മൂർച്ചയേറുന്ന പ്രണയനൈരാശ്യം

Editorial

വർദ്ധിച്ചുവരുന്ന പ്രണയനൈരാശ്യങ്ങളും തുടർന്നുണ്ടാകുന്ന അപായപ്പെടുത്തലുകളും, ആസിഡ് ആക്രമണങ്ങളും നമ്മോട് പറയാതെ പറയുന്നത് മാറി വരുന്ന മനുഷ്യന്റെ മനുഷ്യത്വരഹിതമായ ചിന്തയെക്കുറിച്ചാണ്. നിറകാഴ്ചകളുടെ ഈ കാലത്ത് മനുഷ്യൻ വളരെ പെട്ടെന്ന് അക്ഷമരാവുകയും, അസംതൃപ്തരാവുകയും ചെയ്യുന്നു. തന്റേതായ ചിന്തകൾക്ക് ശരി കല്പിച്ചില്ലങ്കിൽ നീരസപ്പെടുകയും എതിരെ നിൽക്കുന്നവരെ ഇല്ലായ്മചെയ്യുന്നതിലും താൽക്കാലിക സന്തോഷം കണ്ടെത്തുകയും, പിന്നീട് തന്റെ പ്രിയപ്പെട്ടവർക്കും, മാതാപിതാക്കൾക്കും തീരാ ദുഃഖം സമ്മാനിച്ച് തലകുനിക്കുന്നു. ഇന്നും ഇതുപോലൊരു വാർത്ത വായിച്ചാണ് തുടങ്ങിയത്, പ്രേമം നിരസിച്ചപ്പോൾ സഹപ്രവർത്തകയെ വെടിവച്ചു കൊലപ്പെടുത്തിയ പോലീസ്, വായിച്ചപ്പോൾ മനസ്സിൽ തോന്നി എന്തായിരിക്കാം അനിയന്ത്രിതമായിപോകുന്ന ഈ  വൈകാരിക   ചെയ്തികളുടെ കാരണം. അഭ്യസ്തവിദ്യരായ ആളുകളിലും ഇത്തരം നീച പ്രവണതകൾ ജനിക്കുന്നു എന്നത് സങ്കടകരമായ വസ്തുതയാണ്.

മുൻപെല്ലാം പ്രേമനൈരാശ്യത്താൽ കാമുകൻ താടിവളർത്തി സമൂഹത്തിൽ മാനസമൈനയും പാടി നടന്നിരുന്നെങ്കിൽ, ഇന്ന് അത്രയ്ക്ക് ക്ഷമയില്ല, അറിയുന്ന ഈ സുന്ദരമായ ലോകത്തെ കാഴ്ചകളോട് വിടപറയാൻ വീർപ്പുമുട്ടുന്ന ഒരു തലമുറയിലൂടെ ആണ് നാം കടന്നുപോകുന്നത്. രണ്ടിലൊന്നറിയണം അല്ലെങ്കിൽ ആ നിമിഷം വരെ തന്റേതായി കണ്ടിരുന്ന ഒരു ജീവൻപോലും അല്പസമയത്തെ മാനസിക തൃപ്തിക്കുവേണ്ടി അപായപ്പെടുത്തുന്നു. സ്നേഹം എന്നത്  ചിലസമയം ഇരുതല മൂർച്ചയുള്ള ഒരു വാളുപോലെയാണ് എന്ന് ആരോ പറഞ്ഞത് ഓർത്തുപോകുന്നു.

