ലോക പരിസ്ഥിതി ദിനം 2021 – പ്രകൃതിയെ പുനരുദ്ധാരണം ചെയ്യുന്നതിനായി നമുക്ക് കൈകോർക്കാം

Editorial featured

2021-ലെ ലോക പരിസ്ഥിതി ദിനം മാനവകുലത്തെ സംബന്ധിച്ച് ഒരു പുതിയ തുടക്കത്തിനുള്ള അവസരമാണ്. ഈ വർഷം ഐക്യരാഷ്ട്ര സഭ നാം ഓരോരുത്തർക്കുമായി മുന്നോട്ട് വെക്കുന്നത് ‘ആവാസ വ്യവസ്ഥ പുനരുദ്ധാരണം’ എന്ന ആശയമാണ്. കഴിഞ്ഞ ഏതാനം വർഷങ്ങളായി, മാറിവരുന്ന കാലാവസ്ഥയുടേയും, നമ്മുടെ വിവേചനബുദ്ധിയില്ലാത്ത ഇടപെടലുകളിൽ താളംതെറ്റുന്ന പ്രകൃതിയുടേയും, മഹാമാരിയുൾപ്പടെയുള്ള ദുരിതങ്ങളുടെയും പേടിപ്പെടുത്തുന്ന ചില നേർക്കാഴ്ചകൾ, നാം നേരിട്ട് അനുഭവിച്ച് കൊണ്ടിരിക്കുന്ന ഈ അവസരത്തിൽ, ഈ വർഷത്തെ ലോക പരിസ്ഥിതി ദിനത്തിന് ചില പ്രത്യേകതകളുണ്ട്.

എല്ലാ വർഷത്തെയും പോലെ, ഒരു അനുഷ്ഠാനം പോലെ കഴിച്ച് കൂട്ടാനുള്ള ഒരു ദിവസം എന്നതിലപ്പുറം, 2021-ലെ ജൂൺ 5 മനുഷ്യരാശിയുടെ ഭാവി നിർണ്ണയിക്കുന്ന പരമപ്രധാനമായ ഒരു സന്ദർഭമാണ്; നമ്മൾ ഓരോരുത്തർക്കും ഇപ്പോൾ തുടരുന്നത് പോലെ തുടരാം, അല്ലെങ്കിൽ നമ്മുടെ വരും തലമുറയുടെ ഭാവി മുൻനിർത്തി പ്രകൃതിയുമായുള്ള നമ്മുടെ ബന്ധം പുനര്‍വ്യാഖ്യാനം ചെയ്യുന്നതിനും, പ്രകൃതിയിലുള്ള നമ്മുടെ ഇടപെടലുകളെ പുനഃക്രമീകരിക്കുന്നതിനുമുള്ള ഒരു പുതിയ തുടക്കമായി ഈ ദിനത്തെ കരുതാം.

നമ്മുടെ നിലനിൽപ്പ് തന്നെ അപകടമാകും വിധം മനുഷ്യരാശി ഇങ്ങെത്തി നിൽക്കുന്ന അതിഭീകരമായ സാഹചര്യത്തിന്റെ ഓർമ്മപ്പെടുത്തലാണ് ഐക്യരാഷ്ട്ര സഭ ഈ ദിനത്തിൽ മുന്നോട്ട് വെക്കുന്ന ‘ആവാസ വ്യവസ്ഥ പുനരുദ്ധാരണം’ എന്ന ആശയം. നാം നിലവിൽ സഞ്ചരിക്കുന്ന പാതയിൽ നിന്ന് മാറി, നാനാജീവികളടങ്ങുന്ന ജൈവസമൂഹത്തിന്റെയും, പരിസ്ഥിതിയുടെയും നാശത്തിന് കാരണമാകുന്ന എല്ലാ രീതികളും ഒഴിവാക്കുന്ന ആശയങ്ങൾക്ക് പ്രാധാന്യം നൽകുന്നതും, ദുർബലമായ ആവാസ വ്യവസ്ഥയുടെ ആരോഗ്യം വീണ്ടെടുക്കുന്നതിനുള്ള ആശയങ്ങളിൽ അധിഷ്ഠിതമായതുമായ ഒരു പാത തിരഞ്ഞെടുക്കാൻ 2021 ചിലപ്പോൾ അവസാനത്തെ അവസരമാകാമെന്ന് ഈ ദിനം ഓർമ്മപ്പെടുത്തുന്നു.

