കോവിഡ് 19 ആയി ബന്ധപ്പെട്ട് സംസ്ഥാന ആരോഗ്യ വകുപ്പ് നൽകുന്ന നിർദേശങ്ങൾ ലംഘിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടിയെടുക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ പബ്ലിക് ഹെൽത്ത് ആക്ട് പ്രകാരമാണ് നടപടിയെടുക്കുന്നത്.
ഇറ്റലിയിൽ നിന്നെത്തിയ മൂന്ന് പേർക്കും അവരുടെ സമ്പർക്കത്തിലൂടെ രണ്ടു പേർക്കും കോവിഡ് 19 ബാധിച്ചതിനെ തുടർന്നാണ് ആരോഗ്യ വകുപ്പ് കർശന നടപടിയിലേക്ക് നീങ്ങുന്നത്. നെടുമ്പാശേരി വിമാനത്താവളത്തിൽ ഇറ്റലിയിൽ നിന്നെത്തിയ മൂന്ന് വയസുള്ള കുട്ടിക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. ഈ കുട്ടിയും അമ്മയും അച്ഛനും എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസൊലേഷനിൽ ചികിത്സയിലാണ്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. ഇതോടെ സംസ്ഥാനത്ത് നിലവിൽ ആറ് പേരാണ് കോവിഡ് 19 രോഗം ബാധിച്ച് ചികിത്സയിലുള്ളതെന്നും മന്ത്രി വ്യക്തമാക്കി.
കോവിഡ് 19 രോഗം ചൈനയിൽ വ്യാപിച്ച് തുടങ്ങിയപ്പോൾ തന്നെ ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശങ്ങൾ നൽകുകയും ജനങ്ങളെ ബോധവത്ക്കരിക്കുകയും ചെയ്യേണ്ട കാര്യങ്ങൾ വിശദീകരിക്കുകയും ചെയ്തിരുന്നു. കോവിഡ് 19 രോഗബാധിത പ്രദേശങ്ങളിൽ നിന്നു വന്നവർ ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണമെന്ന് നിർദേശവും നൽകിയിരുന്നു. ജനങ്ങളിൽ ഭൂരിഭാഗവും ഉത്തരവാദിത്തത്തോടെ പെരുമാറുകയും നിർദ്ദേശങ്ങൾ പിന്തുടരുകയും ചെയ്തതിനാൽ നേരത്തെ റിപ്പോർട്ട് ചെയ്ത മൂന്ന് കോവിഡ് 19 രോഗികളിൽ നിന്ന് വ്യാപനം ഉണ്ടായില്ലെന്ന് മാത്രമല്ല ഇവർ രോഗമുക്തി നേടുകയും ചെയ്തു. രോഗ ലക്ഷണമില്ലെങ്കിലും സമൂഹത്തിൽ രോഗം പകരാതിരിക്കാൻ ഇത്തരം രാജ്യങ്ങളിൽ നിന്നു വന്നവരും അവരുമായി സമ്പർക്കത്തിലേർപ്പെട്ടവരും ഒരു മാസമായി വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയും ചെയ്തു.
അതേസമയം കോവിഡ് 19 ബാധിത രാജ്യങ്ങളിൽ നിന്ന് മടങ്ങിവന്ന കുറച്ചുപേർ എയർപോർട്ടിലോ ഹെൽത്ത് ഡെസ്കിലോ റിപ്പോർട്ട് ചെയ്യാതെ വിവരം മറച്ച് വയ്ക്കുകയാണ്. രോഗലക്ഷണങ്ങൾ മറയ്ക്കുന്നതിന് സ്വയം മരുന്ന് കഴിക്കുകയും ആരോഗ്യ ഉപദേശങ്ങൾ പാലിക്കാതിരിക്കുകയും ചെയ്യുന്നു. അവർ അവരുടെ കുടുംബങ്ങളെ കാണുകയും പൊതുപരിപാടികളിൽ പങ്കെടുക്കുകയും ചെയ്യുന്നുണ്ട്. ഇത് അവർക്കും കുടുംബത്തിനും സമൂഹത്തിനും ദോഷകരമായ അവസ്ഥയാണ് സൃഷ്ടിക്കുക. ഇത്തരം നിരുത്തരവാദ പെരുമാറ്റത്തിനെതിരേയാണ് കർശനമായ നടപടികളെടുക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.
തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായും മൂക്കും തൂവാലകൊണ്ട് മൂടണം. കൈകൾ ഇടയ്ക്കിടെ സോപ്പും വെളളവും ഉപയോഗിച്ച് കഴുകണം. രോഗബാധിത പ്രദേശങ്ങളിൽ നിന്ന് മടങ്ങിയെത്തിയവർ ആരോഗ്യ വകുപ്പ് പുറപ്പെടുവിക്കുന്ന മാർഗ നിർദ്ദേശങ്ങൾ (http://dhs.kerala.gov.in) പ്രകാരം വീടുകളിൽ തുടരണം. ഇവർ പൊതു ഇടങ്ങൾ സന്ദർശിക്കുന്നത് ഒഴിവാക്കണം.
ഇതു സംബന്ധിച്ച സംശയങ്ങൾക്ക് കോവിഡ് 19 കോൾ സെന്ററിലെ 0471 2309250, 0471 2309251, 0471 2309252 എന്നീ നമ്പരുകളിലോ ദിശ 1056, 0471 2552056 നമ്പരുകളിലോ വിളിക്കാം.
വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി
സംസ്ഥാനത്ത് കോവിഡ് 19 വൈറസ് ബാധയെക്കുറിച്ച് വ്യജവാർത്തകളും സന്ദേശങ്ങളും പ്രചരിപ്പിക്കുന്നവർക്കെതിരെ കർശനനടപടിയുമായി പോലീസ്. രോഗബാധയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ഹൈ ടെക് ക്രൈം എൻക്വയറി സെൽ, സൈബർ ഡോം, സൈബർ പോലീസ് സ്റ്റേഷനുകൾ, എല്ലാ ജില്ലകളിലെയും സൈബർ സെല്ലുകൾ എന്നിവയ്ക്ക് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ നിർദ്ദേശം നൽകി.
കോവിഡ് 19 വൈറസ് ബാധയെക്കുറിച്ച് വ്യാജവാർത്തകൾ നിർമ്മിക്കുന്നതും അവ നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതും നിയമവിരുദ്ധവും ശിക്ഷാർഹവുമാണ്. ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ കണ്ടെത്തി നിയമത്തിനു മുന്നിൽ കൊണ്ടുവരുന്നതിന് എല്ലാ നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.