മുൻവിധികളില്ലാതെയുള്ള സ്നേഹത്തിൽമാത്രമേ സൗഹൃദവും മനസ്സ് തുറന്നുള്ള വീണ്ടുവിചാരങ്ങളും ഉണ്ടാകുകയുള്ളൂ. എല്ലാത്തിനും നമ്മുടെ ഉപബോധമനസ്സിനെ സാക്ഷിയായി നിർത്തി തെളിവ് നിരത്തുന്നത് കൊണ്ടാണ് പലപ്പോളും ജീവിതം യാന്ത്രികമായി പോകുന്നത് എന്ന് തോന്നിപോകുന്നു. വാട്സപ്പ്, ഫേസ്ബുക്, സമൂഹമാധ്യമങ്ങൾ എന്നീ ഉപാധികളെ ജീവിതത്തിലെ നേർ കണ്ണാടികളായി കാണുന്നത് മാറ്റി നിർത്തിയാൽ ഒരു പരിധിവരെ മനസ്സിനെ നിയന്ത്രിക്കാനാകും.ഒരാളുടെ ഓൺലൈൻ സ്റ്റാറ്റസ് കണ്ടാലുടൻ പ്രശ്നങ്ങളുണ്ടാകുന്ന കുടുംബ ബന്ധങ്ങൾ, തനിക്കു വേണ്ടത്ര ശ്രദ്ധകിട്ടുന്നില്ലേ എന്ന തോന്നലുകൾ, ആശയ വിനിമയത്തിനുള്ള ഉപാധികളുടെ അതിപ്രസരം മൂലം കുറഞ്ഞു വരുന്ന മനസ്സ് തുറന്നുള്ള സംസാരങ്ങൾ,ഇവയെ ഒക്കെ വിമർശനാത്മകമായി ചിന്തിക്കുന്ന മനസ്സിന്റെ വികൃതി. “എ വിന്നിങ് ഡിബേറ്റർ ” എന്ന തത്വത്തിലുള്ള അമിത ശ്രദ്ധ. എല്ലാ ചർച്ചകളിലും തന്റേതായ ശരികൾ പറയുന്നതിൽ ജയിക്കണം എന്ന വിട്ടുവീഴ്ചയില്ലാത്ത മനസ്സുകൾ, കാരണങ്ങൾ ഒരുപാടുണ്ടായിരിക്കാം, പക്ഷെ ഒരു ചെറിയ കാര്യം ആലോചിച്ചാൽ ഇതെല്ലാം ക്ഷമിക്കാനും ജീവിതത്തെ ആസ്വദിക്കാനും കഴിയും അതാണ് “ഈ നിമിഷവും കടന്നുപോകും” എന്ന ചിന്ത. ഒന്ന് ശ്വാസം നീട്ടി വലിക്കുന്ന അത്രയും സമയം മതി മനസ്സിനെ തിരികെ കൈപ്പിടിയിലൊതുക്കാനും നിയത്രിക്കാനും എന്ന് എവിടെയോ വായിച്ചത് ഓർത്തുപോകുന്നു.

ജീവിതത്തിൽ കുടുംബ ബന്ധങ്ങൾക്ക് യാതൊരു വിലയും കൽപ്പിക്കത്തവർക്കേ ഇത്തരം നീച കൃത്യങ്ങൾ ചെയ്യുവാൻ കഴിയുകയുള്ളു.  കുട്ടിക്കാലം മുതൽ നമ്മെ സ്നേഹിച്ചു പരിപാലിച്ച മാതാപിതാക്കളോട്  യൗവനത്തിൽ ദേഷ്യം കാണിക്കുന്നതിന് കാരണം അവർ കല്പ്പിക്കുന്ന തടസ്സങ്ങളായിരിക്കാം, പക്ഷെ അത് നമ്മുടെ നാളെയ്ക്കുള്ള നല്ല ഭാവിക്കുറിച്ചാണെന്ന് ആലോചിക്കുന്ന ആ നിമിഷം നമുക്കുള്ളിലെ ദേഷ്യം എന്നത് അകാരണമായി തോന്നാം, മനസ്സിനെ ശാന്തമാക്കാം. രണ്ടുപേർ തമ്മിൽ ഇഷ്ടത്തിലാകുമ്പോൾ നമുക്ക് ചുറ്റുമുള്ള ലോകം നാം മറക്കുന്നു, നാളയെക്കുറിച്ച് മറക്കുന്നു, കുടുംബബന്ധങ്ങളെക്കുറിച്ച് മറക്കുന്നു, എപ്പോളെങ്കിലും ആ ബന്ധത്തിൽ ഒരസ്വാരസ്യം വന്നുപോയാൽ അത് പരിഹരിക്കാനും ഈ രണ്ടുപേർ മാത്രമായി മാറുന്നു. പലപ്പോഴും ഇത്തരം അസ്വാരസ്യങ്ങൾ ഒരു മൂന്നാമനറിയുന്നത് അവരുടെ കൂട്ടികിഴിക്കലുകൾ തെറ്റി ജീവിതത്തിൽ സംഭവിക്കാൻ പാടില്ലാത്തത് നടക്കുമ്പോൾ മാത്രമായിരിക്കാം എന്നത് സങ്കടകരം. കുട്ടികളിൽ (പ്രായംകൊണ്ട് മുതിർന്നെങ്കിലും മനസ്സിനും ആ പാകത വരുന്നത് വരെ കുട്ടികളാണ്)  ഇത്തരം ദേഷ്യവും, വൈകാരിക വിഷമതകളും നാം മുതിർന്നവർ തിരിച്ചറിയണം, അതിനു വീടുകളിൽ സംസാരം ശീലമാക്കണം, സ്കൂളുകളിൽ പാഠ്യവിഷയത്തോടൊപ്പം ജീവിത പാഠങ്ങളും  ഉൾപ്പെടുത്തണം, സൗഹൃദങ്ങളുടെ മാധുര്യം കുട്ടികൾക്ക് പറഞ്ഞും കാണിച്ചും കൊടുക്കാൻ മുതിർന്നവർക്കാകണം, ബന്ധങ്ങളേതായാലും അതിനു നടുക്കുള്ള നേരിയ പാടപോലെയുള്ള അകലം തിരിച്ചറിയണം, ആ അകൽച്ച നമ്മൾ ഇരുകൂട്ടരും രണ്ടു ജീവനാണെന്നും എന്ന ചിന്ത ജനിപ്പിക്കാൻ സഹായിക്കുന്നു. “ഇരുമെയ്യാണെങ്കിലും നമുക്കൊരു മനസ്സെന്ന” തത്വമെല്ലാം നല്ലതു തന്നെ പക്ഷെ അതിൽ വിട്ടുവീഴ്ചകൾക്കുള്ള സ്ഥാനം വളരെ വലുതാണെന്ന് തിരിച്ചറിയേണ്ടതുണ്ട്.

