മയങ്ങുന്ന ബുദ്ധിയും മരവിക്കുന്ന മനുഷ്യത്വവും…

Editorial

കേരളത്തിന്റെ യുവത്വത്തിലേക്കും, കുട്ടികൾക്കിടയിലേക്കും നുഴഞ്ഞുകയറുന്ന നിശബ്ദമായ ഒരു വിനാശകാരിയാണ് മയക്കുമരുന്നും, ലഹരി പദാർത്ഥങ്ങളും. കുട്ടികളിലേക്ക് മിഠായി രൂപത്തിലും, ജാമിന്റെ രൂപത്തിലും, പ്ലാസ്റ്ററിന്റെ രൂപത്തിലും, വിവിധതരം പായ്ക്കറ്റ് അച്ചാറുകളുടെ രൂപത്തിലും ഈ അപകടം കടന്നു ചെല്ലുന്നു. ഏതൊരുകാര്യം നമ്മെ വീണ്ടും വീണ്ടും അമിതമായി ആഗ്രഹിപ്പിക്കുന്നു എങ്കിൽ മനസ്സിൽ അതിനെ ലഹരിയായി മനസ്സിലാക്കാം. അത് ഭക്ഷണമായാലും, ആഗ്രഹമായാലും, നമ്മുടെ ചിന്തകൾക്ക് തടസ്സമായി ആഗഹങ്ങൾക്ക് മേൽക്കോയ്മ കല്പ്പിക്കുന്ന എന്തൊന്നിനെയും ലഹരിയായി കണക്കാക്കാം. വളരെ കുറഞ്ഞ അനുപാതത്തിൽ ലഭ്യമാകുന്നതും, ആരുടേയും കണ്ണിൽ പെടാതെ സൂക്ഷിക്കാൻ എളുപ്പമായതിനാലും ഒരു പരിധിവരെ മയക്കുമരുന്നുകളുടെ ഉപയോഗത്തെ ചെറുക്കാൻ പ്രയാസമാണ്. ബോധം നശിക്കാതിരിക്കാൻ ബോധവല്ക്കരണം അനിവാര്യം എന്ന വരികൾ ഓർത്തുകൊണ്ട് നമ്മുടെ കുഞ്ഞുങ്ങളെയും, യുവതയെയും മരവിപ്പിക്കുന്ന ഈ വിനാശകാരിയായ വിപത്തിനെ എങ്ങിനെ ചെറുക്കാം എന്ന് നാം ഒരുമയോടെ ആലോചിക്കേണ്ടതുണ്ട്.

