രാജ്യത്തെ പൗരമാരുടെയും മറ്റു നിവാസികളുടെയും വിദേശ യാത്രകളും, വിവിധ രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകളും സൗദി അറേബ്യ താത്ക്കാലികമായി നിർത്തിവെച്ചതായി സൂചന. ആഭ്യന്തര മന്ത്രാലയത്തിലെ അധികൃതരെ ഉദ്ധരിച്ച് കൊണ്ട് സൗദി സർക്കാർ പത്ര ഏജൻസിയാണ് ഈ വിവരം അല്പം മുൻപ് പുറത്തുവിട്ടത്. കൊറോണാ വൈറസ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ തീരുമാനം.
യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ, സ്വിറ്റ്സർലൻഡ്, ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക, ഫിലിപ്പീൻസ്, സുഡാൻ, എത്യോപ്യ, സൗത്ത് സുഡാൻ, എറിത്രിയ, കെനിയ, ജിബൂട്ടി, സൊമാലിയ, എന്നീ രാജ്യങ്ങളിലേക്കാണ് രാജ്യത്ത് നിന്നുള്ള യാത്രകളും വിമാനസർവീസുകളും വിലക്കിയിട്ടുള്ളത്. ഈ രാജ്യങ്ങളിൽ നിന്നുള്ളവർക്കും, ഈ രാജ്യങ്ങളിൽ കഴിഞ്ഞ 14 ദിവസങ്ങൾക്കിടെ സന്ദർശിച്ചവർക്കും സൗദിയിൽക്ക് പ്രവേശിക്കുന്നതിനും വിലക്ക് ബാധകമാണ്. സൗദിയിലെ ആരോഗ്യ രംഗത്തെ വിദഗ്ധരുടെ നിദ്ദേശത്തെ തുടർന്നാണ് ഈ നടപടി.
ജോർദാനിലേക്കുള്ള കരമാർഗമുള്ള യാത്രകളും നിരോധിച്ചിട്ടുണ്ട്. ഇന്ത്യയിൽ നിന്നും ഫിലിപ്പീൻസിൽ നിന്നുമുള്ള ആരോഗ്യ രംഗത്തെ പ്രവർത്തകർക്കും, പൗരന്മാരെ ഒഴിപ്പിക്കുന്നതിനായി നടത്തുന്ന വിമാനസർവീസുകളെയും, ചരക്ക് ഗതാഗതങ്ങളെയും ആവശ്യമായ സുരക്ഷായ മാനദണ്ഡങ്ങളോടെ ഈ വിലക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.