കടലാസിന്റെ കഥയുമായി ലൂവർ അബുദാബി; സ്റ്റോറീസ് ഓഫ് പേപ്പർ പ്രദർശനം ഏപ്രിൽ 20 മുതൽ

featured GCC News

ലൂവർ അബുദാബിയിൽ വെച്ച് നടക്കുന്ന കടലാസിന്റെ ചരിത്രം വിവരിക്കുന്ന ‘സ്റ്റോറീസ് ഓഫ് പേപ്പർ’ പ്രദർശനം അബുദാബി ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം ചെയർമാൻ മുഹമ്മദ് ഖലീഫ അൽ മുബാറക് ഔദ്യോഗികമായി ഉദ്‌ഘാടനം ചെയ്തതായി എമിറേറ്റ്സ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ഈ പ്രദർശനത്തിലേക്ക് 2022 ഏപ്രിൽ 20, ബുധനാഴ്ച്ച മുതൽ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കുന്നതാണ്.

ലൂവർ അബുദാബിയിൽ വെച്ച് 2022-ൽ നടക്കുന്ന രണ്ടാമത്തെ അന്താരാഷ്ട്ര പ്രദർശനമാണ് ‘സ്റ്റോറീസ് ഓഫ് പേപ്പർ’. 2022 ഏപ്രിൽ 20 മുതൽ ജൂലൈ 24 വരെ സന്ദർശകർക്ക് ഈ പ്രദർശനത്തിലേക്ക് പ്രവേശനം അനുവദിക്കുന്നതാണ്.

ആദ്യ നൂറ്റാണ്ട് മുതൽ, പൗരാണിക ഏഷ്യ, യൂറോപ്പ് എന്നിവിടങ്ങളിൽ നിന്നും സമകാലിക അറേബ്യ വരെ പരന്ന് കിടക്കുന്ന കടലാസിന്റെ കലാപരമായ പൈതൃകം ഈ പ്രദർശനത്തിലൂടെ ദർശിക്കാവുന്നതാണ്. ഏതാണ്ട് രണ്ടായിരം വർഷത്തോളം സാംസ്‌കാരിക സമ്പർക്കത്തിനും, ബൗദ്ധികമായ കൈമാറ്റത്തിനും അടിത്തറ പാകിയ, രേഖകൾ സൂക്ഷിക്കുന്നതിന് ഒഴിച്ച് കൂടാനാകാത്ത, കടലാസിനെ അടുത്തറിയാൻ ഈ പ്രദർശനം അവസരമൊരുക്കുന്നു.

Source: WAM.

ഫ്രാൻസിലെ ലൂവർ മ്യൂസിയത്തിന്റെ (Musée du Louvre) പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന ഈ പ്രദർശനത്തിൽ നിരവധി അന്താരാഷ്ട്ര, സ്വകാര്യ സ്ഥാപനങ്ങളും പങ്ക് ചേരുന്നു. വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന വിവിധ തരത്തിലുള്ള കടലാസുകളെ അടുത്തറിയാൻ ഈ പ്രദർശനം സഹായകമാണ്. ഒരേ സമയം ലോലവും, ഇഷ്ടം പോലെ രൂപപ്പെടുത്താവുന്നതും, പൂര്‍വ്വസ്ഥിതി പ്രാപിക്കാനുള്ള നൈസര്‍ഗ്ഗിക കഴിവുള്ളതുമായ വിവിധ തരം കടലാസുകളുടെ ഉപയോഗങ്ങളെ ഈ പ്രദർശനം എടുത്ത് കാട്ടുന്നു.

പതിനാറോളം മ്യൂസിയങ്ങളിൽ നിന്നുള്ള ഏതാണ്ട് 100 കലാസൃഷ്‌ടികൾ ഈ പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിൽ പുസ്തകങ്ങൾ, കൈയെഴുത്തുപ്രതികൾ, ചിത്രകലകൾ, കടലാസിൽ നിർമിച്ചിട്ടുളള കലാസൃഷ്ടികൾ എന്നിവ ഉൾപ്പെടുന്നു.

ഇതിൽ ജാപ്പനീസ് കലാകാരൻ കറ്റ്സുഷിക ഹോകുസായിയുടെ പ്രസിദ്ധിയാര്‍ജ്ജിച്ച “ദ് ഗ്രേറ്റ് വേവ് ഓഫ് കനഗാവ” എന്ന മുദ്രണം, സര്‍പ്പാകൃതിയായ കാർഡ്ബോർഡ് നാടകളിൽ നിന്ന് ഇറ്റാലിയൻ കലാകാരൻ മൈക്കലാഞ്ചലോ പിസ്റ്റോലെറ്റോ നിർമ്മിച്ച ‘ദി ലാബറിന്ത്’ എന്ന അതിഗംഭീരമായ ദുര്‍ഘടമാര്‍ഗ്ഗരൂപത്തിലുള്ള കലാസൃഷ്ടി, അന്റോണിയോ പിസാണെല്ലോ, പാബ്ലോ പിക്കാസോ മുതലായവരുടെ കലാസൃഷ്ടികൾ, എമിറാത്തി കലാകാരന്മാരായ ഹസ്സൻ ഷെരീഫ്, അബ്ദുല്ല അൽ സാദി, മുഹമ്മദ് കാസിമി എന്നിവരുടെ കടലാസ് അടിസ്ഥാനമാക്കിയുള്ള കലാസൃഷ്ടികൾ മുതലായവ ശ്രദ്ധേയമാണ്. കാലത്തിലൂടെ യാത്ര ചെയ്ത് കൊണ്ട് വിവിധ സംസ്കാരങ്ങളിൽ കടലാസ് എന്ന വസ്തു വിവിധ രീതികളിൽ ഉപയോഗപ്പെടുത്തിയിരുന്നതിന്റെ ഉദാഹരണങ്ങൾ അടുത്തറിയാൻ ഈ പ്രദർശനത്തിലൂടെ സന്ദർശകർക്ക് അവസരം ലഭിക്കുന്നു.

WAM