ഇരുപത്തിയഞ്ചാമത് ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിനു (ഡിഎസ്എഫ്), ഡിസംബർ 26, വ്യാഴാഴ്ച്ച ആരംഭമായി. ഒരു മാസം നീളുന്ന ഈ ഷോപ്പിംഗ് മാമാങ്കം 2020 ഫെബ്രുവരി 1 വരെ സന്ദർശകർക്ക് ഷോപ്പിങ്ങിന്റെയും വിനോദത്തിന്റെയും കലാവിരുന്നുകളുടെയും രുചിവിസ്മയങ്ങളിടെയും മാസ്മരിക ലോകം തീർക്കും.
മേളയുടെ ആരംഭത്തിന്റെ ഭാഗമായി ബുർജ് ഖലീഫയിൽ വിസ്മയിപ്പിക്കുന്ന ലേസർഷോയും നഗരത്തിൽ പല ഇടങ്ങളിലും കരിമരുന്നു പ്രയോഗവും, ബുർജ് പാർക്കിൽ ചെബ് ഖാലിദ്, ഷെറിൻ അബ്ദെൽ വഹാബ്, ഹുസൈൻ അൽ ജാസ്മി എന്നിവരുടെ സംഗീതവിരുന്നും ഉണ്ടായിരുന്നു. ഉദ്ഘാടനത്തെത്തുടർന്ന് 26നു വ്യാഴാഴ്ച്ച, പ്രമുഖ ഷോപ്പിംഗ് മാളുകൾ ആയ മാൾ ഓഫ് ദി എമിറേറ്റ്സ്, മിർദിഫ് സിറ്റി സെന്റർ, ദെയ്റ സിറ്റി സെന്റർ, മൈംസം സിറ്റി സെന്റർ, അൽ ബർഷ മൈ സിറ്റി സെന്റർ, അൽ ഷിൻദഗ സിറ്റി സെന്റർ എന്നിവിടങ്ങളിൽ 12 മണിക്കൂർ നീണ്ട പ്രത്യേക ഡിസ്കൗണ്ട് സെയിലിന്റെ ഭാഗമായി 90% വരെ വിലക്കിഴിവിൽ ആയിരങ്ങളാണ് ഷോപ്പിംഗിൽ പങ്ക്ചേർന്നത്.
ഒരു മാസം നീളുന്ന ഈ ഷോപ്പിംഗ് ആഘോഷത്തിൽ ഇത്തവണ സന്ദർശകർക്കായി 4000 ത്തിൽ അധികം വ്യാപാരസ്ഥാപനങ്ങളിൽ 1000 ത്തോളം ബ്രാൻഡുകളിലായി 75 ശതമാനത്തോളം കിഴിവുകൾ നേടാവുന്നതാണ്.
[Photo Credits: Photo by David Rodrigo on Unsplash]