ഇതുകൊണ്ടാണ്, ‘യു എൻ ആവാസ വ്യവസ്ഥ പുനരുദ്ധാരണ ദശാബ്‌ദം’ എന്ന പദ്ധതി ആരംഭിക്കുന്നതിനായി 2021 ജൂൺ 5-നെ ഐക്യരാഷ്ട്ര സഭ തിരഞ്ഞെടുത്തിരിക്കുന്നത്. “നമ്മൾ ഇന്ന് അനുഭവിക്കുന്ന നിലവിലെ കാലാവസ്ഥാ പ്രതിസന്ധികൾക്കും, ജൈവവൈവിദ്ധ്യ സംബന്ധമായ പ്രതിസന്ധികൾക്കും, മലിനീകരണവുമായി ബന്ധപ്പെട്ട പ്രതിസന്ധികൾക്കും, നമ്മൾ തന്നെയാണ് കാരണക്കാരെന്നിരിക്കിലും, നമ്മൾ പരിശ്രമിച്ചാൽ ഈ കേടുപാടുകൾ നികത്തുന്നതിന് ഇപ്പോഴും അവസരമുണ്ട്. കൂടുതല്‍ നല്ലതായ ഒരു ലോകം സൃഷ്ടിക്കുന്നതിനായി, പ്രകൃതിയെ പുനരുദ്ധാരണം ചെയ്യുന്നതിനും, പുനർവിഭാവനം ചെയ്യുന്നതിനും, പുനര്‍ജീവിപ്പിക്കുന്നതിനും ആവശ്യമായ നടപടികൾ കൈക്കൊണ്ട ആദ്യ തലമുറയായി നമ്മൾക്ക് മാറാം.”, ‘യു എൻ ആവാസ വ്യവസ്ഥ പുനരുദ്ധാരണ ദശാബ്‌ദം’ എന്ന ആശയത്തിന്റെ രത്നച്ചുരുക്കം ഐക്യരാഷ്ട്ര സഭ എൻവിറോണ്മെന്റ് പ്രോഗ്രാം (UNEP) എക്സിക്യൂട്ടീവ് ഡയറക്ടർ ഇൻഗർ ആൻഡേഴ്സൺ ചൂണ്ടിക്കാട്ടുന്നു.

ലോക പരിസ്ഥിതി ദിനം 2021 – ചൊല്ലാം നമുക്ക് ഈ പ്രതിജ്ഞകൾ

പ്രകൃതിയെ പുനരുദ്ധാരണം ചെയ്യുന്നതിനായി എല്ലാവർക്കും എന്നും മാതൃകയാവാറുള്ള മലയാളികളായ നമ്മൾക്ക്, ഭാവിയെക്കുറിച്ചുള്ള കരുതലോടെ മുറ്റുള്ളവർക്ക് ചൊല്ലിക്കൊടുക്കാനും, ഈ 2021 ലേക്ക് സ്വയം പ്രവർത്തിയിലൂടെ ചൊല്ലാനും ഉള്ള ചില പ്രതിജ്ഞകൾ ഇവിടെ പങ്കുവെക്കുന്നു. ഇതിലെ ഓരോ പ്രതിജ്ഞയും നാം വസിക്കുന്ന ഭൂമിയുടെയും, പ്രകൃതിയുടെ സന്തുലനാവസ്ഥയുടെയും ഭാവിക്കായി നമ്മൾക്ക് ഓരോ മനുഷ്യരിലേക്കും പകരാം.

