അബുദാബിയിൽ നിന്ന് പുറത്തേക്ക് പെർമിറ്റ് കൂടാതെ യാത്ര ചെയ്യാൻ അനുമതി; അബുദാബിയിലേക്കുള്ള യാത്രകൾക്ക് പെർമിറ്റ് നിർബന്ധം

Family & Lifestyle GCC News

കൊറോണാ വൈറസ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജൂൺ 2 മുതൽ അബുദാബിയിൽ, എമിറേറ്റിന്റെ വിവിധ മേഖലകളിലേക്കും, എമിറേറ്റിന് പുറത്തേക്കുമുള്ള യാത്രകൾക്ക് ഏർപ്പെടുത്തിയിട്ടുള്ള യാത്രാ വിലക്കുകളിൽ ചെറിയ ഇളവ് അനുവദിക്കാൻ അധികൃതർ തീരുമാനിച്ചു. ഇന്നലെ (ജൂൺ 16) രാത്രി പുറത്തിറക്കിയ പുതിയ തീരുമാനപ്രകാരം, അബുദാബി എമിറേറ്റിൽ നിന്ന് പുറത്തേക്ക് പോകുന്നവർക്ക് പെർമിറ്റ് സംവിധാനം കൂടാതെ യാത്ര ചെയ്യുന്നതിന് അനുവാദം നൽകിയിട്ടുണ്ട്.

അബുദാബി പോലീസ്, അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് എന്നിവരുമായി സംയുക്തമായാണ് എമിറേറ്റിലെ COVID-19 പ്രതിരോധവുമായി ബന്ധപ്പെട്ട എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ കമ്മിറ്റി ഈ തീരുമാനം കൈകൊണ്ടിട്ടുള്ളത്.

യു എ ഇ പൗരന്മാർ ഉൾപ്പടെ അബുദാബിയിലെ മുഴുവൻ നിവാസികൾക്കും ഇപ്രകാരം പെർമിറ്റുകൾ കൂടാതെ അബുദാബിയിൽ നിന്ന് പുറത്തേക്ക് യാത്രചെയ്യാവുന്നതാണ്. എന്നാൽ അബുദാബിയിലേക്ക് തിരികെയുള്ള എല്ലാ യാത്രകൾക്കും അബുദാബി പോലീസിന്റെ പ്രത്യേക പെർമിറ്റ് നിർബന്ധമാണെന്ന വ്യവസ്ഥ തുടരും. അബുദാബിയിലേക്ക് പ്രവേശിക്കുന്നതിന് പെർമിറ്റിലൂടെ അനുവാദം ലഭിക്കുന്നവർക്ക് രോഗപ്രതിരോധവുമായി ബന്ധപ്പെട്ട പരിശോധനകളും ഏർപെടുത്തിയിട്ടുണ്ടെന്ന് അറിയിപ്പിൽ പറയുന്നുണ്ട്.

പുതിയ തീരുമാന പ്രകാരം, മറ്റു എമിറേറ്റുകളിൽ നിന്ന് അബുദാബിയിലേക്കും, അബുദാബി, അൽ ഐൻ, അൽ ദഫ്‌റ മുതലായ എമിറേറ്റിന്റെ വിവിധ മേഖലകൾ തമ്മിലുള്ള യാത്രകൾക്കും ജൂൺ 2 മുതൽ ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളും, പെർമിറ്റ് സംവിധാനവും ഒരാഴ്ച്ചത്തേക്ക് കൂടി തുടരും. അബുദാബിയിലെ ഓരോ മേഖലയിലെയും നിവാസികൾക്ക്, അതാത് മേഖലകൾക്കുള്ളിൽ, അണുനശീകരണ പ്രവർത്തനങ്ങളുടെ സമയങ്ങളിൽ ഒഴികെ, സഞ്ചരിക്കുന്നതിനുള്ള അനുവാദം ഉണ്ടായിരിക്കും.

തൊഴിലാളികൾക്ക് ഏർപ്പെടുത്തിയിട്ടുള്ള യാത്രാ വിലക്കുകൾ തുടരുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ അബുദാബി, അൽ ഐൻ, അൽ ദഫ്‌റ മുതലായ എമിറേറ്റിന്റെ വിവിധ മേഖലകൾക്കുള്ളിൽ മാത്രമാണ് തൊഴിലാളികൾക്ക് യാത്രാനുമതി നൽകിയിട്ടുള്ളത്. തൊഴിലാളികളെ മറ്റ് എമിറേറ്റുകളിലേക്ക് കൊണ്ടുപോകുന്നതിനോ, അബുദാബിയിലേക്ക് മറ്റു എമിറേറ്റുകളിൽ നിന്ന് കൊണ്ടുവരുന്നതിനോ അനുവാദമില്ലെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

അതേസമയം അബുദാബിയിൽ കഴിഞ്ഞ രണ്ടാഴ്ച്ചയായി ഏർപ്പെടുത്തിയിട്ടുള്ള യാത്രാ നിയന്ത്രണങ്ങൾ ജൂൺ 16, ചൊവാഴ്ച്ച മുതൽ ഒരാഴ്ച്ചത്തേക്ക് കൂടി തുടരാൻ നേരത്തെ അധികൃതർ തീരുമാനിച്ചിരുന്നു. ഈ കാലയളവിൽ അടിയന്തിര ആവശ്യങ്ങൾക്കായി യാത്രകൾ ചെയ്യേണ്ടവർക്ക് https://es.adpolice.gov.ae/en/movepermit എന്ന വിലാസത്തിലൂടെ, ഇത്തരം യാത്രകൾക്കുള്ള മൂവ്മെന്റ് പെർമിറ്റിന് അപേക്ഷിക്കാവുന്നതാണ്.