പൊതുഗതാഗത രംഗത്തെ ജനപങ്കാളിത്തത്തിൽ വലിയ വർദ്ധനവ് രേഖപ്പെടുത്തി യു എ ഇ

GCC News

2019-ലെ RTA-യുടെ കണക്കുകളനുസരിച്ച് പൊതുഗതാഗത മാർഗ്ഗങ്ങൾ ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ യു എ ഇയിൽ വലിയ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2018-ൽ 589 ദശലക്ഷം യാത്രക്കാർ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിച്ചപ്പോൾ 2019-ൽ അത് 594 ദശലക്ഷമായി വർദ്ധിച്ചു. ദിനംപ്രതി ഉപയോഗത്തിന്റെ കണക്കിൽ 1.61 ദശലക്ഷത്തിൽ നിന്ന് 1.63 ദശലക്ഷത്തിലേക്കുള്ള വർദ്ധനവ് പൊതുഗതാഗത സംവിധാനങ്ങളോടുള്ള പൊതുജനങ്ങളുടെ സ്വീകാര്യത നാൾക്കുനാൾ കൂട്ടിവരുന്നതിന്റെ സാക്ഷ്യപത്രമാകുന്നു. മെട്രോ, ട്രാം, ബസ്, ടാക്സി, വാട്ടർ ടാക്സി, ഫെറി, അബ്ര എന്നിവയെല്ലാം യു എ ഇയിലെ പൊതുഗതാഗത സംവിധാനങ്ങളിൽ ഉൾപ്പെടും.

ഇതിൽ ദുബായ് മെട്രോയാണ് പൊതുജന പങ്കാളിത്തത്തിൽ ഏറെ മുന്നിൽ. എകദേശം 34 ശതമാനം ആളുകൾ മെട്രോ സർവ്വീസുകൾ ഉപയോഗിച്ചപ്പോൾ 30 പേർ ടാക്സി സംവിധാനങ്ങളും, 26 ശതമാനം പേർ പൊതു ബസ്സുകളും ഉപയോഗിച്ചു. ഗതാഗതകുരുക്കുകൾ ഒഴിവാക്കാനും, ജോലിസ്ഥലങ്ങളിലേക്ക് സ്വസ്ഥമായി യാത്ര ചെയ്യാനും വലിയ സഹായമാകുന്ന പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുന്നവരുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചു വരികയാണ്.

ദുബായ് മെട്രോയിൽ മാത്രം ഏകദേശം 202.98 ദശലക്ഷം യാത്രക്കാരാണ് 2019-ൽ സഞ്ചരിച്ചത്. ഇതിൽ തന്നെ റെഡ് ഗ്രീൻ ലൈനുകളുടെ ഇന്റർചേഞ്ച് സ്റ്റേഷനുകളായ ബുർജ്മാൻ, യൂണിയൻ മെട്രോ സ്റ്റേഷനുകളിലാണ് ഏറ്റവും തിരക്ക് അനുഭവപ്പെട്ടത്. ബുർജ്മാനിൽ നിന്ന് 12.76 ദശലക്ഷം യാത്രക്കാരും, യൂണിയൻ മെട്രോ സ്റ്റേഷനിൽ നിന്ന് 10.6 ദശലക്ഷം യാത്രക്കാരും 2019-ൽ മെട്രോ സംവിധാനങ്ങൾ ഉപയോഗിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു.

ജനങ്ങളുടെ കൂടിവരുന്ന പങ്കാളിത്തം പ്രയോജനപ്രദവും, സുഖകരമായതുമായ പൊതുഗതാഗത സംവിധാനങ്ങൾ ഒരുക്കുന്നതിൽ RTA കൊണ്ടുവന്ന വിജയകരമായ പ്രവർത്തനങ്ങളുടെ പ്രതിഫലനമാണെന്നും, ജനങ്ങൾക്ക് പൊതുഗതാഗത സംവിധാനങ്ങളെ സുരക്ഷിതവും, സ്വസ്ഥതയുള്ളതും, ചെലവ് കുറഞ്ഞതുമായ യാത്രാ മാർഗ്ഗങ്ങളായി അനുഭവപ്പെടുന്നതായും RTA അവകാശപ്പെടുന്നു.