അന്താരാഷ്ട്ര വനിതാദിനാഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ 125 പോലീസ് സ്റ്റേഷനുകളില്‍ ഇന്ന് വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ സ്റ്റേഷന് ഹൗസ് ഓഫീസറുടെ ചുമതല നിര്‍വഹിച്ചു. പരാതിക്കാരെ സ്വീകരിച്ചതും പരാതികളില്‍ അന്വേഷണം നടത്തിയതും ജി.ഡി ചാര്‍ജ്ജിന്റെ ചുമതല വഹിച്ചതും ഉള്‍പ്പെടെയുളള എല്ലാ ദൈനംദിന ജോലികുളും നിര്‍വ്വഹിച്ചത് വനിതകളായ പോലീസ് ഉദ്യോഗസ്ഥരാണ്. കൂടാതെ മുഖ്യമന്ത്രിയുടെ സുരക്ഷാ വ്യൂഹത്തിലും വനിതാ പോലീസ് കമാന്റോകളാണ് ഉണ്ടായിരുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിതിചെയ്യുന്ന നോര്‍ത്ത് ബ്ലോക്കിന്റെ സുരക്ഷയും ഇന്ന് വനിതാ പോലീസ് ഗാര്‍ഡിനായിരുന്നു.
തിരുവനന്തപുരം ജില്ലയില്‍ 19 പോലീസ് സ്റ്റേഷനുകളിലാണ് വനിതകള്‍ സ്റ്റേഷന് ഹൗസ് ഓഫീസര്‍മാരുടെ ചുമതല വഹിച്ചത്. എറണാകുളത്ത് 12 സ്റ്റേഷനുകളിലും തൃശൂരില്‍ 17 സ്റ്റേഷനുകളിലും കോഴിക്കോട് 13 സ്റ്റേഷനുകളിലും വനിതകള്‍ ഇന്ന് സ്റ്റേഷന് ഹൗസ് ഓഫീസര്‍മാരായി.
തിരുവനന്തപുരം സിറ്റിയില്‍ വനിതാ പോലീസ് സ്റ്റേഷന്, കന്റോണ്‍മെന്റ്, മ്യൂസിയം, തമ്പാനൂര്‍, മെഡിക്കല്‍ കോളേജ്, പേരൂര്‍ക്കട, വട്ടിയൂര്‍ക്കാവ്, ഫോര്‍ട്ട്, പൂജപ്പുര, നേമം, കരമന, തിരുവല്ലം, കഴക്കൂട്ടം, വലിയതുറ എന്നീ സ്റ്റേഷനുകളിലാണ് വനിതാ ഇന്‍സ്പെക്ടറോ സബ്ബ് ഇന്‍സ്പെക്ടറോ സ്റ്റേഷന് ഹൗസ് ഓഫീസര്‍മാരുടെ ചുമതല വഹിച്ചത്.
ഒന്നിലധികം വനിതാ സബ്ബ് ഇന്‍സ്പെക്ടര്‍മാരുളള സ്റ്റേഷനുകളില്‍ നിന്ന് അവരുടെ സേവനം സമീപത്തെ മറ്റ് സ്റ്റേഷനുകളില്‍ ലഭ്യമാക്കിയിരുന്നു. വനിതാ ഓഫീസര്‍മാര്‍ ലഭ്യമല്ലാതിരുന്ന സ്ഥലങ്ങളില്‍ വനിതകളായ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരെയും സിവില്‍ പോലീസ് ഓഫീസര്‍മാരെയുമാണ് ആ ചുമതല നിര്‍വ്വഹിക്കാന്‍ നിയോഗിച്ചിരുന്നത്.
Source : State Police Media Centre Kerala