50,000 കോടിയുടെ മേൽ കുടിശ്ശിക – വീഴ്‌ചക്കാർക്കെതിരെ ഇന്ത്യയിൽ നിയമനടപടികൾക്കൊരുങ്ങി യു എ ഇയിലെ ബാങ്കുകൾ

Business

യു എ ഇയിലെ സിവിൽ കോടതി വിധികൾ ഇന്ത്യയിലെ ജില്ലാ കോടതികൾ വഴി നടപ്പിലാക്കാം എന്ന കേന്ദ്രസർക്കാർ വിജ്ഞാപനത്തെതുടർന്ന് ഒമ്പതോളം എമിറാത്തി ബാങ്കുകളാണ് തിരിച്ചടവുകളിൽ ഭീമമായ കുടിശ്ശിക വരുത്തി ഇന്ത്യയിലേക്ക് കടന്നവർക്കെതിരെ ഇന്ത്യയിൽ നിയമനടപടികൾക്കൊരുങ്ങുന്നത്. ദുബായിലും, അബുദാബിയിലും ഉള്ള ഉപകമ്പനികളുടെയും മറ്റും പേരിൽ ഇന്ത്യൻ സ്ഥാപനങ്ങൾ യു എ ഇയിലെ ബാങ്കുകളിൽ നിന്ന് എടുത്തിട്ടുള്ള വായ്പാകുടിശ്ശികയും, മറ്റു സാമ്പത്തിക ക്രമക്കേടുകളും ചേർന്ന് 50,000 കോടി രൂപയുടെ മേലെയുണ്ടെന്നാണ് റിപ്പോർട്ടുകൾ.

തിരിച്ചടയ്ക്കാത്ത ബാങ്ക് വായ്പകൾ, വാഹന വായ്പകൾ, ക്രെഡിറ്റ് കാർഡ് തട്ടിപ്പുകൾ, എന്നിവ വഴിയെല്ലാം ഭീമമായ നഷ്ടങ്ങളാണ് യു എ ഇ ബാങ്കുകൾ ഇതുവരെ നേരിട്ടുകൊണ്ടിരുന്നത്. കുടിശ്ശിക വരുത്തി നാട്ടിലേക്ക് മടങ്ങിപ്പോകുന്നവർക്കെതിരെ പലപ്പോഴും ബാങ്കുകൾക്ക് നിയമപരമായി ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയാണ് ഉണ്ടായിരുന്നത്. പുതിയ കേന്ദ്രസർക്കാർ വിജ്ഞാപനത്തെതുടർന്ന് യു എ ഇ സിവിൽ കോടതികളുടെ വിധികൾ വഴി ഇത്തരം നിയമലംഘകരുടെ ഇന്ത്യയിലെ വസ്തുവകകൾ കണ്ടുകെട്ടാനും, അറസ്ററ് നടപടികളുമായി മുന്നോട്ട് പോകാനും ബാങ്കുകൾക്ക് കഴിയും. ഇത്തരത്തിൽ ഭീമമായ വായ്പകളെടുത്ത ശേഷം കുടിശ്ശിക വരുത്തി ഇന്ത്യയിലേക്ക് കടന്ന വലിയ വ്യാപാരസ്ഥാപനങ്ങളുടെയും, കമ്പനി ഉടമകളുടെയും വിവരങ്ങൾ ബാങ്കുകൾ താമസിയാതെ പുറത്തുവിടും എന്നാണ് അറിയുന്നത്. കമ്പനികൾ കൂടാതെ ഇത്തരത്തിൽ തട്ടിപ്പ് നടത്തിയ സ്വകാര്യവക്തികൾക്കെതിരെയും നിയമനടപടികളുമായി മുന്നോട്ടുപോകാനൊരുങ്ങുകയാണ് ബാങ്കുകൾ.