Covid-19 പ്രതിരോധം: നിയന്ത്രണങ്ങൾ കർശനമാക്കി സൗദി അറേബ്യ

GCC News

രാജ്യത്തെ Covid-19 പ്രതിരോധ നടപടികളുടെ ഭാഗമായുള്ള നിയന്ത്രണങ്ങൾ ഇന്ന് മുതൽ സൗദി അറേബ്യ കൂടുതൽ കർശനമാക്കുന്നു. ആരോഗ്യം, സുരക്ഷ, സൈന്യം, വിദൂരവിദ്യാഭ്യാസത്തിന്റെ നടത്തിപ്പ് മുതലായ അടിയന്തിര സ്വഭാവമുള്ള രംഗങ്ങളിലൊഴികെ എല്ലാ ഗവണ്മെന്റ് സംവിധാനങ്ങളിലും 16 ദിവസത്തേയ്ക്ക് തൊഴിലിടങ്ങളിൽ ജീവനക്കാർ ജോലിക്കായി എത്തുന്നത് നിരോധിച്ചതായി സർക്കാർ അറിയിച്ചു. കൊറോണാ വൈറസിന്റെ വ്യാപനം തടയുന്നതിനായി ആരോഗ്യ രംഗത്തെ വിദഗ്ദ്ധരുടെ നിർദ്ദേശങ്ങളെതുടർന്നാണ് ഈ നടപടികൾ.

ആരോഗ്യ സുരക്ഷയുടെ ഭാഗമായി നടപ്പിലാക്കുന്ന മറ്റു നിയന്ത്രണങ്ങൾ:

  • മരുന്ന് കടകൾ, ഭക്ഷണ വിതരണ സംവിധാനങ്ങൾ എന്നിവ ഒഴികെയുള്ള എല്ലാ വാണിജ്യ സ്ഥാപനങ്ങളും, ഷോപ്പിംഗ് മാളുകളും അടച്ചിടും. തുറക്കാൻ അനുമതിയുള്ള ഇടങ്ങളിൽ ഓരോ ഉപഭോക്താവും ഉപയോഗിച്ച ഷോപ്പിംഗ് കാർട്ടുകൾക്ക് ഉപയോഗ ശേഷം ശുചീകരണ, അണുനശീകരണ പ്രവർത്തനങ്ങൾ നിർബന്ധമാക്കി. സലൂണുകൾ, ബ്യൂട്ടി പാർലറുകൾ എന്നിവയ്ക്കും അടച്ചിടാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
  • ഹോട്ടലുകൾ, ഭക്ഷ്യവസ്തുക്കളുമായി ബന്ധപ്പെട്ട ഇടങ്ങൾ എന്നിവയിലെല്ലാം പാർസൽ സേവനങ്ങൾ മാത്രമാക്കി ചുരുക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്.
  • പാർക്കുകൾ, ബീച്ചുകൾ, റിസോർട്ടുകൾ, ക്യാമ്പുകൾ എന്നിവയെല്ലാം താത്കാലികമായി അടച്ചിടും.
  • ലേലം നടപടികൾ എല്ലാം നിർത്തിവെക്കും
  • ഗവണ്മെന്റ് ഓഫീസുകളിൽ പരമാവധി പ്രവർത്തനങ്ങൾ ഡിജിറ്റൽ രൂപത്തിലാക്കും. ഗവണ്മെന്റ് ഓഫീസുകൾ മറ്റു കമ്പനികൾ തമ്മിലുള്ള ഇടപാടുകൾ ആളുകൾ നേരിട്ടിടപഴകുന്നതിനു പകരം ടെലിഫോൺ, ഡിജിറ്റൽ സംവിദാനങ്ങൾ എന്നിവയിലൂടെ ആയി ചുരുക്കും.
  • എല്ലാ സ്ഥാപനങ്ങളോടും ജീവനക്കാർ തൊഴിലിടങ്ങളിലേക്ക് വരുന്നത് കഴിയുന്നതും ഒഴിവാക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. ജീവനക്കാരോട് വീടുകളിൽ നിന്ന് ജോലികൾ നിയന്ത്രിക്കുന്ന നടപടികൾ കൈക്കൊള്ളാൻ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകി.
  • രാജ്യത്തിന്‌ പുറത്തു നിന്ന് യാത്ര ചെയ്തു വന്നിട്ടുള്ള ജീവനക്കാർക്ക് 14 ദിവസത്തെ ഹോം ക്വാറന്റീൻ നിർബന്ധമായും പാലിക്കാൻ നിർദ്ദേശിക്കാൻ സ്ഥാപനങ്ങളോട് ആവശ്യപെട്ടിട്ടുണ്ട്.

മാർച്ച് 16, തിങ്കളാഴ്ച്ച മുതൽ ഈ നിർദ്ദേശങ്ങൾ നടപ്പിലാവുമെന്നും അറിയിപ്പിൽ പറയുന്നുണ്ട്.