യു എ ഇ: വിമാന സർവീസുകൾ നിർത്തിവെച്ചതായുള്ള വാർത്തകൾ വ്യാജം

GCC News

യു എ ഇയിലേക്കും രാജ്യത്തിന് പുറത്തേക്കുമുള്ള അന്താരാഷ്ട്ര വിമാന സർവീസുകൾ നിർത്തിവെച്ചു എന്ന രീതിയിൽ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാർത്തകൾ തള്ളിക്കൊണ്ട് ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (GCAA) അറിയിപ്പ് പുറപ്പെടുവിച്ചു. നിലവിൽ ഇങ്ങിനെ ഒരു തീരുമാനം കൈകൊണ്ടിട്ടില്ലെന്നും, ഇത്തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്നും ഞായറാഴ്ച്ച രാത്രി പുറത്തിറക്കിയ അറിയിപ്പിൽ GCAA വ്യക്തമാക്കി.

ജനങ്ങളോട് ഇത്തരത്തിൽ ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നല്ലാത്ത വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിൽ നിന്ന് പിന്മാറാനും GCAA ആഹ്വനം ചെയ്തു.

മാർച്ച് 17 മുതൽ പുതിയ വിസാ നടപടികൾ താത്കാലികമായി നിർത്തിവെക്കുന്നു എന്ന അറിയിപ്പ് വന്നതിനു പിറകെ ഞായറാഴ്ച സമൂഹ മാധ്യമങ്ങളിലൂടെ യു എ ഇയിലെ വിമാനത്താവളങ്ങൾ അടച്ചിടുന്നു എന്ന തരത്തിലുള്ള സന്ദേശങ്ങൾ പ്രചരിച്ചിരുന്നു.

വിമാന സർവീസുകൾ നിർത്തിവെച്ചതായുള്ള വാർത്തകൾ വ്യാജമാണെന്ന് ഇന്നലെ ദുബായ് എയർപോർട്ട് അധികൃതരും ട്വിറ്ററിലൂടെ വ്യക്തമാക്കിയിരുന്നു.