ഖത്തർ: കോൺസുലാർ സേവനങ്ങൾക്ക് ഓൺലൈനിലൂടെ മുൻകൂർ അനുവാദം നിർബന്ധമാക്കിയതായി ഇന്ത്യൻ എംബസി

Qatar

കോൺസുലാർ സേവനങ്ങൾക്കായി വരുന്നവർ നിർബന്ധമായും ഓൺലൈൻ സംവിധാനത്തിലൂടെ മുൻകൂർ അനുവാദം നേടണമെന്ന് ഖത്തറിലെ ഇന്ത്യൻ എംബസി അറിയിച്ചു. എല്ലാ കോൺസുലാർ സേവനങ്ങൾക്കും മുൻകൂട്ടി ഓൺലൈൻ അനുവാദം നേടേണ്ടതാണ്.

https://www.indianembassyqatar.gov.in/get-appointment എന്ന വിലാസത്തിലൂടെ കോൺസുലാർ സേവനങ്ങൾക്കുള്ള മുൻകൂർ അനുവാദം നേടാവുന്നതാണ്.

ജൂൺ 15 മുതൽ കോൺസുലാർ സേവനങ്ങളുടെ സമയക്രമത്തിൽ മാറ്റങ്ങൾ വരുത്തിയതായി നേരത്തെ ഖത്തറിലെ ഇന്ത്യൻ എംബസി അറിയിച്ചിരുന്നു. പുതുക്കിയ സമയ പ്രകാരം രാവിലെ 8.15 മുതൽ 11.15 വരെയായിരിക്കും വിവിധ സേവനങ്ങൾക്കുള്ള അപേക്ഷകൾ സ്വീകരിക്കുന്നത്. അപേക്ഷകർക്ക്, സേവനങ്ങൾക്ക് ശേഷമുള്ള ബന്ധപ്പെട്ട രേഖകൾ ലഭിക്കുന്നതിനുള്ള സമയം വൈകീട്ട് 3 മുതൽ 4.15 വരെയാക്കി നിജപ്പെടുത്തിയിട്ടുണ്ട്.

മുൻ‌കൂർ അനുവാദം ലഭിക്കുന്നതിനുള്ള ഓൺലൈൻ സംവിധാനത്തിൽ വിവരങ്ങൾ നൽകുമ്പോൾ കഴിയുന്നതും കൃത്യമായും, വ്യക്തമായും നിങ്ങൾക്ക് ആവശ്യമുള്ള സേവനങ്ങളെ കുറിച്ച് വിവരങ്ങൾ നൽകുന്നതിന് ശ്രമിക്കണമെന്നും എംബസി അധികൃതർ അറിയിച്ചിട്ടുണ്ട്. ഓരോ മുൻ‌കൂർ അനുവാദ പ്രകാരവും, ഒരാൾക്ക് മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക. കുടുംബാംഗങ്ങളുടെ ഉൾപ്പടെ, ഒന്നിൽ കൂടുതൽ പേർക്കുള്ള സേവനങ്ങൾക്കായി ഓരോരുത്തർക്കും പ്രത്യേകം മുൻ‌കൂർ അനുവാദത്തിനായി ഓൺലൈനിലൂടെ അപേക്ഷ നൽകേണ്ടതാണ്.