ഇറാനിൽ നിന്ന് 58 ഇന്ത്യാക്കാരെ നാട്ടിലെത്തിച്ചു

India News

കൊറോണാ വൈറസ് ബാധയുടെ സാഹചര്യത്തിൽ ഇറാനിൽ കുടുങ്ങിക്കിടന്നിരുന്ന ഇന്ത്യാക്കാരിലെ 58 പേരെ നാട്ടിലേക്ക് സുരക്ഷിതരായി എത്തിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹർഷ് വർദ്ധൻ ട്വിറ്ററിലൂടെ അറിയിച്ചു.

ഇറാനിൽ നിന്ന് പുലർച്ചെ തിരിച്ച ഇന്ത്യൻ വ്യോമസേനയുടെ വിമാനത്തിൽ എത്തിയ 25 പുരുഷന്മാർ, 31 സ്ത്രീകൾ, 2 കുട്ടികൾ എന്നിവരടങ്ങുന്ന ആദ്യ സംഘത്തിലെ എല്ലാവരും കൊറോണാ ബാധയുണ്ടോ എന്നറിയാനുള്ള സൂക്ഷ്മപരിശോധനയിൽ നെഗറ്റീവ് കണ്ടെത്തിയവരാണ്. ഇവർ 14 ദിവസത്തെ ക്വാറന്റീനിൽ തുടരും എന്ന് മന്ത്രി അറിയിച്ചു. ഇറാനിലുള്ള 529 ഇന്ത്യാക്കാരുടെ പരിശോധനയ്ക്കുള്ള സാമ്പിളുകളും ഈ വിമാനത്തിൽ എത്തിച്ചിട്ടുണ്ട്.

ഇന്നലെ രാത്രി 8.30-നാണ് ഇന്ത്യൻ വ്യോമസേനയുടെ എ സി – 17 ഗ്ലോബ്മാസ്റ്റർ വിമാനം ആരോഗ്യ സുരക്ഷാ സംഘങ്ങളുമായി ഉത്തർപ്രദേശിലെ ഹിന്ദോൻ വ്യോമസേനാത്താവളത്തിൽ നിന്ന് ടെഹ്‌റാനിലേക്ക് തിരിച്ചത്.