കൊറോണ വൈറസ് – യു എ ഇയിൽ ഒരു ആൾക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു

GCC News

യു എ ഇയിൽ ഒരേ ചൈനീസ് കുടുംബത്തിലെ 4 പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചതിനു ശേഷം ഒരാൾക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. യു എ ഇയിലെ രണ്ടാമത്തെ കൊറോണ വൈറസ് ബാധയാണ് ശനിയാഴ്ച്ച രാത്രി അധികൃതർ സ്ഥിരീകരിച്ചത്. ചൈനയിലെ വുഹാനില്‍ നിന്നും രാജ്യത്തെത്തിയ ഒരു വ്യക്തിയ്ക്കാണ് വൈറസ് ബാധയുള്ളത് എന്ന് അധികൃതർ അറിയിച്ചു. ചൈനീസ് വംശജനായ ഇദ്ദേഹത്തിന്റെ നില തൃപ്തികരമാണെന്നും ജനങ്ങൾക്കിടയിൽ യാതൊരു ആശങ്കകളുടെയും ആവശ്യമില്ലെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

നിലവിൽ ഇദ്ദേഹത്തിന് ആവശ്യമായ എല്ലാ ചികിത്സകളും നൽകി വരുന്നതായും, നിരീക്ഷണം തുടരുന്നതായും ആരോഗ്യ പ്രതിരോധ മന്ത്രാലയം അസിസ്റ്റന്റ് അണ്ടർസെക്രട്ടറിയും അന്താരാഷ്ട്ര ആരോഗ്യ നിയന്ത്രണങ്ങളും പ്രതിരോധവും സംബന്ധിച്ച വ്യവസ്ഥകൾ നടപ്പാക്കുന്നതിനുള്ള ദേശീയ സമിതി ചെയർമാനുമായ ഡോ. ഹുസൈൻ അൽ റാൻഡ് അറിയിച്ചു. ഇതോടെ യു എ ഇയിൽ മൊത്തം കൊറോണ ബാധിതരുടെ എണ്ണം 5 ആയി.

നേരത്തെ യു എ ഇയിൽ കൊറോണ വൈറസ് സ്ഥിരീകരിച്ച ചൈനീസ് കുടുംബത്തിലെ 4 പേരുടെ ആരോഗ്യനിലയും തൃപ്തികരമായി തുടരുന്നതായും, ആവശ്യമായ എല്ലാ വൈദ്യചികിത്സകളും അവർക്കു നൽകിവരുന്നതായും ആരോഗ്യമന്ത്രാലയം ശനിയാഴ്ച രാത്രി അറിയിച്ചു.