പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ COVID-19 രോഗബാധ 200 കടന്നു

International News

കഴിഞ്ഞ ഏതാനം ദിനങ്ങൾക്കിടെ കൊറോണാ ബാധിതരുടെ എണ്ണത്തിൽ വലിയ വർദ്ധനവ് കണ്ടെത്തിയ പശ്ചിമേഷ്യന്‍ രാജ്യങ്ങളിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട COVID-19 സ്ഥിരീകരിച്ചവരുടെ എണ്ണം 220-ൽ കൂടുതലായി. ഇതിൽ ബഹുഭൂരിപക്ഷം രോഗബാധകളും ഇറാനിൽ നിന്ന് യാത്ര ചെയ്തുവന്നവരുമായി ബന്ധപ്പെട്ടതാണ്. ഈ സാഹചര്യത്തിൽ രോഗം പടരുന്നത് തടയുന്നതിന്റെ ഭാഗമായി അയൽ രാജ്യങ്ങളെല്ലാം ഇറാനിലേക്കുള്ള അതിർത്തികൾ അടയ്ക്കുകയും, ഇറാനിലേക്കും തിരികെയുമുള്ള യാത്രകൾക്ക് വിലക്കേർപ്പെടുത്തിയിട്ടുമുണ്ട്.

പാകിസ്ഥാനിൽ നിന്ന് ആദ്യമായി കൊറോണാ വൈറസ് ബാധ സ്ഥിരീകരിച്ചതായി പാകിസ്ഥാൻ ആരോഗ്യ മന്ത്രി ബുധനാഴ്ച്ച അറിയിച്ചു. രണ്ട് പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ ഒരാൾ ഇറാനിൽ നിന്ന് സിന്ധ് പ്രവിശ്യയിലേക്ക് വിമാന മാർഗം വന്ന യാത്രികനാണ്. രണ്ട് പേരുടെയും ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് മന്ത്രാലയം അറിയിച്ചു.

ഇതിനിടെ രോഗം അതിവേഗം പടർന്ന് പിടിച്ച ഇറാനിൽ ഔദ്യോഗിക കണക്കുകൾ അനുസരിച്ച് ഇതുവരെ 19 മരണവും 139-ഓളം പേർക്ക് COVID-19 ബാധയും സ്ഥിരീകരിച്ചിട്ടുണ്ട്. യഥാർത്ഥ കണക്കുകൾ ഇതിലും പല മടങ്ങ് അധികമായിരിക്കാമെന്ന് ആഗോളതലത്തിലെ പല ആരോഗ്യ വിദഗ്ദ്ധരും സംശയം പ്രകടിപ്പിച്ചിട്ടുണ്ട്.

ബഹ്‌റൈനിൽ നിന്ന് ഇതു വരെ 33 COVID-19 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. രോഗം സ്ഥിരീകരിച്ചവരുമായി അടുത്തിടപഴകിയവരെയും കൊറോണാ ബാധിത മേഖലകളിൽ നിന്ന് ബഹ്‌റൈൻ ഇന്റർനാഷണൽ എയർപോർട്ടിലേക്കെത്തുന്ന സഞ്ചാരികളെയും പ്രത്യേക ആരോഗ്യ പരിശോധനകൾക്ക് വിധേയരാക്കുന്നുണ്ട്.

നിലവിൽ 5 പേർക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ള ഇറാഖിൽ പൊതു പരിപാടികളെല്ലാം റദ്ദാക്കിയിട്ടുണ്ട്. ചൈന, ഇറാൻ, ജപ്പാൻ, സൗത്ത് കൊറിയ, തായ്‌ലന്റ്, സിങ്കപ്പൂർ, ഇറ്റലി, ബഹ്‌റൈൻ, കുവൈറ്റ് എന്നിവിടങ്ങളിലേക്കുള്ള യാത്രകൾക്ക് ഇറാഖ് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

ഇന്നലെ 13 പേർക്ക് കൂടി രോഗബാധ കണ്ടെത്തിയതോടെ കുവൈറ്റിൽ നിന്ന് സ്ഥിരീകരിച്ച കൊറോണാ ബാധിതരുടെ എണ്ണം ഇരുപത്തഞ്ചായി. രോഗം പടരുന്നത് തടയാനായി കുവൈറ്റിൽ രണ്ടാഴ്ചത്തേക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. യു എ ഇയിൽ ആകെ 13 പേർക്കും, ഒമാനിൽ 5 പേർക്കും, അഫ്‌ഗാനിസ്ഥാനിൽ 3 പേർക്കും, ലെബനനിൽ രണ്ട് പേർക്കും ഈജിപ്തിൽ ഒരാൾക്കും രോഗം കണ്ടെത്തിയിട്ടുണ്ട്.

പശ്ചിമേഷ്യന്‍ രാജ്യങ്ങളിൽ കൊറോണാ വൈറസ് ബാധ പടരുന്ന സാഹചര്യത്തിൽ സൗദി അറേബ്യ ഉംറ തീര്‍ത്ഥാടകർക്കും രോഗ ബാധിത മേഖലകളിൽ നിന്നുള്ള വിനോദസഞ്ചാരികൾക്കും രാജ്യത്ത് പ്രവേശിക്കുന്നതിൽ താത്ക്കാലികമായി വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.