പരിസ്ഥിതി സൗഹൃദ ഉത്പന്നങ്ങളുടെ ശ്രേണിയിലേക്ക് കുപ്പികളിൽ കുടിവെള്ളമെത്തിക്കുന്ന അൽ ഐൻ വാട്ടർ കമ്പനിയും. ഗൾഫുഡ് 2020 മേളയിൽ അവർ ഭാവിയിൽ വിപണിയിലെത്തിക്കാൻ പോകുന്ന പൂർണ്ണമായും പുനചംക്രമണം നടത്താവുന്ന കുപ്പികൾ അവതരിപ്പിച്ചു. പ്ലാസ്റ്റിക് കുപ്പികളുടെ ബാഹുല്യത്തിൽ വീർപ്പുമുട്ടുന്ന സമൂഹത്തിനു പൂർണ്ണമായും ജീര്‍ണ്ണിക്കുന്ന വസ്തുക്കളിൽ നിന്ന് നിർമ്മിക്കുന്ന ഈ കുപ്പികൾ ഒരു മാതൃകയാകും.
എളുപ്പത്തിൽ പുനർനിർമ്മിക്കാവുന്ന പ്രകൃതിദത്തമായ വിഭവങ്ങള്‍ കൊണ്ടാണ് ഈ കുപ്പി നിർമ്മിച്ചിരിക്കുന്നത്. പെട്രോളിയത്തിൽ നിന്നുള്ള PET പ്ലാസ്റ്റിക്കിനു പകരം ചോളം, കരിമ്പ് മുതലായവയിൽ നിന്ന് വേർതിരിച്ചെടുക്കുന്ന പോളിലാക്ടിക്ക് ആസിഡ് (PLA) എന്ന സംയുക്തം ഉപയോഗിച്ചാണ് ഇവ നിർമ്മിക്കുന്നത്. കുപ്പിയുടെ അടപ്പ് അടക്കം 100% പ്രകൃതിയിൽ ലയിച്ച് ചേരുന്ന രീതിയിലാണ് ഇതിന്റെ നിർമ്മിതി.
മെയ് മാസത്തോട് കൂടി വിപണിയിൽ ഇത്തരം കുപ്പികൾ എത്തിക്കാനാവുമെന്നാണ് കമ്പനി അധികൃതർ പ്രതീക്ഷിക്കുന്നത്. പ്ലാസ്റ്റിക് മാലിന്യത്തിന്റെ അളവ് കുറച്ച് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് ഈ നൂതന ആശയം നടപ്പിലാക്കുന്നത്.