കൊറോണ വൈറസ് ബാധിച്ച പുതിയ പോസിറ്റീവ് കേസുകൾ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ തൃശൂർ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇതുവരെ 39 സാമ്പിളുകളാണ് പൂനെ നാഷനൽ വൈറോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിരുന്നത്. ഇതിലൊന്ന് പോസിറ്റീവ് കേസ് വീണ്ടും പരിശോധിക്കാനുള്ളതാണ്. അതിന്റെ ഫലം കിട്ടിയില്ല. 24 പേരുടെ ഫലം ലഭിച്ചതിൽ ഒന്നൊഴികെ എല്ലാം നെഗറ്റീവ് ആണ്. ഇത് ആശ്വാസകരമാണ്. എന്നാൽ, 14 ദിവസത്തെ ഇൻക്യുബേഷൻ പിരിയഡ് കഴിയാതെ പുതുതായി വന്ന ആരിലെങ്കിലും കൊറോണ വൈറസ് ഉണ്ടോയെന്ന് പറയാനാവില്ല. അതുകൊണ്ട് 28 ദിവസത്തെ സൂക്ഷ്മനിരീക്ഷണം തുടരും.
ചൈനയിലെ വുഹാനിൽനിന്നും പരിസര പ്രദേശങ്ങളിൽനിന്നുമുള്ള ആളുകളുടെ വരവ് ശനിയാഴ്ച കൂടുതൽ ഉണ്ടായിട്ടുണ്ട്. നാം ശ്രദ്ധാകേന്ദ്രങ്ങൾ കൂടുതലായി വർധിപ്പിക്കേണ്ടതുണ്ട് എന്നാണ് ഇത് സൂചിപ്പിക്കുന്നത്. ശനിയാഴ്ച ഇത്തരത്തിലുള്ള 322 പേർ പുതിയതായി കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരീക്ഷണത്തിയായിട്ടുണ്ട്. ഇപ്പോൾ, ആകെ 1793 പേർ നിരീക്ഷണത്തിലായിക്കഴിഞ്ഞു. വെള്ളിയാഴ്ച ഇത് 1471 പേരായിരുന്നു. രോഗലക്ഷണം കാണിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നവരുടെ എണ്ണത്തിലും വർധനവുണ്ട്. 21 പേരെ ശനിയാഴ്ച പുതുതായി അഡ്മിറ്റ് ചെയ്തു. വെള്ളിയാഴ്ച ഇത് 50 ആയിരുന്നു. ഇവർക്ക് നേരിയ രോഗലക്ഷണം മാത്രമാണ്. ഗുരുതരമല്ല. മുൻകരുതലെന്ന നിലയിലാണ് അഡ്മിറ്റ് ചെയ്തത്.
പോസിറ്റീവ് ആയ രോഗിയുമായി സംസാരിച്ചവരും മറ്റുമായി 69 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. അതിൽ 37 പേർ അടുത്തുനിന്ന് സംസാരിച്ചവരും മറ്റും ഉള്ളൂ. ബാക്കിയുള്ളവരെ വിദൂരമായ സമ്പർക്ക സാധ്യത കണക്കിലെടുത്ത് നിരീക്ഷണത്തിലാക്കിയവരാണ്. തൃശൂരിലെ കോൾ സെൻററിൽ ആകെ 251 കോൾ വന്നിട്ടുണ്ട്. മിക്കവാറും വിളികൾ മുൻകരുതൽ, രോഗപകർച്ച എന്നിവ സംബന്ധിച്ചായിരുന്നു.
ആൻറി മൈക്രോബിയൽ പ്രതിരോധവുമായി ബന്ധപ്പെട്ട് ലോകാരോഗ്യ സംഘടനയും ആരോഗ്യ വകുപ്പും ചേർന്ന് സംഘടിപ്പിച്ച യോഗം എറണാകുളത്ത് ഉണ്ടായിരുന്നു. അതിൽ പങ്കെടുത്ത ഏഴ് സംസ്ഥാനങ്ങളിൽനിന്നുള്ള പ്രതിനിധികൾ കൊറോണയ്‌ക്കെതിരെ കേരളം നടത്തുന്ന നിരീക്ഷണ, ശുശ്രൂഷാ പ്രവർത്തനങ്ങൾ ആശ്വാസകരമാണെന്ന് പറഞ്ഞതായി മന്ത്രി അറിയിച്ചു.
അവലോകന യോഗത്തിലും വാർത്താ സമ്മേളനത്തിലും ആരോഗ്യ മന്ത്രിയോടൊപ്പം കൃഷി വകുപ്പ് മന്ത്രി അഡ്വ. വി.എസ് സുനിൽകുമാർ, ഗവ. ചീഫ് വിപ്പ് അഡ്വ. കെ. രാജൻ, ജില്ലാ കളക്ടർ എസ്. ഷാനവാസ്, ഡി.എം.ഒ ഡോ.കെ.ജെ റീന തുടങ്ങിയവർ പങ്കെടുത്തു.