ആദ്യമായി വീടുകൾക്കുള്ളിലെ അന്തരീക്ഷങ്ങളിൽ വന്ന മാറ്റത്തെ ഒന്ന് അവലോകനം ചെയ്യാം. മുൻപെല്ലാം കുട്ടികൾ സ്കൂളിൽ നിന്നും വൈകിയെത്തിയാൽ വീട്ടിലെ മുതിർന്നവർ അവരോട് ചോദിക്കുമായിരുന്നു, എന്തുകൊണ്ട് വൈകി, എവിടെപ്പോയി എന്നെല്ലാം. എന്നാൽ ഇന്ന് പല വീടുകളിലെയും അവസ്ഥ കുട്ടികളെ അവരുടേതായ സ്വാതന്ത്ര്യത്തിൽ വളർത്തുന്നു എന്ന് പറഞ്ഞു അവരിൽ നിന്നും മാനസികമായൊരു അകൽച്ച മാതാപിതാക്കൾ അവർപോലുമറിയാതെ തിരക്കുകളുടെ തിരശീലകൊണ്ട് മറച്ചുപിടിച്ച് വളർത്തിയെടുക്കുന്നു. കുട്ടികൾ കളിസ്ഥലങ്ങളിൽ പോകുമ്പോൾ അവരുടെ കൂടെ ഇടയ്ക്ക് ചെന്ന് ആരോടെല്ലാം അവർ സംസാരിക്കുന്നു, കൂട്ടുകൂടുന്നു എന്നുകൂടി തിരക്കുകൾക്കിടയിൽ അറിയാൻ ഓരോ വീടുകളും തയ്യാറാവണം. കുട്ടികളുടെ യൂണിഫോം, വസ്ത്രങ്ങൾ എന്നിവ മാതാപിതാക്കൾ പരിശോധിക്കാൻ സമയം കണ്ടെത്തണം, പലപ്പോഴും കുട്ടികൾ തന്നെ അവരുടെ ഡ്രെസ്സുകൾ വാഷിംഗ് മെഷീനിൽ ഇടുന്നതിലെ സൗകര്യം ഒരു മറയാക്കാൻ അവസരം നല്കാതിരിക്കുന്നതായിരിക്കും നല്ലതെന്നു തോന്നുന്നു. കുട്ടികളുടെ കൈത്തണ്ടയിലും, കാലിലും കാണുന്ന മുറിപ്പാടുകൾ, അവരുടെ കണ്ണുകൾക്കുണ്ടാകുന്ന തെളിച്ചക്കുറവ് എന്നിവ മനസ്സിലാക്കാനും, അവരെ ചേർത്തുനിർത്തി മനസ്സ് തുറന്നു സംസാരിക്കാൻ അവർക്ക് ധൈര്യം പകരുകയും  ചെയ്യണം. പലപ്പോഴും ഇത്തരം ലഹരിയിൽ അഭയം കണ്ടെത്തുന്ന കുട്ടികൾ പേടിയോടെയാണ് മാതാപിതാക്കളോട് ഇത്തരത്തിലുള്ള കാര്യങ്ങൾ പറയാതിരിക്കുന്നത്. അവരിലേക്ക് ലഹരി പകർന്നു നൽകുന്നവർ അവരെ പറഞ്ഞു ഭയപ്പെടുത്തുന്നതും ഇതിനൊരു കാരണമായി കാണാം. അതിനാൽ മക്കളെത്ര വളർന്നാലും മാതാപിതാക്കൾക്ക് അവർ എന്നും കുഞ്ഞുങ്ങൾ തന്നെ എന്ന തത്വം മുൻ നിർത്തി അവരോട് തുറന്നു സംസാരിക്കാൻ നമ്മുടെ കുടുംബാന്തരീക്ഷങ്ങൾ തയ്യാറാവണം അല്ലങ്കിൽ മാറിവരണം.

സ്കൂളുകളിലെ നിരീക്ഷണം, കുട്ടികൾ അവരുടെ ക്ലാസുകൾ കഴിഞ്ഞാൽ ഗെയ്റ്റ് കടക്കുന്നതുവരെയുള്ളു ചില സ്കൂളുകളുടെ കുട്ടികളിന്മേലുള്ള ഉത്തരവാദിത്വം. പണ്ടെല്ലാം സ്കൂൾ കഴിഞ്ഞാൽ അതിനടുത്ത പരിസരങ്ങൾ, കുറ്റിക്കാടുകൾ ഇവയെല്ലാം ഇടയ്ക്കിടയ്ക്ക് പരിശോധിക്കുന്ന പതിവുണ്ടായിരുന്നത് അവിടെയുള്ള നിധി കണ്ടെടുക്കാനായിരുന്നില്ല എന്ന് ഓർമ്മിപ്പിക്കട്ടെ. കുട്ടികൾ കളയുന്ന മിഠായി പൊതികൾ, കടലാസുകൾ എല്ലാം ഇടയ്ക്കിടയ്ക്ക് പരിശോധിക്കാൻ സ്കൂൾ അധികൃതർ സമയം കണ്ടെത്തണം.സമൂഹത്തിലെ ഇത്തരം കാര്യങ്ങളിൽ ശ്രദ്ധിക്കേണ്ടത് പോലീസ് സംവിധാനത്തിന്റെ മാത്രം ഉത്തരവാദിത്തമല്ല എന്ന് നാം മനസ്സിലാക്കിയാൽ ഇത്തരം ശ്രദ്ധകൾക്കെല്ലാം സമയം കണ്ടെത്താൻ കഴിയും. കുട്ടികളിൽ കാണപ്പെടുന്ന നിസ്സംഗത, വിഷാദാവസ്ഥ, ഉറക്കക്ഷീണം എല്ലാം അധ്യാപകരും ശ്രദ്ധയോടെ നിരീക്ഷിക്കുന്നത് അവരിലേക്ക് കൂടുതൽ കാഴ്ച്ച ലഭിക്കാൻ സഹായിക്കും.

