പകർച്ചവ്യാധി പ്രതിരോധവും മാലിന്യ നിർമാർജനവും പരസ്പരപൂരകമാണെന്നും ഇതുൾക്കൊണ്ട് വീഴ്ചയുണ്ടാകാതിരിക്കാൻ തദ്ദേശസ്ഥാപനങ്ങൾ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പൊതുജനാരോഗ്യ രംഗത്ത് വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സർക്കാരിനുള്ളതെന്നും ജനങ്ങളാകെ സാമൂഹ്യപ്രതിബദ്ധതാ കാഴ്ചപ്പാടോടെ സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ആർദ്രം മിഷന്റെ ഭാഗമായി പകർച്ചവ്യാധി പ്രതിരോധത്തിനും നിയന്ത്രണത്തിനുമായി ആരോഗ്യവകുപ്പ് ആവിഷ്ക്കരിച്ച ‘ആരോഗ്യ ജാഗ്രത 2020’ന്റെ സംസ്ഥാനതല ഉദ്ഘാടനം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
ആരോഗ്യസേവനരംഗത്ത് ഒരു കുറവും വരാതിരിക്കാനാണ് നോക്കുന്നത്. പകർച്ചവ്യാധി പ്രതിരോധം ഉറപ്പാക്കാനാണ് ആരോഗ്യ ജാഗ്രത സർക്കാർ ആവിഷ്ക്കരിച്ചത്. 2018 ൽ ആരംഭിച്ച പദ്ധതി രണ്ട് വർഷത്തെ അനുഭവത്തിൽ നല്ല പുരോഗതി നേടാൻ കഴിഞ്ഞു. ഇക്കാലയളവിൽ പകർച്ചവ്യാധി മരണങ്ങളിൽ സാരമായ കുറവുണ്ടായി.
നേരത്തെയുള്ള മഴക്കാല പൂർവ ശുചീകരണം കുറേകൂടി വ്യാപിപ്പിച്ച് തുടരുന്നുണ്ട്. കാലനുസൃതമായ മാറ്റം വേണം എന്ന തിരിച്ചറിവാണ് ആരോഗ്യ ജാഗ്രതയ്ക്ക് കാരണമായത്. തുടർച്ചയായ ബോധവത്ക്കരണത്തിലൂടെ ശക്തമായ പ്രതിരോധം തീർക്കണം. അങ്ങനെ മാത്രമേ രോഗങ്ങളെ അകറ്റി നിർത്താനാകൂ. വർഷം മുഴുവൻ നീളുന്ന പരിപാടികളാണ് ലക്ഷ്യം വയ്ക്കുന്നത്. കാലാവസ്ഥ വ്യതിയാനവും ആഗോള താപനവും കാരണം ഈ വർഷം വളരെ കാര്യക്ഷമമായാണ് ആരോഗ്യ ജാഗ്രത നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനതലം മുതൽ വാർഡ് തലം വരെയുള്ള സംവിധാനമാണ് പ്രവർത്തിക്കുന്നത്. മന്ത്രിമാർ മുതൽ വാർഡ് മെമ്പർമാർ വരെയുള്ള ജനപ്രതിനിധകൾ പങ്കാളികളാണ്. ഓരോ പൗരനും സ്വന്തം ഉത്തവാദിത്വം ഏറ്റെടുത്ത് കാലാനുസൃതമായ മാറ്റം വരുത്തണം. വാർഡ് തല പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തണം. ജീവിത ശൈലീ രോഗങ്ങൾ ചെറുക്കുക, മാലിന്യം നിർമ്മാർജനം ചെയ്യുക, പ്രതിരോധ കുത്തിവയ്പ്പുകൾ എന്നിവയിലെല്ലാം തദ്ദേസ്വയംഭരണ വകുപ്പാണ് മുഖ്യ ചുമതലക്കാർ. മാലിന്യ നിർമ്മാർജനം ഫലപ്രദമാക്കുന്നത് തദ്ദേശസ്വയംഭരണ വകുപ്പാണ്. ഇത്തരമൊരു സാമൂഹ്യമായ വലിയ ഉത്തരാദിത്വം എല്ലാ സ്ഥാപങ്ങൾക്കും ഉണ്ട്. മാലിന്യ നിർമ്മാർജനത്തിൽ വിട്ടുവീഴ്ച വരുത്താതെ മുന്നോട്ട് നീങ്ങണം.