പത്രങ്ങളിൽ ഇത്തരം വാർത്തകൾ വരുമ്പോൾ അത് നാളെ നമുക്കരികിൽ ഉള്ളവർക്ക് സംഭവിക്കാതിരിക്കാൻ പരസ്പ്പരം കരുതലുണ്ടാകണം. വൈകാരികമായ പിരിമുറുക്കത്തിന്റെ ആ രണ്ടു നിമിഷത്തിൽ മനസ്സിൽ മുളയ്ക്കുന്നതാണ് ഓരോ നീച കൃത്യവും എന്ന് തിരിച്ചറിയണം. ആ സമയം വാദപ്രതിവാദത്തിനു അയവു നൽകി ഒന്ന് ശ്വാസം നീട്ടിയെടുത്ത് ഈ സമയവും കടന്നുപോകും എന്ന് ചിന്തിക്കാൻ നമ്മുടെ മനസ്സുകൾക്ക് കഴിയട്ടെ എന്ന് ആഗ്രഹിച്ച് പോകുന്നു. പത്രങ്ങൾ ഇഷ്ടമുണ്ടായിട്ടല്ല ഇത്തരം കൊലപാതകങ്ങളും, ആത്മഹത്യകളും പൊതുജനസമക്ഷം എത്തിക്കുന്നത്, മറിച്ച് നാട്ടിൽ നടന്ന അപൂർവ്വങ്ങളിൽ അപൂർവ്വമായ ഒരു സംഭവത്തെ നമുക്ക് മുന്നിൽ എത്തിക്കുക എന്ന ധർമ്മമാണ് മാധ്യമങ്ങൾ ചെയ്തുവരുന്നത്, ഇന്നത്തെ വാർത്താപ്രതലങ്ങളുടെ അതിപ്രസരം കാരണം നാം ഇതെല്ലാം സാധാരണവൽക്കരിക്കുന്നു എന്ന് മാത്രം. ഇതെല്ലാം സമൂഹത്തിൽ നടക്കുന്ന സാധാരണയിൽ സാധാരണമായ കൃത്യങ്ങളായി മനസ്സിനെ തെറ്റിദ്ധരിപ്പിക്കാതിരുന്നാൽ സമൂഹത്തിൽ കൂടെനിൽക്കുന്നവർക്ക് ധൈര്യം പകരാൻ സാധിക്കുന്നു.  

മനുഷ്യന് ലഭിച്ച ഒരു വലിയ വരമാണ് ക്ഷമിക്കാനുള്ള കഴിവ്, അത് നാം പലപ്പോഴും ഓർക്കാറില്ല എന്നത് സങ്കടകരമായ സത്യം. ഏത് സമയവും കടന്നുപോകും, സംതൃപ്തിയോടെ, വീണ്ടുവിചാരത്തോടെ, സന്തോഷത്തോടെ ജീവിക്കാൻ ശ്രമം തുടരാൻ എല്ലാവര്ക്കും കഴിയട്ടെ എന്നാശംസിക്കുന്നു…