്കറ്റിലേക്ക് നേരിട്ടുള്ള വിമാനസർവീസുകൾ ആരംഭിച്ചതായി വിസ്താര

featured GCC News

2022 ഡിസംബർ 12 മുതൽ മുംബൈയിൽ നിന്ന് മസ്കറ്റിലേക്ക് നേരിട്ടുള്ള വിമാനസർവീസുകൾ ആരംഭിച്ചതായി വിസ്താര എയർലൈൻസ് അറിയിച്ചു. മുംബൈയിൽ നിന്ന് മസ്കറ്റിലേക്കും തിരികെയുമുള്ള വിമാനസർവീസുകളുടെ ടിക്കറ്റുകൾ https://book.airvistara.com എന്ന വിലാസത്തിൽ വിസ്താര ലഭ്യമാക്കിയിട്ടുണ്ട്.

2022 ഡിസംബർ 12-ന് നടന്ന ഉദ്‌ഘാടന സർവീസിന്റെ ഭാഗമായി മുംബൈയിൽ നിന്ന് മസ്കറ്റിലേക്കുള്ള വിമാനം രാത്രി 8:28-ന് യാത്ര പുറപ്പെടുകയും, ഒമാൻ സമയം രാത്രി 9:46-ന് മസ്കറ്റിൽ എത്തിച്ചേരുകയും ചെയ്തു. മസ്കറ്റിൽ നിന്ന് മുംബൈയിലേക്കുള്ള വിമാനം രാത്രി 10:56-ന് പുറപ്പെടുകയും ഡിസംബർ 13-ന് പുലർച്ചെ 2:55-ന് മുംബൈയിൽ എത്തിച്ചേരുകയും ചെയ്തു.

ഡിസംബർ 12 മുതൽ മാർച്ച് 23 വരെയാണ് നിലവിൽ ഈ സർവീസ് പ്രഖ്യാപിച്ചിരിക്കുന്നതെന്ന് വിസ്താര നേരത്തെ അറിയിച്ചിട്ടുണ്ട്. ഇരുവശത്തേക്കുമുള്ള യാത്രകൾക്കുള്ള ടിക്കറ്റുകൾ 15999 രൂപ മുതൽ ലഭ്യമാണ്.

ദിനംതോറും സർവീസ് നടത്തുന്ന രീതിയിലാണ് ഈ റൂട്ടിൽ വിസ്താര സേവനങ്ങൾ ആരംഭിച്ചിരിക്കുന്നത്. A320neo വിമാനങ്ങളാണ് ഈ റൂട്ടിൽ ഉപയോഗിക്കുന്നത്.

മുംബൈയിൽ നിന്ന് മസ്കറ്റിലേക്കുള്ള വിമാനം (Vistara UK 233) ദിനവും രാത്രി 8.30-ന് പുറപ്പെടുന്നതാണ്. മസ്കറ്റിൽ നിന്ന് മുംബൈയിലേക്കുള്ള വിമാനം (Vistara UK 234) ദിനവും രാത്രി 10:55-ന് പുറപ്പെടുന്നതാണ്.