സംസ്ഥാനത്തെ പ്ലാസ്റ്റിക്ക് നിരോധനം പൊതുജനങ്ങൾ നല്ലനിലയിൽ എറ്റെടുത്തു. കാര്യക്ഷമമായ പ്രവർത്തനങ്ങൾ ഹരിതകർമ്മ സേന നടത്തിവരുന്നു. ആരോഗ്യ സുസ്ഥിര വികസന ലക്ഷ്യത്തിന്റെ ഭാഗമായി 2025ഓടെ പകർച്ചവ്യാധി നിർമ്മാർജനം ചെയ്യണം എന്ന ലക്ഷ്യത്തോടെ സർക്കാർ മുന്നോട്ടു പോകുന്നതായും മുഖ്യമന്ത്രി വ്യക്തമാക്കി.
ജാഗ്രതയോടെ ഇടപെട്ടാൽ മാത്രമേ പകർച്ചവ്യാധി മരണത്തിൽ നിന്നും രക്ഷിക്കാനാകൂ എന്ന് കണ്ടാണ് ആരോഗ്യ ജാഗ്രത ആരംഭിച്ചതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ പറഞ്ഞു. ആരോഗ്യ വകുപ്പിന്റെ കലണ്ടർ അടിസ്ഥാനമാക്കി തുടർച്ചയായ പ്രവർത്തനങ്ങളാണ് നടത്തുന്നത്. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിൽ വാർഡ് തല കമ്മിറ്റി രൂപീകരിച്ചാണ് ഇത് സാധ്യമാക്കുന്നത്. പ്രവർത്തന രൂപരേഖ താഴെത്തട്ടിലെത്തിച്ചിട്ടുണ്ട്. ഇത് ഉൾക്കൊണ്ട് പ്രവർത്തിച്ചാൽ പകർച്ചവ്യാധികളെ നന്നായി പ്രതിരോധിക്കാമെന്നും മന്ത്രി വ്യക്തമാക്കി.
കൊറോണ വൈറസ് ഒരു ഭീഷണിയായി വരുന്നുണ്ട്. സംസ്ഥാനത്ത് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. കേരളത്തിലേക്ക് ഇത് വരാതിരിക്കാൻ പ്രതിരോധം ശക്തമാക്കുമെന്നും മന്ത്രി കെ.കെ. ശൈലജ ടീച്ചർ പറഞ്ഞു.
കുടിക്കുന്ന വെള്ളം ശുദ്ധമാണോ എന്ന് ഉറപ്പാക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്ന് ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു. നല്ല വെള്ളം കുടിച്ചാൽ തന്നെ പല പകർച്ചവ്യാധി പ്രശ്നങ്ങളും പരിഹരിക്കാമെന്നും മന്ത്രി പറഞ്ഞു. മൃഗപരിപാലന, വനം മേഖലകളിൽ ഈ പരിപാടി ഏറ്റവും മെച്ചപ്പെട്ട രീതിയിൽ വിജയിപ്പാക്കാൻ പിന്തുണയും സാഹയവും ഉറപ്പ് നൽകുന്നതായി വനം വകുപ്പ് മന്ത്രി കെ. രാജു പറഞ്ഞു. ഇക്കാര്യത്തിൽ ബന്ധപ്പെട്ട എല്ലാവരേയും സജ്ജമാക്കുമെന്നും മന്ത്രി പറഞ്ഞു.
ജാഗ്രത വീഡിയോ, ആർദ്രം ജനകീയ കാമ്പയിന്റെ തപാൽ കവർ പ്രകാശനം, ആരോഗ്യ പ്രവർത്തകർക്കുള്ള കൈപുസ്തകം, തിരുവനന്തപുരം മെഡിക്കൽ കോളേജ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം തയ്യാറാക്കിയ ഗുഡ് ബൈ ഈഡിസ് ചലഞ്ച് 2020 എന്നിവയും ഉദ്ഘാടനം ചെയ്തു.
എൻ.എച്ച്.എം. സംസ്ഥാന മിഷൻ ഡയറക്ടർ ഡോ. രത്തൻ കേൽകർ സ്വാഗതമാശംസിച്ചു. വി.കെ. പ്രശാന്ത് എം.എൽ.എ., മേയർ കെ. ശ്രീകുമാർ, ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ എൻ. ഖോബ്രഗഡെ, കളക്ടർ കെ. ഗോപാലകൃഷ്ണൻ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. എ. റംലാബിവി, ഹോമിയോപ്പതി വകുപ്പ് ഡയറക്ടർ ഡോ. കെ. ജമുന, ഭാരതീയ ചികിത്സ വകുപ്പ് ഡയറക്ടർ ഡോ. പ്രിയ, ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടർ ഡോ. രാജു എന്നിവർ സംസാരിച്ചു.