യു എ ഇയിൽ വാഹനങ്ങളിൽ നിന്ന് നിരത്തിലേക്ക് മാലിന്യം വലിച്ചെറിയുമ്പോൾ ഓർക്കുക, 1000 ദിർഹം പിഴയും 6 ബ്ളാക്ക് പോയിന്റുകളും ചുമത്താവുന്ന ഒരു കുറ്റമാണ് നിങ്ങൾ ചെയ്യുന്നത്. വാഹനങ്ങൾ ഓടിക്കുന്നവരോ വാഹനങ്ങളിൽ സഞ്ചരിക്കുന്നവരോ പൊതു നിരത്തുകൾ മലിനമാക്കുന്ന വിധം മാലിന്യങ്ങൾ വലിച്ചെറിഞ്ഞാൽ ഗതാഗത നിയമത്തിലെ 71-മത് വ്യവസ്ഥയനുസരിച്ച് മേൽപ്പറഞ്ഞ ശിക്ഷാനടപടികൾ എടുക്കാവുന്നതാണെന്ന് അബുദാബി പോലീസ് അവരുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് വഴി ഓർമ്മിപ്പിക്കുന്നു.
കഴിഞ്ഞ വർഷം മാത്രം ഇത്തരത്തിൽ നിയമലംഘനം നടത്തിയ 355-ഓളം ഡ്രൈവർമാരാണ് ഈവിധത്തിൽ വാഹനങ്ങളിൽ നിന്ന് നിരത്തിലേക്ക് മാലിന്യം വലിച്ചെറിഞ്ഞതിനു പിടിക്കപ്പെട്ടത്. ഒരുകാരണവശാലും വാഹനങ്ങളിൽ സഞ്ചരിക്കുന്നവർ ഇത്തരത്തിലുള്ള പ്രവർത്തികൾ ചെയ്യരുതെന്ന് അധികൃതർ ആവശ്യപ്പെട്ടു.