ആഗോളതലത്തിലുള്ള കൊറോണാ വൈറസ് ഭീതിയെ തുടർന്ന് വ്യോമയാന മേഖലയിലുണ്ടായ പ്രതിസന്ധി രൂക്ഷമാകുന്നതിന്റെ സൂചനകൾ നൽകിക്കൊണ്ട് അന്താരാഷ്ട്ര വ്യോമയാന രംഗത്തെ ശക്തരായ എമിറേറ്റ്സ് ഗ്രൂപ്പ് തങ്ങളുടെ ജീവനക്കാർക്ക് സ്വമേധയാലുള്ള അവധി അനുവദിച്ച് കൊണ്ട് നിർദ്ദേശം നൽകി. വ്യോമയാന രംഗത്തും യാത്രാ മേഖലയിലും പ്രകടമായ മാന്ദ്യത അനുഭവപ്പെട്ടതിനെ തുടർന്നാണ് ഈ തീരുമാനം.
Covid-19 പ്രതിരോധനടപടികളുടെ ഭാഗമായി ആഗോളതലത്തിലുള്ള യാത്രാ വിലക്കുകളും, പൊതുവെയുള്ള യാത്രകളിൽ പ്രകടമായിട്ടുള്ള കുറവും വ്യോമയാന മേഖലയിൽ വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കിയിട്ടുള്ളത്. ജീവനക്കാർക്ക് ശമ്പളത്തോട് കൂടിയതും അല്ലാത്തതുമായ അവധിയിൽ പ്രവേശിക്കുന്നതിന് സ്വമേധയാൽ അനുമതി നൽകുന്ന തീരുമാനം കമ്പനി ഒരു ആഭ്യന്തര അറിയിപ്പിലൂടെയാണ് നൽകിയിട്ടുള്ളത്. അവധിയിൽ പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം ജീവനക്കാരന്റേതായിരിക്കും എന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. Covid-19 തങ്ങളുടെ മേഖലയിൽ ഉണ്ടാക്കിയിട്ടുള്ള സമ്മർദത്തെ മറികടക്കാനുള്ള മാർഗ്ഗങ്ങൾ കണ്ടെത്തുന്നതിന്റെ ഭാഗമായാണ് ഈ നടപടി. ഇന്റർനാഷണൽ എയർ ട്രാൻസ്പോർട് അസോസിയേഷന്റെ പ്രാരംഭ നിര്‍ണ്ണയപ്രകാരം കൊറോണാ വൈറസ് ബാധ മൂലം ലോകവ്യാപകമായി 4.7 ശതമാനം ഇടിവാണ് വ്യോമയാത്രയിൽ ഇപ്പോൾ നേരിടുന്നത്.