ബഹ്‌റൈൻ: റാപിഡ് ആന്റിജൻ പരിശോധനകൾ സ്വകാര്യ ഫാർമസികളിലും, ആശുപത്രികളിലും ലഭ്യമാണെന്ന് ആരോഗ്യ മന്ത്രാലയം

GCC News

രാജ്യത്തെ എല്ലാ സ്വകാര്യ ഫാർമസികളിലും, ആശുപത്രികളിലും, മെഡിക്കൽ കേന്ദ്രങ്ങളിലും COVID-19 റാപിഡ് ആന്റിജൻ പരിശോധനകൾ ലഭ്യമാണെന്ന് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. 2022 ഫെബ്രുവരി 13-നാണ് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ബഹ്‌റൈൻ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റിയുടെ സ്ഥിരീകരണം അനുസരിച്ചാണ് മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.

കിംഗ് ഫഹദ് കോസ് വേയിലൂടെ സൗദി അറേബ്യയിലേക്ക് യാത്ര ചെയ്യുന്നവർക്ക് റാപിഡ് ആന്റിജൻ പരിശോധന നടത്തേണ്ടതായ സാഹചര്യത്തിലാണ് മന്ത്രാലയം ഈ അറിയിപ്പ് നൽകിയിരിക്കുന്നത്. ഈ പരിശോധനകൾ നടത്തുന്നവർക്ക് അധികൃതർ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകൾ ലഭിക്കുമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.