സമുദ്ര മലിനീകരം, ആഗോളതാപനം, ജനപ്പെരുപ്പം, മരുഭൂമീകരണം, പ്രകൃതിവിഭവങ്ങളുടെ ചൂഷണം മുതലായവ ഭൂമിയുടെ സൂക്ഷ്മമായ സന്തുലനാവസ്ഥയ്ക്ക് വരുത്തിവെക്കുന്ന ആഘാതങ്ങൾ, നമ്മളുടെ ഭാവി തലമുറയോടുള്ള നമ്മുടെ പ്രതിബദ്ധത എന്താണെന്ന് ആത്മപരിശോധന ചെയ്യാൻ ഓരോരുത്തരെയും നിർബന്ധിതരാകുന്നു. “ശ്വസിക്കുന്ന വായുവിന്റെയും, കുടിക്കുന്ന ജലത്തിന്റെയും, കാനന പ്രദേശങ്ങളുടെയും, അതിൽ പാർക്കുന്ന വന്യജീവികളുടെയും സംരക്ഷണത്തിനായി നാം നിർമ്മിക്കുന്ന ഓരോ പദ്ധതികളും, മനുഷ്യകുലത്തിന്റെ സംരക്ഷണത്തിനു വേണ്ടിയുള്ളതാണ്” എന്ന ചെറുവാചകത്തിലൂടെ അമേരിക്കൻ രാജ്യതന്ത്രജ്ഞനും, പരിസ്ഥിതി പ്രവർത്തകനുമായിരുന്ന സ്റ്റുവർട്ട് ലീ യുടാൽ, പരിസ്ഥിതി സംരക്ഷണം എന്നത് മനുഷ്യവംശത്തിന്റെ നിലനിൽപ്പിനു എത്രത്തോളം അനിവാര്യമാണെന്ന് നമ്മെ ഓർമിപ്പിക്കുന്നു.

നമ്മുടെ ജലസ്രോതസുകളെ ഞാൻ മലിനമാക്കില്ല – ജല സംരക്ഷണത്തിന്റെ പ്രതിജ്ഞ

ഭൂമിയിലെ ജീവന്റെ നിലനിൽപ്പിന്റെ ആധാരമാണ് ജലം. ജലസ്രോതസുകൾ പ്രകൃതിയെ ചലിപ്പിക്കുന്ന ജീവരക്തം വഹിക്കുന്ന ധമനികളും. ജീവിതശൈലീരോഗങ്ങൾ നമ്മുടെ രക്തധമനികളെ സ്തംഭിപ്പിക്കുന്നതു പോലെ, നമ്മുടെ ചൂഷണ പ്രവർത്തനങ്ങൾ ഭൂമിയുടെ ജീവരക്തവാഹകരെ ഇഞ്ചിഞ്ചായി ശ്വാസംമുട്ടിച്ച് ഇല്ലാതാക്കുന്നു. ചേറും, മാലിന്യങ്ങളും നിറഞ്ഞ ഒരു ജലാശയത്തിൽ നീന്തേണ്ടി വരുന്ന അവസ്ഥ ഒരു നിമിഷം സങ്കൽപ്പിക്കൂ. നിങ്ങളെ പോലെ തന്നെ ആ ജലസ്രോതസുകളിലെ ജീവികൾക്കും മാലിന്യത്തിലൂടെ നീന്താൻ ഒട്ടും ഇഷ്ടം കാണില്ല.

അനേകം ജീവജാലങ്ങൾ വസിക്കുന്ന ഇത്തരം ജലാശയങ്ങളെ ഒരു തരത്തിലും മലിനമാക്കില്ല എന്നും, അവയുടെ സംരക്ഷണം എന്റെ ചുമതലയാണ് എന്നും പ്രതിജ്ഞ ചെയ്യാം. മറ്റുള്ളവരിലേക്ക് ഈ ആശയം പ്രചരിപ്പിക്കാം.

മരം എന്ന വരം – ഒരു മരത്തിനെ എങ്കിലും ഞാൻ നട്ടു പരിപാലിക്കും എന്ന പ്രതിജ്ഞ

മനുഷ്യരുടെ ഭൂമിയിലെ അതിജീവനത്തിന്റെ അഭിവാജ്യഘടകങ്ങളാണ് മരങ്ങളും,ചെടികളും. അവയില്ലാതെ പ്രകൃതിയില്ല, മനുഷ്യനും!

പ്രകൃതിയുടെ സന്തുലനാവസ്ഥ നിലനിർത്തുന്നതിൽ മരങ്ങൾ വഹിക്കുന്ന പങ്ക് അത്രത്തോളം വലുതാണ്. വലിയ പ്രദേശങ്ങളിലെ ത്വരിതമായ കാലാവസ്ഥാ വ്യതിയാനങ്ങളെ ചെറുക്കുന്നതിലും, ഓരോ ആവാസവ്യവസ്ഥകളിലെ ശീതോഷ്‌ണാവസ്ഥ നിയന്ത്രിക്കുന്നതിലും അവ ചെലുത്തുന്ന സ്വാധീനം, നമുക്ക് വേറെ ഒരു തരത്തിലും പുനർസൃഷ്ടിക്കാൻ കഴിയുന്നതല്ല. ജലാശയങ്ങൾ ഭൂമിയുടെ നാഡീ ഞെരമ്പുകളാണെകിൽ, മരങ്ങൾ ഭൂമിയുടെ ജീവവായു പ്രദാനംചെയ്യുന്ന ശ്വാസകോശങ്ങളായി വർത്തിക്കുന്നു.

