പ്ലാസ്റ്റികിന് ബദല്‍ ഒരുക്കി മലപ്പുറം ജില്ലയിലെ 9 ‘പെണ്‍ കൂട്ടായ്മകള്‍’ പ്ലാസ്റ്റിക് ബദല്‍ ഉല്‍പ്പന്ന പ്രദര്‍ശന- വിപണനമേള തുടങ്ങി

Business

പ്ലാസ്റ്റികിന്റെ അതേ ഈടിലും ഉറപ്പിലും വൈവിധ്യമാര്‍ന്ന ഉല്‍പന്നങ്ങള്‍ നിര്‍മ്മിച്ച് ബദല്‍ ഒരുക്കുകയാണ് ജില്ലയിലെ ഒന്‍പത് പെണ്‍ കൂട്ടായ്മകള്‍. സംസ്ഥാനത്ത് പ്ലാസ്റ്റിക് നിരോധനത്തിന്റെ പശ്ചാത്തലത്തില്‍ ബദല്‍ മാര്‍ഗങ്ങള്‍  പൊതുജനങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നതിനായി മലപ്പുറം ടൗണ്‍ഹാളില്‍ ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്ലാസ്റ്റിക് ബദല്‍ ഉല്‍പ്പന്ന പ്രദര്‍ശന- വിപണന മേളയിലാണ് പെണ്‍കരുത്തില്‍ നിര്‍മ്മിച്ച ഉല്‍പന്നങ്ങള്‍ ശ്രദ്ധേയമാകുന്നത്. ഒന്‍പത് സ്റ്റാളുകളാണ് കുടുംബശ്രീയുടെ സഹകരണത്തോടെ നാലു ദിവസം നീണ്ടു നില്‍ക്കുന്ന പ്രദര്‍ശന മേളയില്‍ ഒരുക്കിയിരിക്കുന്നത്.  

ഒന്‍പത് സ്റ്റാളുകളിലും ബദല്‍ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നതും പരിചയപ്പെടുത്തുന്നതും സ്ത്രീകളാണെന്നതാണ് മേളയെ കൂടുതല്‍ ശ്രദ്ധേയമാക്കുന്നത്. മക്കരപ്പറമ്പ് ഇല യൂനിറ്റ്, പോത്തുകല്‍ ബിസ്മി, എടവണ്ണ ക്ലോത്ത് ബാഗ്, ആതവനാട്  വി.ജെ പേപ്പര്‍ ബാഗ്, വള്ളിക്കുന്ന് ഗ്രെയ്‌സ് ക്ലോത്ത് ബാഗ്, കൂട്ടിലങ്ങാടി സൗപര്‍ണ്ണിക ബാഗ്, പുളിക്കല്‍ നന്ദനം ക്ലോത്ത് ബാഗ്, കോഡൂര്‍ മിന്നാമിന്നി ലൈഫ്, മലപ്പുറം വീ. വിങ് തുടങ്ങിയ ഒന്‍പത് യൂനിറ്റുകളാണ് മേളയില്‍ പ്ലാസിറ്റിക് ബദല്‍ ഉല്‍പന്നങ്ങള്‍ ഒരുക്കിയിട്ടുള്ളത്. പ്ലാസ്റ്റിക് ബദല്‍ ഉല്‍പന്നങ്ങള്‍ പരിചയപ്പെടുത്തുക വഴി സ്ത്രീകള്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്തുക എന്ന ലക്ഷ്യവും മേള മുന്നോട്ടുവെക്കുന്നുണ്ട്.

വിവിധ വലിപ്പത്തിലും നിറത്തിലുമുള്ള പേപ്പര്‍ ക്യാരി ബാഗുകളും തുണി സഞ്ചികളുമാണ്  മേളയിലെ  മുഖ്യാകര്‍ഷണം. എട്ടു രൂപയില്‍ തുടങ്ങി 250 രൂപ വരെയുള്ള വിവിധ ഉത്പന്നങ്ങള്‍ മേളയിലുണ്ട്. ജൂട്ട് ബാഗുകളാണ്  മേളയിലെ കേമന്‍. പൗച്ച്, പേഴ്‌സ്, സ്‌കൂള്‍ ബാഗുകള്‍, സൈഡ്ബാഗുകള്‍, ലഞ്ച് ബോക്‌സ് ബാഗുകള്‍, വളന്റീയര്‍ ടാഗുകള്‍,  പലചരക്ക്, പച്ചക്കറി കടകളിലും ഒരു പോലെ ഉപയോഗിക്കാവുന്ന തരത്തിലുള്ള മള്‍ട്ടിപര്‍പ്പസ് ബാഗുകള്‍, ബോള്‍ ബാഗ് തുടങ്ങി വൈവിധ്യമാര്‍ന്ന നിരവധി ഉത്പന്നങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്. ഓര്‍ഡറുകള്‍ നല്‍കിയാല്‍ കച്ചവടകാര്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും തുണിസഞ്ചികള്‍ യഥേഷ്ടം നിര്‍മ്മിച്ച് നല്‍കും. ഒഴിവാക്കിയ ബെഡ്ഷീറ്റ് നല്‍കിയാല്‍ മേളയില്‍ വച്ച് തന്നെ സഞ്ചികള്‍ സ്റ്റിച്ച് ചെയ്ത് നല്‍കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

മേളയുടെ ആദ്യദിവസമായ ഇന്നലെ(ഫെബ്രുവരി മൂന്ന്) നിരവധി പേരാണ് ബദല്‍ ഉല്‍പ്പന്നങ്ങള്‍ പരിചയപ്പെടാനും വാങ്ങിക്കാനും എത്തിയത്. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളുടെ നിരോധനത്തിന് പിന്നാലെ കച്ചവടക്കാര്‍ക്കും ഉപഭോക്താക്കള്‍ക്കും ബദല്‍ മാര്‍ഗങ്ങള്‍ പരിചയപ്പെടുത്തുകയാണ് മേളയുടെ ലക്ഷ്യം.  ജില്ലാ ഭരണകൂടം, ശുചിത്വമിഷന്‍, ഹരിത കേരളം, കുടുംബശ്രീ, മലപ്പുറം നഗരസഭ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പ്രദര്‍ശനം.