അബുദാബി – റോഡിൽ വാഹനങ്ങൾ തമ്മിൽ നിശ്ചിത ദൂരം പാലിക്കാത്ത നൂറിലധികം ഡ്രൈവർമാർക്ക് പിഴ

GCC News

വാഹനങ്ങൾ തമ്മിൽ നിശ്ചിത അകലം പാലിക്കാതെയുള്ള ഡ്രൈവിംഗ് രീതികൾ തടയാനായി 2020 ജനുവരി 15 മുതൽ അബുദാബിയിൽ നിലവിൽ വന്ന സ്മാർട് സിസ്റ്റത്തിലൂടെ, ആദ്യ ആഴ്ച തന്നെ 178 ഡ്രൈവർമാരിൽ നിന്ന് 400 ദിർഹം പിഴ ഈടാക്കി. മറ്റു വാഹനങ്ങളെ കടന്ന് പോകാൻ അനുവദിക്കാതെ തടസമായി ഫാസ്റ്റ് ലേനിൽ പതിയെ വാഹനമോടിക്കുന്നവരുടെ നിയമലംഘനവും ഇതിൽ ഉൾപ്പെടും.

ഡ്രൈവിങ്ങിൽ മാന്യതയും, പരസ്പര സഹകരണവും, ഉത്തരവാദിത്വവും ഉറപ്പാക്കുന്നതിന്റെയും അതിലൂടെ അപകടങ്ങൾ ഒഴിവാക്കുന്നതിന്റെയും ഭാഗമായി, അബുദാബി പോലീസ്, റോഡിൽ തമ്മിൽ അകലം പാലിക്കാതെ വാഹനമോടിക്കുന്നവർക്കെതിരെ നടപടികൾ കർശനമാക്കിയിരുന്നു.

മുന്നിലെ വാഹനത്തിന്റെ തൊട്ടു പുറകിൽ അപകടകരമായി വാഹനമോടിക്കുക, മറ്റു വാഹനങ്ങളെ കടന്ന് പോകാൻ അനുവദിക്കാതെ തടസമായി വാഹനമോടിക്കുക, അക്ഷമയോടെ റോഡിൽ വാഹനമോടിക്കുക, മുന്നിലെ വാഹനത്തിന്റെ തൊട്ടുപിറകിൽ വന്ന് ഹോൺമുഴക്കിയും, ലൈറ്റ് തെളിയിച്ചും കടന്നു പോകാൻ ശ്രമിക്കുക എന്നീ ചീത്ത ശീലങ്ങൾ റോഡിൽ നിന്ന് അകറ്റുക എന്നതിന്റെ ഭാഗമായാണ് ഈ നിയമലംഘനങ്ങൾക്കെതിരെ ഇപ്പോൾ നടപടികൾ ശക്തമാക്കുന്നത്.