ജീവന്റെ നിലനിൽപ്പിനു മരങ്ങൾ നിലനിന്നേ തീരൂ. അതിനാൽ അവയുടെ സംരക്ഷണത്തിനായും, അതിന്റെ പ്രചാരണത്തിനായും, കൂടുതൽ മരങ്ങളും ചെടികളും നാട്ടുപരിപാലിക്കുവാനായും നമുക്ക് പ്രതിജ്ഞയെടുക്കാം.

സമുദ്രം എന്ന ജീവന്റെ കലവറ – സമുദ്ര പരിപാലനത്തിന്റെ പ്രതിജ്ഞ

ഭൂമിയിലെ ജൈവവൈവിധ്യത്തിന്റെ 50 മുതൽ 80 ശതമാനം വരെ കാണപ്പെടുന്ന സമുദ്രങ്ങൾ പ്രകൃതിയുടെ സന്തുലനാവസ്ഥയിൽ നിർണായകമായ പങ്ക് വഹിക്കുന്നു. ഭൂമിയിലെ 90 ശതമാനത്തോളം ജീവൻ നിലനില്ക്കുന്ന ഈ ജൈവ മേഖല ഇന്ന് മാലിന്യങ്ങളാൽ വീർപ്പ്മുട്ടികൊണ്ടിരിക്കുകയാണ്.

സമുദ്ര മലിനീകരണത്തെ കുറിച്ചുള്ള യു എൻ റിപ്പോർട്ടുകൾ പ്രകാരമായുള്ള കണക്കുകൾ നമ്മെ ഭയപ്പെടുത്താൻ തക്കവണ്ണം ഭീമമായതാണ്. ഓരോ വർഷവും പതിമൂന്ന് ദശലക്ഷം ടൺ പ്ലാസ്റ്റിക് മാലിന്യങ്ങൾ നമ്മൾ സമുദ്രങ്ങളിലേക്ക് വീണ്ടുവിചാരമില്ലാതെ ഒഴുക്കിവിടുന്നു. ലോക കാലാവസ്ഥ വ്യവസ്ഥ, ജലചംക്രമണം എന്നിവ നിയന്ത്രിക്കുകയും, ഭൂമിയിലെ ജീവവായു ശുദ്ധമായി നിലനിർത്തുകയും ചെയ്യുന്നതിൽ സുപ്രധാന പങ്ക് വഹിക്കുന്ന സമുദ്രങ്ങളെ ശ്വാസംമുട്ടിക്കുന്നതിലൂടെ നമ്മളുടെ തന്നെ വേരുകൾ നാം അറിയാതെയും, അറിഞ്ഞും ദുർബലപ്പെടുത്തുന്നു.

സമുദ്രങ്ങളുടെ സംരക്ഷണം നമ്മളുടെ ചുമതലയാണെന്നും, സമുദ്രമലിനീകരണത്തിനെതിരെ പ്രവർത്തന, പ്രചാരണ കർമങ്ങളിൽ ഭാഗമാകുമെന്നും നമുക്ക് പ്രതിജ്ഞ ചെയ്യാം.

പ്ലാസ്റ്റിക് എന്ന ഭീഷണി – അകറ്റാം പ്ലാസ്റ്റിക്കിനെ എന്ന പ്രതിജ്ഞ

സ്വാഭാവികമായി പ്രകൃതിയിൽ ജീർണ്ണിച്ച് ചേരാത്ത പ്ലാസ്റ്റിക്കിന്റെ ഉപയോഗം ഇഞ്ചിഞ്ചായി നമ്മളുടെ വിവിധ ആവാസവ്യവസ്ഥകളെ കാർന്ന് തിന്നുകൊണ്ടിരിക്കുന്ന ഇന്നത്തെ അവസ്ഥയിൽ, പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറക്കുന്നതിന്റെ മാർഗങ്ങൾ നമ്മൾക്ക് നിർബന്ധമായും തേടിയെ മതിയാകൂ.ദീർഘകാലം നിലനിൽക്കുന്ന ഈ വിപത്തിനെതിരെ അതിശക്തമായ പ്രചാരണ, ബോധവത്കരണ പരിപാടികൾ അനിവാര്യമാണ്.