സമൂഹത്തിനും നമ്മുടെ ഭാവിതലമുറയുടെ മുകളിൽ ശ്രദ്ധവേണ്ടത് അനിവാര്യമാണ്, പലപ്പോഴും കുട്ടികളെ (കുട്ടികൾ എന്നത് സ്കൂൾ കുട്ടികൾ മാത്രമല്ല, മുതിർന്ന കുട്ടികളെയും ) കൂട്ടായി ഇരിക്കുന്നതു ശ്രദ്ധയിൽ പെട്ടാൽ സമൂഹത്തിൽ നിന്നും അവിടെ അയല്പക്കത്തുള്ളവർ ഒറ്റയ്ക്കല്ലാതെ അവരെ അടുത്തുചെന്നു നിരീക്ഷിക്കണം, അവർ കുട്ടികളാണ് ചെയ്യുന്ന തെറ്റുകൾ എന്തുതന്നെയായാലും അതിന്റെ ഭവിഷ്യത്തുകൾ മനസ്സിലാക്കാതെ അവർ നടത്തുന്ന തർക്കങ്ങളിലേയ്ക്ക് ശ്രദ്ധകൊടുക്കാതിരുന്നാൽ നല്ലതെന്നു തോന്നുന്നു. പലപ്പോഴും മുതിർന്നവരായി ചെല്ലുന്നവർ അവരെയും  തങ്ങളുടെ സമപ്രായക്കാരായി കണ്ട് ഉപദേശത്തിന്റെ കൂടു തുറന്നു വിടുകയാണ് പതിവ് എന്നാൽ ഇതിൽ നിന്നും മാറി അവരുടെ ഭാവിയെക്കുറിച്ചോർത്ത് അവരെ കരുതലോടെ പറഞ്ഞു മനസ്സിലാക്കുന്നതായിരിക്കും നല്ലത്. അതിന് സമൂഹത്തിൽ നമുക്കൊപ്പം ചേർന്ന് നില്ക്കുന്ന പോലീസ് സംവിധാനങ്ങളെയും ഉപയോഗപ്പെടുത്താം, പലപ്പോഴും പോലീസിനെ ഒരു ഭീതിയോടെയാണ് സമൂഹം നോക്കിക്കാണുന്നതെന്നു തോന്നിയിട്ടുണ്ട്, വിമർശന ബുദ്ധിയോടെയാണ് പലപ്പോഴും നമ്മുടെ സമൂഹം പോലീസ് സംവിധാനങ്ങളെ കാണുന്നത്, അവരും മനുഷ്യരാണ് അവർക്കും സമൂഹത്തിൽ ഇത്തരത്തിലുള്ള തിന്മകൾക്കെതിരായി നില്ക്കാനെ കഴിയൂ. അതുകൊണ്ട് സമൂഹം പോലീസ് സംവിധാനങ്ങളെ സമൂഹത്തിന്റെ ഒരു ശക്തി സ്രോതസ്സായി കാണേണ്ടത് അനിവാര്യം.

