അബുദാബിയിലെ യാത്രാ നിയന്ത്രണങ്ങളുടെ കാലാവധി നീട്ടി; ജൂൺ 16 മുതൽ ഒരാഴ്ച്ച കൂടി തുടരും

Family & Lifestyle GCC News

അബുദാബിയിൽ കഴിഞ്ഞ രണ്ടാഴ്ച്ചയായി ഏർപ്പെടുത്തിയിട്ടുള്ള യാത്രാ നിയന്ത്രണങ്ങൾ ജൂൺ 16, ചൊവാഴ്ച്ച മുതൽ ഒരാഴ്ച്ചത്തേക്ക് കൂടി തുടരാൻ തീരുമാനിച്ചതായി അധികൃതർ അറിയിച്ചു. കൊറോണാ വൈറസ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജൂൺ 2 മുതൽ അബുദാബിയിൽ, എമിറേറ്റിന്റെ വിവിധ മേഖലകളിലേക്കും, എമിറേറ്റിന് പുറത്തേക്കുമുള്ള യാത്രകൾക്ക് വിലക്കേർപ്പെടുത്തിയിരിക്കുകയാണ്.

ഈ നിയന്ത്രണങ്ങളാണ് ഒരാഴ്ച്ച കൂടി തുടരാൻ എമിറേറ്റിലെ COVID-19 പ്രതിരോധവുമായി ബന്ധപ്പെട്ട എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ കമ്മിറ്റി തീരുമാനിച്ചത്. അബുദാബി പോലീസ്, അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് എന്നിവരുമായി സംയുക്തമായാണ് കമ്മിറ്റി ഈ തീരുമാനം കൈകൊണ്ടിട്ടുള്ളത്.

ഇതിന്റെ ഭാഗമായി അബുദാബിയിൽ നിന്ന് മറ്റു എമിറേറ്റുകളിലേക്കും, തിരികെ അബുദാബിയിലേക്കുമുള്ള യാത്രകൾക്കും, അബുദാബി, അൽ ഐൻ, അൽ ദഫ്‌റ മുതലായ എമിറേറ്റിന്റെ വിവിധ മേഖലകൾ തമ്മിലുള്ള യാത്രകൾക്കും ജൂൺ 2 മുതൽ ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ ഒരാഴ്ച്ചത്തേക്ക് കൂടി തുടരും. യു എ ഇ പൗരന്മാർ ഉൾപ്പടെ അബുദാബിയിലെ മുഴുവൻ നിവാസികൾക്കും ഈ നിയന്ത്രണങ്ങൾ ബാധകമാണെന്നു അറിയിച്ച പോലീസ്, പൊതുജനങ്ങളോട് ഈ നിയന്ത്രണങ്ങൾ കർശനമായി പാലിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

അബുദാബിയിലെ ഓരോ മേഖലയിലെയും നിവാസികൾക്ക്, അതാത് മേഖലകൾക്കുള്ളിൽ, അണുനശീകരണ പ്രവർത്തനങ്ങളുടെ സമയങ്ങളിൽ ഒഴികെ, സഞ്ചരിക്കുന്നതിനുള്ള അനുവാദം ഉണ്ടായിരിക്കും. അടിയന്തിര ആവശ്യങ്ങൾക്കായി മറ്റു മേഖലകളിലേക്ക് യാത്രകൾ ചെയ്യുന്നവർക്ക് ജൂൺ 2 മുതൽ ഏർപ്പെടുത്തിയിട്ടുള്ള മൂവ്മെന്റ് പെർമിറ്റ് സംവിധാനവും തുടരും.

https://es.adpolice.gov.ae/en/movepermit എന്ന വിലാസത്തിലൂടെ ഇത്തരം യാത്രകൾക്കുള്ള മൂവ്മെന്റ് പെർമിറ്റിന് അപേക്ഷിക്കാവുന്നതാണ്. മര്‍മ്മപ്രധാനമായ തൊഴിൽ മേഖലകളിലെ ജീവനക്കാർ, ചരക്ക് ഗതാഗതവുമായി ബന്ധപ്പെട്ടവർ, ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർ (മറ്റു മേഖലകളിലെയോ, എമിറേറ്റുകളിലെയോ ആശുപത്രികൾ സന്ദർശിക്കുന്നതിനായി) എന്നിവർക്കു യാത്രകൾക്കായി ഈ സംവിധാനത്തിലൂടെ മൂവ്മെന്റ് പെർമിറ്റുകൾ നേടാവുന്നതാണ്.

അബുദാബിയിലുടനീളം, റെസിഡൻഷ്യൽ മേഖലകൾ ഉൾപ്പടെ വിവിധ ഇടങ്ങളിൽ, നാഷണൽ സ്ക്രീനിങ് പ്രോഗ്രാമിന്റെ ഭാഗമായി, തീവ്രമായ COVID-19 പരിശോധനകൾ നടപ്പിലാക്കുന്നതിനാലാണ് ഈ യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത്. ഈ പരിശോധനകൾ നടപ്പിലാക്കുന്ന കാലയളവിൽ എമിറേറ്റിന്റെ വിവിധ മേഖലകളിലെ പൊതുജനങ്ങൾ തമ്മിൽ ഇടപഴകുന്നത് നിയന്ത്രിക്കുന്നതിനും, വൈറസ് വ്യാപനം തടയുന്നതിനുമായാണ് ഈ യാത്രാ വിലക്കുകൾ ലക്ഷ്യമിടുന്നത്. ജൂൺ 2 മുതൽ രണ്ടാഴ്ച്ച കാലയളവിൽ 388,000-ത്തിൽ പരം അബുദാബി നിവാസികളെ COVID-19 പരിശോധനകൾക്ക് വിധേയരാക്കിയതായി അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.