പ്രകൃതിയിൽ പൂർണമായും വിഘടിച്ച്‌ചേരാത്തതിനാൽ പ്ലാസ്റ്റിക് മാലിന്യം ജലസ്രോതസുകളെയും കരയിലെ ആവാസവ്യവസ്ഥകളെയും ഒരുപോലെ ബാധിക്കുന്നു. ഇത് മനുഷ്യന്റെയും മറ്റു ജീവജാലങ്ങളുടെയും നിലനിൽപ്പിനു തന്നെ ഭീഷണിയായി മാറിക്കൊണ്ടിരിക്കുകയാണ്.

പ്ലാസ്റ്റിക്കിന്റെ ദൈനംദിന ഉപയോഗം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ പ്ലാസ്റ്റിക് കാരിബാഗുകൾ, പ്ലാസ്റ്റിക് കുപ്പികൾ, പാത്രങ്ങൾ എന്നിവ പൂർണ്ണമായും ഒഴിവാകുകയും, വീണ്ടും വീണ്ടും ഉപയോഗിക്കാവുന്ന തുണി, ചണം, കടലാസ് മുതലായ വസ്തുക്കളാൽ നിർമ്മിച്ച സഞ്ചികളും, പ്രകൃതിസൗഹൃദമായ മാർഗങ്ങളാൽ നിർമിച്ച പാത്രങ്ങളും ഉപയോഗിക്കുക എന്ന ശീലം സമൂഹത്തിൽ വളർത്തിയെടുക്കേണ്ടതുണ്ട്. ഇതിനോട്കൂടെ പൊതു ഇടങ്ങളിലും, ജലാശയങ്ങളിലും മറ്റും അലക്ഷ്യമായി പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിച്ചെറിയില്ല എന്നും നമുക്ക് പ്രതിജ്ഞയെടുക്കാം.

ഈ വേളയിൽ നമുക്ക് മഹാത്മാഗാന്ധിയുടെ “എല്ലാ മനുഷ്യരുടേയും ആവശ്യങ്ങൾ നിറവേറ്റാനുള്ള വിഭവങ്ങൾ നമ്മൾക്ക് ഈ ഭൂമി പ്രദാനം ചെയുന്നു, എന്നാൽ അതിമോഹങ്ങൾക്കുള്ളത് നൽകാൻ ഭൂമി അശക്തയാണ്” എന്ന വചനങ്ങളിൽ നിന്ന് അതിജീവനത്തിന്റെ പാഠങ്ങൾ ഉൾക്കൊള്ളാം. പ്രകൃതിയുടെ താളം തെറ്റിത്തുടങ്ങിയ ഈ വൈകിയ വേളയിലെങ്കിലും വിവേകത്തോടെ, ഭൂമിയുടെ അവകാശികൾ നാം മാത്രമാണ് എന്ന മിഥ്യ മാറ്റിയെടുക്കാൻ ശ്രമിക്കാം. എല്ലാ ജീവജാലങ്ങളോടും സഹവര്‍ത്തിത്വം ശീലിക്കാം. പുഴകളെയും, മരങ്ങളെയും മലകളെയും, പാടങ്ങളേയും, കാടുകളെയും, കടലിനെയും സ്നേഹിക്കാം. മനുഷ്യരാശിക്ക് കൂട്ടായ പ്രവർത്തനങ്ങളിലൂടെയേ ഇതിനു കഴിയൂ. അതിനായി കൈകോർക്കാം, പ്രതിജ്ഞ ചെയ്യാം, ഒരാളിലേക്കെങ്കിലും വരും തലമുറയ്‌ക്കായി ഈ സന്ദേശം നമുക്ക് കൈമാറാം, കരുതലിന്റെ പാഠങ്ങൾ മറ്റുള്ളവരിലേക്കും പകരാം.

Pravasi Daily Editorial Team.

Leave a Reply

Your email address will not be published. Required fields are marked *