പോലീസ് സംവിധാനങ്ങളിൽ പുതിയ ഒരു മൊബൈൽ അപ്ലിക്കേഷൻ “യോദ്ധാവ്” എന്ന പേരിൽ കൊണ്ടുവരുന്നു. നാം പ്രതീനിധീകരിക്കുന്ന സമൂഹത്തിൽ ഒറ്റയ്ക്ക് എന്ന ചിന്ത ദൂരെ നിർത്തി സമൂഹത്തിന്റെ ഒരു വലിയ ശതമാനം നമുക്ക് കൂടെയുണ്ട് എന്ന് ചിന്തിച്ചുകൊണ്ട് നമുക്ക് ചുറ്റും നാം കാണുന്ന ലഹരി ഉപയോഗമോ, വിൽക്കുന്നവരെ കുറിച്ചുള്ള അറിവോ പൊലീസിന് നേരിട്ട് കൈമാറാൻ ഈ അപ്പ്ളിക്കേഷനിലൂടെ സാധ്യമാകും എന്നാണു പോലീസ് ജനങ്ങളുമായി പങ്കുവയ്ക്കുന്നത്.  ഫെബ്രുവരി 15,  2020 രാവിലെ 11:45 ന് ബഹുമാനപ്പെട്ട  കേരള മുഖ്യമന്ത്രി ശ്രി പിണറായി വിജയൻ ഈ അപ്ലിക്കേഷൻ ഉദ്ഘാടനം ചെയ്യുന്നതിലൂടെ “യോദ്ധാവ്” എന്ന അപ്ലിക്കേഷൻ ജനങ്ങളുടെ മുന്നിലേക്കെത്തും.  ‘യോദ്ധാവ്’ എന്ന വാട്ട്‌സ്ആപ്പ് പ്ലാറ്റ്‌ഫോമിലാണ് ആപ്ലിക്കേഷൻ വികസിപ്പിച്ചിരിക്കുന്നത്. അതിനാൽ ഉപഭോക്താക്കൾ  പ്ലേസ്റ്റോറിൽ നിന്നോ ആപ് സ്റ്റോറിൽ നിന്നോ ഒരു പ്രത്യേക ആപ്ലിക്കേഷൻ ഡൗൺലോഡുചെയ്യേണ്ടതില്ല. മറ്റേതൊരു വാട്ട്‌സ്ആപ്പ് സന്ദേശത്തെയും പോലെ യോദ്ധാവ് നമ്പറിലേക്ക് അയക്കാവുന്നതാണ്. (വാട്ട്‌സ്ആപ്പ് നമ്പർ ഉദ്‌ഘാടന വേളയിൽ പ്രഖ്യാപിക്കുന്നതാണ്).

നാം ഒരുമിച്ച് ചെറുക്കേണ്ട ഹാനികരമായ ഒരു വിപത്താണ് ലഹരിമരുന്ന് കച്ചവടവും അതിന്റെ ഉപയോഗവും. ഇതിൽ നിന്നും ലാഭമെടുക്കുന്നവർ സമൂഹത്തിലെ വലിയ ശതമാനമല്ല മറിച്ച് ഒരു ചെറിയ ശതമാനമാണ് ഇത്തരം കച്ചവടത്തിൽ ഏർപ്പെട്ടിരിക്കുന്നതെന്നും, അവരുടെ ലാഭത്തെയോ, അതിൽ പറയുന്ന കച്ചവട ശാസ്ത്രത്തെയോ നാം ഭയക്കേണ്ടതില്ല, ഭയക്കേണ്ടത് ബുദ്ധിമരവിച്ച് സമൂഹത്തിൽ അവരവരുടെ  മനഃസാക്ഷിയ്ക്ക് നിരക്കാത്ത രീതിയിൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന കുഞ്ഞു മനസ്സുകളെയാണ്. അവരെ നേർവഴി കാണിച്ചു കൊടുക്കാൻ നാം ഏകമനസ്സോടെ വിമർശനങ്ങൾ മാറ്റിവയ്ച്ച ഒറ്റകെട്ടായി നിൽക്കാൻ അപേക്ഷിച്ചുകൊണ്ട് ഈ സ്നേഹ ദിനത്തിൽ , ലഹരിയിൽ എരിഞ്ഞടങ്ങാതെ  സ്നേഹത്തിൽ കുതിർന്നൊരു നാളേയ്ക്കായി നമുക്ക് ഏവർക്കും കാത്തിരിക്കാം.

പ്രവാസി ഡെയ്‌ലി എഡിറ്റോറിയൽ