രണ്ട് പേർക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു: മന്ത്രി കെ.കെ. ശൈലജ ടീച്ചർ

Kerala News

എറണാകുളം മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള മൂന്ന് വയസുള്ള കുട്ടിയുടെ മാതാപിതാക്കൾക്ക് കോവിഡ് 19  സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർ പറഞ്ഞു. പത്തനംതിട്ടയിൽ രോഗബാധ സ്ഥിരീകരിച്ച വ്യക്തികളുമായി സമ്പർക്കമുണ്ടായിരുന്ന പത്തനംതിട്ട ജില്ലയിലെ 4 പേർക്കും കോട്ടയം ജില്ലയിലെ 2 പേർക്കും കൂടി നേരത്തെ കോവിഡ് 19  സ്ഥിരീകരിച്ചിരുന്നു. ഇതോടെ സംസ്ഥാനത്ത് 14 പേർക്ക് കോവിഡ് 19 ബാധിച്ചതായി മന്ത്രി പറഞ്ഞു.

കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള 85 വയസിന് മുകളിൽ പ്രായമുള്ള രണ്ട് പേർ ഹൈ റിസ്‌കിലുള്ളവരാണ്. നിലവിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവരുടെ ആരോഗ്യനിലയിൽ ആശങ്ക വേണ്ടെന്ന് മന്ത്രി വ്യക്തമാക്കി. ആരോഗ്യ വകുപ്പിന്റെ അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു മന്ത്രി. ഭയപ്പെടേണ്ട കാര്യമില്ലെന്നും എല്ലാവരും സഹകരിച്ച് പ്രവർത്തിക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1495 പേർ നിരീക്ഷണത്തിലാണ്. ഇതിൽ 1236 പേർ വീടുകളിലും 259 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. സംശയാസ്പദമായവരുടെ 980 സാമ്പിളുകൾ എൻ.ഐ.വി.യിൽ പരിശോധനയ്ക്ക് അയച്ചതിൽ 815 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്. തിരുവനന്തപുരം, കോഴിക്കോട് മെഡിക്കൽ കോളേജുകളിൽ പരിശോധനാ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. കോഴിക്കോട് മെഡിക്കൽ കോളേജിൽ 9 പരിശോധനകൾ നടത്തി. അവയെല്ലാം നെഗറ്റീവാണ്.

തിരുവനന്തപുരത്ത് ബുധനാഴ്ച മുതൽ പരിശോധന തുടങ്ങും. തൃശൂർ മെഡിക്കൽ കോളേജിലും രാജീവ് ഗാന്ധി ബയോടെക്നോളജി സെന്ററിലുംസംസ്ഥാന പബ്‌ളിക് ഹെൽത്ത് ലാബിലും പരിശോധിക്കാനുള്ള അനുമതി കേന്ദ്രത്തോടു ചോദിച്ചിട്ടുണ്ട്.
മുഖം, മൂക്ക്, കണ്ണുകൾ എന്നിവ സ്പർശിക്കുന്നത് ഒഴിവാക്കുക. തുമ്മുമ്പോഴും, ചുമയ്ക്കുമ്പോഴും വായും, മൂക്കും തൂവാല കൊണ്ട് മൂടേണ്ടതും, ഇടയ്ക്കിടെ കൈകൾ സോപ്പും, വെളളവും ഉപയോഗിച്ച് കഴുകേണ്ടതുമാണ്. കോവിഡ് 19 രോഗലക്ഷണങ്ങൾ ഉള്ളവരും അവരെ പരിചരിക്കുന്നവരും മാത്രം  മാസ്‌ക് ധരിച്ചാൽ മതിയെന്ന് മന്ത്രി പറഞ്ഞു.

വൈകിട്ടു നടന്ന അവലോകന യോഗത്തിൽ ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ എൻ. ഖോബ്രഗഡെ, എൻ.എച്ച്.എം. സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ. രത്തൻ ഖേൽക്കർ, കെ.എം.എസ്.സി.എൽ. എം.ഡി. ഡോ. നവജ്യോത് ഖോസ, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. ആർ.എൽ. സരിത, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. എ. റംലാബീവി, അഡീ. ഡയറക്ടർമാരായ ഡോ. വി. മീനാക്ഷി, ഡോ. ബിന്ദു മോഹൻ, സ്റ്റേറ്റ് പബ്ലിക് ഹെൽത്ത് ലാബ് ഡയറക്ടർ ഡോ. സുനിജ, കോവിഡ് 19 സ്റ്റേറ്റ് നോഡൽ ഓഫീസർ ഡോ. അമർ ഫെറ്റിൽ, എസ്.എ.ടി. ആശുപത്രി സൂപ്രണ്ട് ഡോ. എ. സന്തോഷ് കുമാർ, കെസാക്സ് പ്രോജക്ട് ഡയറക്ടർ ഡോ. ആർ. രമേഷ്, എസ്.എച്ച്.എസ്.ആർ.സി. എക്സി. ഡയറക്ടർ ഡോ. കെ.എസ്. ഷിനു, സംസ്ഥാന പകർച്ചവ്യാധി പ്രതിരോധ സെൽ ഡയറക്ടർ ഡോ. പി.എസ്. ഇന്ദു എന്നിവർ പങ്കെടുത്തു.